Jay Shah:ഐസിസി തലപ്പത്തേക്ക് ജയ് ഷാ, തിരഞ്ഞെടുക്കപ്പെട്ടാല്‍ കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍
ICC Chairman Election: ഓഗസ്റ്റ് 27-നാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒന്നില്‍ കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ തിരഞ്ഞെടുപ്പിലൂടെയാകും പുതിയ ഐസിസി ചെയര്‍മാനെ കണ്ടെത്തുക.
ന്യൂഡല്‍ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഐസിസി ചെയര്‍മാന്‍ ഗ്രെക് ബാര്‍ക്ലേ മൂന്നാമൂഴത്തിനില്ലെന്ന് അറിയിച്ചതോടെയാണ് ജയ് ഷാ ചെയര്‍മാനാകുമെന്ന അഭ്യൂഹം ശക്തമായത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ് ഉള്‍പ്പെടെയുള്ള ഐസിസി ഡയറക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മൂന്നാം തവണ മത്സരിക്കാനില്ലെന്ന കാര്യം ബാര്‍ക്ലേ വ്യക്തമാക്കിയത്. നവംബര്‍ 30നാണ് ബാര്‍ക്ലേയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. 2020 നവംബറിലാണ് ബാര്‍ക്ലേ ആദ്യമായി ഐസിസി ചെയര്‍മാനാകുന്നത്.
ഓഗസ്റ്റ് 27-നാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒന്നില്‍ കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ തിരഞ്ഞെടുപ്പിലൂടെയാകും പുതിയ ഐസിസി ചെയര്‍മാനെ കണ്ടെത്തുക. ഐസിസിയുടെ ഡയറക്ടര്‍മാരായിരിക്കും പുതിയ ചെയര്‍മാനാകേണ്ട ആളിന്റെ പേരുകള്‍ നിര്‍ദേശിക്കുക. ഡിസംബര്‍ 1-നാണ് പുതിയ ചെയര്‍മാന്‍ ചുമതലയേല്‍ക്കുക. 16-ല്‍ 9 വോട്ടുകള്‍ നേടുന്ന വ്യക്തിക്ക് ഐസിസി തലപ്പത്തെത്താം.
ഐസിസി ഡയറക്ടര്‍ ബോര്‍ഡില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ജയ് ഷാ. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ മുതലായ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. നിലവില്‍ ഐസിസിയുടെ ഫിനാന്‍സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് സബ് കമ്മിറ്റി തലവനാണ് ജയ് ഷാ. ബിസിസിഐയില്‍ നാല് വര്‍ഷത്തെ കരാറാണ് ജയ് ഷാക്ക് ബാക്കിയുള്ളത്. തിരഞ്ഞെടുത്താല്‍ ഐസിസിയുടെ ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും അദ്ദേഹം.
ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 200 വരെ), ശരദ് പവാര്‍ (2010-2012), എന്നിവരാണ് ഐസിസിയുടെ ചെയര്‍മാന്‍ പദവിയിലെത്തിയ ഇന്ത്യക്കാര്‍.