AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025 : മോചനദ്രവ്യം ലക്ഷ്യം, ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ നീക്കം; മുന്നറിയിപ്പ്‌

Pakistan's Intelligence Bureau Warning: താരങ്ങളുടെയും അവര്‍ക്കൊപ്പമുള്ള ജീവനക്കാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. റേഞ്ചർമാരും ലോക്കൽ പൊലീസും ഉൾപ്പെടെയുള്ള സംഘങ്ങളെ പാക് സുരക്ഷാ സേന വിന്യസിച്ചു. പാകിസ്ഥാനിലും, ദുബായിലുമായാണ് ചാമ്പ്യന്‍സ് ട്രോഫി പുരോഗമിക്കുന്നത്. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഹൈബ്രിഡ് മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തുന്നത്

ICC Champions Trophy 2025 : മോചനദ്രവ്യം ലക്ഷ്യം, ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ നീക്കം; മുന്നറിയിപ്പ്‌
ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടനച്ചടങ്ങ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 24 Feb 2025 17:23 PM

പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ നീക്കമിടുന്നതായി മുന്നറിയിപ്പ്. വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ രഹസ്യ ഗ്രൂപ്പുകള്‍ പദ്ധതിയിടുന്നതായി പാകിസ്ഥാൻ ഇന്റലിജൻസ് ബ്യൂറോ രാജ്യത്തെ സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് നൽകി. മോചനദ്രവ്യം ലക്ഷ്യമിട്ടാണ് തട്ടിക്കൊണ്ടുപോകാന്‍ നീക്കമിടുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി), ഐഎസ്‌ഐഎസ്, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിന്‍സ്‌, ബലൂചിസ്ഥാൻ ആസ്ഥാനമായുള്ള മറ്റ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പിന് പിന്നാലെ താരങ്ങളുടെയും അവര്‍ക്കൊപ്പമുള്ള ജീവനക്കാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. റേഞ്ചർമാരും ലോക്കൽ പൊലീസും ഉൾപ്പെടെയുള്ള സംഘങ്ങളെ പാക് സുരക്ഷാ സേന വിന്യസിച്ചിട്ടുണ്ട്. പാകിസ്ഥാനിലും, ദുബായിലുമായാണ് ചാമ്പ്യന്‍സ് ട്രോഫി പുരോഗമിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഹൈബ്രിഡ് മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തുന്നത്. മറ്റ് മത്സരങ്ങളെല്ലാം പാകിസ്ഥാനിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കും.

Read Also : ‘എന്തൊരു കിടിലൻ കളിക്കാരനാണ് വിരാട് കോലി’; കിങിനെ വാനോളം പുകഴ്ത്തി മുഹമ്മദ് റിസ്‌വാൻ

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നതില്‍ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനില്‍ എത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാന്‍ നീക്കമിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നത്.

പാകിസ്ഥാനില്‍ വിദേശികള്‍ ആക്രമണത്തിന് ഇരയായ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഷാങ്‌ലയിൽ ചൈനീസ് എഞ്ചിനീയർമാർക്കെതിരെയുണ്ടായ ആക്രമണമാണ് ഇതില്‍ ഒടുവിലത്തേത്. 2009ല്‍ ലാഹോറില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ആക്രമണമുണ്ടായിരുന്നു. പിന്നീട് ഏറെ നാള്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തിയിരുന്നില്ല.

നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലടക്കം നിരീക്ഷണം നടത്തുന്നുണ്ട്. നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള വീടുകൾ സുരക്ഷിത കേന്ദ്രങ്ങളായി വാടകയ്‌ക്കെടുക്കാന്‍ ഭീകര സംഘങ്ങള്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.