India vs New Zealand Final: ഗാംഗുലിയുടെ സെഞ്ചുറിക്ക് ക്രിസ് കെയ്ന്‍സിലൂടെ ന്യൂസിലന്‍ഡിന്റെ പ്രതിവിധി; അന്ന് രണ്ട് പന്ത് അകലെ കൈവിട്ടത് സ്വപ്‌നക്കിരീടം; 25 വര്‍ഷത്തിന് ശേഷം പ്രതികാരം വീട്ടാന്‍ ഇന്ത്യ

ICC Champions Trophy 2025 Final: 25 വര്‍ഷം മുമ്പ് നെയ്‌റോബിയില്‍ നേരിട്ട പ്രഹരത്തിന് ദുബായില്‍ കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. ഗാംഗുലിക്കും സംഘത്തിനും, ഫ്‌ളെമിങും കൂട്ടരും നല്‍കിയ വേദനയ്ക്ക് രോഹിതും ടീമും മധുരപ്രതികാരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം

India vs New Zealand Final: ഗാംഗുലിയുടെ സെഞ്ചുറിക്ക് ക്രിസ് കെയ്ന്‍സിലൂടെ ന്യൂസിലന്‍ഡിന്റെ പ്രതിവിധി; അന്ന് രണ്ട് പന്ത് അകലെ കൈവിട്ടത് സ്വപ്‌നക്കിരീടം; 25 വര്‍ഷത്തിന് ശേഷം പ്രതികാരം വീട്ടാന്‍ ഇന്ത്യ

ഇന്ത്യന്‍ ടീം

Published: 

09 Mar 2025 08:12 AM

ലാശപ്പോരാട്ടത്തില്‍ കിരീടം കൈവിട്ട കഥകള്‍ ഇന്ത്യയ്ക്ക് ഒരുപാട് പറയാനുണ്ട്. 2023ലെയും, 2003ലെയും ഏകദിന ലോകകപ്പുകള്‍ ഉദാഹരണം. എന്നാല്‍ ഇതിനൊപ്പം തന്നെ ഓര്‍മകളുടെ കണക്കുപുസ്തകത്തില്‍ ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ മറക്കാനാകാത്ത മറ്റൊരു ഫൈനല്‍ കൂടിയുണ്ട്. 2000ലെ ഐസിസി നോക്കൗട്ട് (ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ പേര്) ഫൈനല്‍. അന്ന് രണ്ട് പന്ത് അകലെയാണ് ഇന്ത്യ കിരീടം കൈവിട്ടത്. ഇന്ത്യന്‍ പ്രതീക്ഷകളുടെ ചിറകരിഞ്ഞ് അന്ന് ന്യൂസിലന്‍ഡ് കിരീടം ചൂടി.

2000 ഒക്ടോബര്‍ 15. സ്ഥലം കെനിയയിലെ നെയ്‌റോബി. നോക്കൗട്ട് ഫൈനില്‍ ആദ്യം ഇന്ത്യ ബാറ്റ് ചെയ്യുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും, സച്ചിന്‍ തെണ്ടുല്‍ക്കറും ക്രീസില്‍ നങ്കൂരമിട്ടപ്പോള്‍ കീവിസ് ബൗളര്‍മാര്‍ വാടിത്തളര്‍ന്നു. ഒടുവില്‍ നഥാന്‍ ആസിലിന്റെ പന്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് പിഴച്ചു. 83 പന്തില്‍ 69 റണ്‍സെടുത്ത സച്ചിന്‍ ക്രിസ് ഹാരിസിന് ക്യാച്ച് നല്‍കി പുറത്ത്. ഗാംഗുലിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ഭദ്രമാക്കിയായിരുന്നു സച്ചിന്റെ മടക്കം. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു വിക്കറ്റിന് 141 റണ്‍സ്. പിന്നിട്ടത് 26.3 ഓവറുകള്‍.

പിന്നീട് രാഹുല്‍ ദ്രാവിഡുമായി ചേര്‍ന്ന് മറ്റൊരു മികച്ച കൂട്ടുക്കെട്ടിനായി ഗാംഗുലിയുടെ ശ്രമം. ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 200 പിന്നിട്ടപ്പോള്‍ നിര്‍ഭാഗ്യകരമായ റണ്ണൗട്ടിന്റെ രൂപത്തില്‍ ദ്രാവിഡ് പുറത്ത്. 35 പന്തില്‍ 22 റണ്‍സാണ് ദ്രാവിഡ് നേടിയത്. തൊട്ടുപിന്നാലെ മറ്റൊരു റണ്ണൗട്ടിലൂടെ ഗാംഗുലിയും പുറത്തായി. 130 പന്തില്‍ 117 റണ്‍സെടുത്ത് ഇന്ത്യന്‍ ടോപ് സ്‌കോററായി ക്യാപ്റ്റന്റെ മടക്കം. ഗാംഗുലി പുറത്താകുമ്പോള്‍ 42.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 220 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

അതുവരെ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന മത്സരം പതുക്കെ കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. യുവരാജ് സിംഗും, വിനോദ് കാംബ്ലിയും, റോബിന്‍ സിംഗും അടക്കമുള്ള ബാറ്റര്‍മാരെല്ലാം വന്ന പോലെ മടങ്ങി. 50 ഓവറില്‍ ആറു വിക്കറ്റിന് 264 എന്ന നിലയില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

തുടര്‍ന്ന് ന്യൂസിലന്‍ഡിന്റെ ചേസിങ്. ഇന്ത്യ കിരീടത്തിലേക്കെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു തുടക്കത്തില്‍ ബൗളര്‍മാരുടെ പ്രകടനം. ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് ചേര്‍ത്തപ്പോഴേക്കും, എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ക്രെയ്ഗ് സ്പിയര്‍മാനെ വെങ്കടേഷ് പ്രസാദ് മടക്കി. 1.5 ഓവറിലായിരുന്നു കീവിസിന് ആദ്യ വിക്കറ്റ് നഷ്ടമായത്.

തൊട്ടുപിന്നാലെ പ്രസാദ് വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ കീവിസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങായിരുന്നു ഇര. 11 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഫ്‌ളെമിങിനെ പ്രസാദ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. തുടര്‍ന്ന് നഥാന്‍ ആസിലും, റോജര്‍ ട്വോസും ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് കരുതലോടെ മുന്നോട്ട് ചലിപ്പിച്ചു. 48 പന്തില്‍ 37 റണ്‍സെടുത്ത ആസിലിനെ പുറത്താക്കി അനില്‍ കുംബ്ലെയാണ് ആ കൂട്ടുക്കെട്ട് പൊളിച്ചത്. പിന്നീടാണ് ന്യൂസിലന്‍ഡ് കാത്തിരുന്ന നിമിഷം സംജാതമായത്.

Read Also : Virat Kohli: ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ? പരിശീലനത്തിനിടെ കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ക്രീസിലെത്തിയ ക്രിസ് കെയ്ന്‍സ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദനയാകുന്ന കാഴ്ചയ്ക്കാണ് നെയ്‌റോബി സാക്ഷ്യം വഹിച്ചത്. വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും കെയ്ന്‍സിന് ഇളക്കം തട്ടിയില്ല. ആറാം വിക്കറ്റില്‍ ക്രിസ് ഹാരിസുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 122 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കളി മാറ്റിമറിച്ചത്. ഒടുവില്‍ 72 പന്തില്‍ 46 റണ്‍സെടുത്ത ഹാരിസിനെ പ്രസാദ് പുറത്താക്കിയപ്പോഴേക്കും മത്സരം ഇന്ത്യ കൈവിട്ടിരുന്നു. രണ്ട് പന്ത് ബാക്കിനില്‍ക്കെ കീവിസ് കിരീടം ചൂടി. പുറത്താകാതെ 113 പന്തില്‍ 102 റണ്‍സായിരുന്നു കെയ്ന്‍സ് നേടിയത്.

25 വര്‍ഷം മുമ്പ് നെയ്‌റോബിയില്‍ നേരിട്ട പ്രഹരത്തിന് ദുബായില്‍ കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. ഗാംഗുലിക്കും സംഘത്തിനും, ഫ്‌ളെമിങും കൂട്ടരും നല്‍കിയ വേദനയ്ക്ക് രോഹിതും ടീമും മധുരപ്രതികാരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം.

Related Stories
IPL 2025: അടിയെന്ന് പറഞ്ഞാല്‍ അടിയോടടി; ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ അടിച്ചു തൂഫാനാക്കി മുംബൈ ഇന്ത്യന്‍സ്‌
IPL 2025: സാള്‍ട്ട് തുടങ്ങിവച്ചു, കോഹ്ലിയും പടിക്കലും പൂര്‍ത്തിയാക്കി; രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി ആര്‍സിബി
IPL 2025: നിരാശപ്പെടുത്തി സഞ്ജു, തകര്‍ത്തടിച്ച് ജയ്‌സ്വാള്‍, ആര്‍സിബിക്ക് 174 റണ്‍സ് വിജയലക്ഷ്യം
IPL 2025: ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍, കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ; ചെക്കന്‍ ഒരേ പൊളിയെന്ന് മുംബൈ ഇന്ത്യന്‍സ്‌
IPL 2025: ഇതുവരെ തോൽവി അറിയാത്ത ഡൽഹി ക്യാപിറ്റൽസിനെ പൂട്ടാനാവുമോ മുംബൈക്ക്?; ഇന്ന് നിർണായക മത്സരം
IPL 2025: ഇതാണ് അടിമാലി ഫാമിലി; റെക്കോർഡുകൾ പഴങ്കഥയാക്കി അഭിഷേക് ശർമ്മയുടെ സെഞ്ചുറി; റണ്മല കടന്ന് ഹൈദരാബാദ്
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്