5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs Australia Semi Final: ‘ടാര്‍ഗറ്റ്‌ ലിസ്റ്റി’ലെ ഒന്നാമന്‍ ട്രാവിസ് ഹെഡ്; ഇന്ത്യയ്ക്ക് ഇന്ന് കലിപ്പടക്കണം, ഒപ്പം കലാശപ്പോരാട്ടത്തിലുമെത്തണം

Champions Trophy India vs Australia Semi Final: ഐസിസി ടൂര്‍ണമെന്റുകളില്‍ കങ്കാരുക്കളെ നിലംപരിശരാക്കുക എളുപ്പമല്ലെന്ന് നന്നായി അറിയാവുന്നത് ഇന്ത്യന്‍ ടീമിനാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മോഹങ്ങള്‍ തല്ലിക്കെടുത്ത ട്രാവിസ് ഹെഡും, മാര്‍നസ് ലബുഷെയ്‌നും ഇന്നും അതേ പ്രതാപത്തിലും കരുത്തിലും ടീമിലുണ്ട്. ഒപ്പം ഏത് നിമിഷവും അപകടകാരികളാകാവുന്ന ഗ്ലെന്‍ മാക്‌സ്വെലും, ജോസ് ഇംഗ്ലിസും

India vs Australia Semi Final: ‘ടാര്‍ഗറ്റ്‌ ലിസ്റ്റി’ലെ ഒന്നാമന്‍ ട്രാവിസ് ഹെഡ്; ഇന്ത്യയ്ക്ക് ഇന്ന് കലിപ്പടക്കണം, ഒപ്പം കലാശപ്പോരാട്ടത്തിലുമെത്തണം
Indian TeamImage Credit source: PTI
jayadevan-am
Jayadevan AM | Published: 04 Mar 2025 11:52 AM

രുത്തരായ ഓസ്‌ട്രേലിയ അതികരുത്തരാകുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച എത്രയെത്ര ഐസിസി ടൂര്‍ണമെന്റുകള്‍. അതില്‍ തന്നെ ഇന്ത്യയെ കണ്ണീരിലാഴ്ത്തി മടക്കി അയച്ച എത്രയെത്ര മത്സരങ്ങള്‍. ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ പുറത്തെടുത്ത മേധാവിത്തം ചരിത്രത്തിന്റെ താളുകള്‍ മറയ്ക്കുമ്പോള്‍ അതില്‍ പല പേജുകളിലും കാണാം. 2003ലെയും, 2023ലെയുമടക്കം ഏകദിന ലോകകപ്പ് ഫൈനലുകളിലെ ഒളിമങ്ങാത്ത ഓര്‍മകള്‍ ആരാധകരുടെ മനസില്‍ തിരയടിക്കും. ആരാധകരുടെ മാത്രമല്ല താരങ്ങളുടെയും. സ്വപ്‌നങ്ങള്‍ പലകുറി തച്ചുടച്ച ഓസ്‌ട്രേലിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനുള്ള സുവര്‍ണാവസരമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടം.

ജയവും പരാജയവും ഒരു മത്സരത്തിന്റെ ഭാഗകളെന്ന മോട്ടിവേഷണല്‍ വചനങ്ങളെക്കാളും, വിജയം വിജയം എന്ന മന്ത്രമാകും ഒരായിരം വട്ടമെങ്കിലും ആരാധകരുടെയും താരങ്ങളുടെയും മനസില്‍ മുഴങ്ങുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ 2023 നവംബര്‍ 19ന് ഇന്ത്യന്‍ പ്രതീക്ഷകളുടെ ചിറകരിഞ്ഞ ഓസീസ് സംഘത്തിന്റെ അധികം പഴയതല്ലാത്ത ഓര്‍മകള്‍ ഇന്നും ആരാധകരുടെ മനസില്‍ ഒരു നെരിപ്പോടായി അവശേഷിക്കുന്നുണ്ട്. അന്നത്തെ തോല്‍വിക്ക് കണക്ക് തീര്‍ക്കണം. ഒപ്പം കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടുകയും വേണം. രോഹിത് ശര്‍മയ്ക്കും സംഘത്തിനും അത് സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഒരു രാജ്യം മുഴുവന്‍.

ഐസിസി ടൂര്‍ണമെന്റുകളില്‍ കങ്കാരുക്കളെ നിലംപരിശരാക്കുക അത്ര എളുപ്പമല്ലെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ഇന്ത്യന്‍ ടീമിനാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മോഹങ്ങള്‍ തല്ലിക്കെടുത്ത ട്രാവിസ് ഹെഡും, മാര്‍നസ് ലബുഷെയ്‌നും ഇന്നും അതേ പ്രതാപത്തിലും കരുത്തിലും ഓസീസ് ടീമിലുണ്ട്. ഒപ്പം ഏത് നിമിഷവും അപകടകാരികളാകാവുന്ന ഗ്ലെന്‍ മാക്‌സ്വെലും, ജോസ് ഇംഗ്ലിസും അണിചേരുമ്പോള്‍ ഇന്ത്യന്‍ ദൗത്യം അത്ര എളുപ്പമാകില്ല. എന്നാല്‍ ഒട്ടും അസാധ്യവുമല്ല.

Read Also : Champions Trophy 2025: രക്ഷകനായി ശ്രേയാസ് അയ്യർ; ഫിനിഷിംഗിൽ പൊളിച്ചടുക്കി ഹാർദിക്; ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

ശുഭ്മന്‍ ഗില്ലിന്റെയും, ശ്രേയസ് അയ്യരുടെയും, ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും, അക്‌സര്‍ പട്ടേലിന്റെയും ഫോമിലാണ് പ്രതീക്ഷ. ഒപ്പം അപ്രതീക്ഷിതമായി ടീമിലെത്തിയ വരുണ്‍ ചക്രവര്‍ത്തി എന്ന വജ്രായുധവും. ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിപ്പിച്ച്‌ ‘മോഹിപ്പിച്ച് കടന്നുകളഞ്ഞ’ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വീണ്ടും താളം കണ്ടെത്തിയാല്‍ കളി ഇന്ത്യയുടെ വരുതിയിലാകും. ഒപ്പം ആദ്യ മത്സരത്തിലെ പോലെ മുഹമ്മദ് ഷമി വീണ്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും വേണം. അപരാജിതരായി സെമിയിലെത്തിയ ഇന്ത്യയ്ക്ക് ആ ജൈത്രയാത്ര തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മത്സരം എവിടെ കാണാം?

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക് 2.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോഹോട്ട്‌സ്റ്റാറിലും മത്സരം കാണാം. ഇരുടീമുകളിലും കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ട. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.