ICC Champions Trophy 2025: കറാച്ചിയില്‍ യങിന്റെയും ലഥാമിന്റെയും കൂട്ടപ്പൊരിച്ചില്‍; ഇരുവര്‍ക്കും സെഞ്ചുറി; പാകിസ്ഥാന്‍ മറികടക്കേണ്ടത് 320 റണ്‍സ്
ICC Champions Trophy New Zealand vs Pakistan: നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 118 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. അടിച്ചുകളിക്കാന്‍ ഉറപ്പിച്ചാണ് ഗ്ലെന്‍ ഫിലിപ്‌സ് എത്തിയത്. സ്‌കോര്‍ബോര്‍ഡില്‍ കഴിയുന്നത്ര റണ്‍സ് ചേര്‍ക്കുകയായിരുന്നു ലഥാമിന്റെയും, ഫിലിപ്‌സിന്റെയും ലക്ഷ്യം

വില്‍ യങ്
ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. വില്‍ യങിന്റെയും, ടോം ലഥാമിന്റെയും സെഞ്ചുറി മികവില്‍ ആദ്യം ബാറ്റു ചെയ്ത കീവിസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടി. യങ് 113 പന്തില്‍ 107 റണ്‍സെടുത്തു. ലഥാം 104 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കീവിസ് സ്‌കോര്‍ ബോര്‍ഡ് 39ല്‍ എത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു. 17 പന്തില്‍ 10 വിക്കറ്റെടുത്ത ഡെവോണ്‍ കോണ്‍വെയെ അബ്രാന്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. തൊട്ടുപിന്നാലെ കെയ്ന്‍ വില്യംസണും വീണു. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത വില്യംസണ്‍ നസീം ഷായുടെ പന്തില്‍ വിക്കറ്റ് കീപ്പറും പാക് ക്യാപ്റ്റനുമായ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി പുറത്തായി. ഡാരില്‍ മിച്ചലും വന്ന പോലെ മടങ്ങിയത് കീവിസിന് ഞെട്ടല്‍ സമ്മാനിച്ചു. 24 പന്തില്‍ 10 റണ്‍സ് മാത്രമാണ് മിച്ചല്‍ നേടിയത്. ഹാരിസ് റൗഫിനായിരുന്നു വിക്കറ്റ്.
ന്യൂസിലന്‍ഡിന് ആശ്വസിക്കാന്‍ വക നല്‍കിയ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടായത് പിന്നീടാണ്. ടോം ലഥവുമായി ചേര്‍ന്ന വില്‍ യങ് ന്യൂസിലന്‍ഡിനായി രക്ഷാപ്രവര്‍ത്തനം നടത്തി. നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 118 റണ്‍സാണ് ഇരുവരും നേടിയത്.



Read Also : പഞ്ചാലിന്റെ പഞ്ചില്‍ വലഞ്ഞ് കേരള ബൗളര്‍മാര്‍; ഗുജറാത്ത് രണ്ടും കല്‍പിച്ച്
ഒടുവില്‍ 113 പന്തില്‍ 107 റണ്‍സെടുത്ത വില്‍ യങിനെ പുറത്താക്കി നസീം ഷാ പാകിസ്ഥാന് ആശ്വാസം സമ്മാനിച്ചു. യങ് പുറത്താകുമ്പോള്‍ 191 റണ്‍സായിരുന്നു കീവീസിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. അടിച്ചുകളിക്കാന്‍ ഉറപ്പിച്ചാണ് ഗ്ലെന്‍ ഫിലിപ്‌സ് ക്രീസിലെത്തിയത്. സ്‌കോര്‍ബോര്‍ഡില്‍ കഴിയുന്നത്ര റണ്‍സ് ചേര്‍ക്കുകയായിരുന്നു പിന്നീട് ലഥാമിന്റെയും, ഫിലിപ്‌സിന്റെയും ലക്ഷ്യം.
ഇതിനിടെ ലഥാം സെഞ്ചുറിയും തികച്ചു. 34 പന്തിലാണ് ഫിലിപ്‌സ് ഹാഫ് സെഞ്ചുറി നേടിയത്. 39 പന്തില്‍ 61 റണ്‍സെടുത്താണ് ഫിലിപ്‌സ് പുറത്തായത്. ആതിഥേയര്‍ക്ക് വേണ്ടി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതവും, അബ്രാര്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.