Rohit Sharma: ക്യാപ്റ്റന്‍ ഫിറ്റ് ! ആശങ്ക വേണ്ട, രോഹിത് ന്യൂസിലന്‍ഡിനെതിരെ കളിച്ചേക്കും
India vs New Zealand: പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിതിന് വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. രോഹിതിന്റെ പരിക്ക് മാറിയതായും താരം കായികക്ഷമത വീണ്ടെടുത്തതായും ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് നാളെ രോഹിതിന് വിശ്രമം അനുവദിക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് സൂചന

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നാളെ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മ കളിച്ചേക്കുമെന്ന് സൂചന. പരിക്കേറ്റ താരം നാളത്തെ മത്സരത്തില്‍ കളിക്കില്ലെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനകം സെമിയിലെത്തിയ ഇരുടീമുകള്‍ക്കും നാളത്തെ മത്സരത്തെ സമ്മര്‍ദ്ദമില്ലാതെ അഭിമുഖീകരിക്കാം. പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിതിന് നാളെ വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രോഹിതിന്റെ പരിക്ക് മാറിയതായും താരം കായികക്ഷമത വീണ്ടെടുത്തതായും ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നാളെ രോഹിതിന് വിശ്രമം അനുവദിക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് സൂചന.
ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായും, എല്ലാ താരങ്ങളും ‘ഫിറ്റാ’ണെന്ന് ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്നും ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു. ടീം ബാലന്‍സ് കൃത്യമാകാന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ബൗളിംഗില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ അവസരം ലഭിക്കാത്ത അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ നാളെ കളിക്കാന്‍ സാധ്യതയുണ്ട്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് നാളത്തെ മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.




ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം
ഗ്രൂപ്പ് എയില്‍ നിന്ന് തോല്‍വിയറിയാതെ സെമിയിലെത്തിയ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും നാളത്തെ മത്സരഫലം അപ്രസക്തമാണ്. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും വിജയിച്ച് ആത്മവിശ്വാസത്തോടെ സെമിയെ അഭിമുഖീകരിക്കാന്‍ ഇരുടീമുകളും ശ്രമിക്കുമെന്നതിനാല്‍ നാളത്തെ മത്സരവും ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും, രണ്ടാമത്തേതില്‍ പാകിസ്ഥാനെയും കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചു. രണ്ടാമത്തേതില്‍ ബംഗ്ലാദേശിനെയും.