ആ വേർതിരിവ് ഇനി വേണ്ട; പുരുഷ, വനിത ലോകകപ്പുകളുടെ സമ്മാനത്തുക തുല്യമാക്കി ഐസിസി | ICC Announced Equal Prize Money For Men And Women In T20 World Cup After Hiking 225 Percent From Last Edition Malayalam news - Malayalam Tv9

ICC : ആ വേർതിരിവ് ഇനി വേണ്ട; പുരുഷ, വനിത ലോകകപ്പുകളുടെ സമ്മാനത്തുക തുല്യമാക്കി ഐസിസി

ICC Women's T20 World Cup 2024 Prize Money : 2023 ലോകകപ്പിനെക്കാളും 225 ശതമാനമാണ് ആകെ സമ്മാനത്തുകയിൽ ഐസിസി ഉയർത്തിയിരിക്കുകയാണ്. ഇതോടെ ലോകകപ്പ് ഇവൻ്റുകളിൽ പുരുഷന്മാർക്കും വനിതകൾക്കും തുല്യമായ സമ്മാനത്തുക ഏർപ്പെടുത്തുന്ന ആദ്യ കായിക ഇനിമായി ക്രിക്കറ്റ് മാറി.

ICC : ആ വേർതിരിവ് ഇനി വേണ്ട; പുരുഷ, വനിത ലോകകപ്പുകളുടെ സമ്മാനത്തുക തുല്യമാക്കി ഐസിസി

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം (Image Courtesy : BCCI)

Updated On: 

17 Sep 2024 19:01 PM

ദുബായ് : ടി20 ലോകകപ്പ് സമ്മാനത്തുകയിൽ തുല്യത വരുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). യുഎഇയിൽ അടുത്ത മാസം ഒക്ടോബറിൽ നടക്കാനിരിക്കുന്ന വനിതകളുടെ ടി20 ലോകകപ്പ് (ICC Women’s T20 World Cup 2024) മുതലാണ് പുരുഷന്മാർക്കും വനിതകൾക്കും തുല്യമായ സമ്മാനത്തുക നൽകി തുടങ്ങുന്നത്. കഴിഞ്ഞ വർഷം 2023 വനിതകളുടെ ലോകകപ്പിന് നൽകിയ ആകെ സമ്മാനത്തുകയിൽ നിന്നും 225 ശതമാനം ഉയർത്തിയാണ് ഐസിസി ചരിത്ര തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ പുരുഷ ടീമുകൾക്കും താരങ്ങൾക്കും ലഭിക്കുന്ന അതേ സമ്മാനത്തുക വനിത ടീമുകൾക്കും താരങ്ങൾക്കും നൽകുന്ന ആദ്യ കായിക ഇനിമായി ക്രിക്കറ്റ് മാറുകയാണ്.

കഴിഞ്ഞ വർഷത്തെ സമ്മാനത്തുകയുടെ ഇരട്ടിയിൽ അധികമാണ് വിജയകൾക്ക് ഇത്തവണ ലഭിക്കുക. 134 ശതമാനമാണ് സമ്മാനത്തുകയിൽ വർധനവ് വരുത്തിയിരിക്കുന്നത്. 2.34 മില്യൺ യുഎസ് ഡോളാറാണ് വിജയികളാകുന്ന ടീമിന് ഇത്തവണ ലഭിക്കുക. ഇന്ത്യയിൽ 19.5 കോടി രൂപ ലഭിക്കും. കഴിഞ്ഞ തവണ നൽകിയത് എട്ട് കോടി രൂപയായിരുന്നു. റണ്ണേഴ്സപ്പിന് ലഭിക്കുന്ന സമ്മാനത്തുകയും ഇരട്ടിയിൽ അധികമാണ് വർധിപ്പിച്ചിരിക്കുന്നത്. 134 ശതമാനമാണ് രണ്ടാമത്തെ ഫൈനലിസ്റ്റിനുള്ള സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്ന വർധന. 1.17 മില്യൺ ഡോളറാണ് ഇത്തവണ രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക. ഇന്ത്യയിൽ 14 കോടി രൂപ ലഭിക്കും.

ALSO READ : Kerala Cricket League : രോഹനും അനന്ദ് കൃഷ്ണനും സെഞ്ചുറി; പ്ലേ ഓഫുറപ്പിച്ച് ഗ്ലോബ്സ്റ്റാഴ്സും റോയൽസും

2023നെ അപേക്ഷിച്ച് ഏറ്റവും വലിയ വർധനയുണ്ടായിരിക്കുന്നത് സെമി ഫൈനൽ വരെ എത്തുന്ന ടീമുകൾക്ക് നൽകുന്ന സമ്മാനത്തുകയിലാണ്. 221 ശതമാനമാണ് ഐസിസി സെമി ഫൈനലിസ്റ്റ് ടീമുകൾക്ക് നൽകുന്ന സമ്മാനത്തുകയിൽ വർധനവ് വരുത്തിയിരിക്കുന്നത്. 6.75 മില്യൺ ഡോളാറാണ് ഇത്തവണ ലഭിക്കുന്ന സമ്മാനത്തുക. ഇന്ത്യയിൽ ഇത് 5.5 കോടി രൂപ വരും. ഗ്രൂപ്പ് ഘട്ടത്തിലെ ഒരോ ജയത്തിനും ടീമുകൾക്ക് ഇത്തവണ ലഭിക്കുക 31,154 യു.എസ് ഡോളറാണ്. ഇന്ത്യയിൽ ഇത് 26.09 ലക്ഷം രൂപയാണ്. കഴിഞ്ഞ തവണത്തെക്കാൾ 78 ശതമാനം ഈ സമ്മാനത്തുകയിൽ ഐസിസി വർധനവ് വരുത്തിയിരിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് അടിസ്ഥാന തുകയായ 112,500 യു.എസ് ഡോളർ ലഭിക്കുന്നത്. അതായത് 95 ലക്ഷം രൂപ.

ഒക്ടോബർ മൂന്നാം തീയതിയാണ് വനിത ടി20 ലോകകപ്പിന് തുടക്കമാകുക. ഷാർജയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ട്ലാൻഡിനെ നേരിടും. ഒക്ടോബർ നാലാം തീയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ 15-ാം തീയതിയോടെ പൂർത്തിയാകും. തുടർന്ന് 17, 18 തീയതികളിൽ സെമി ഫൈനലും 20-ാം തീയതി ഫൈനലും സംഘടിപ്പിക്കും. ദുബായിൽ വെച്ചാണ് ഫൈനൽ നടക്കുക. 2023 ലോകകപ്പിൽ ഓസ്ട്രേലിയയാണ് കിരീടം ഉയർത്തിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടം. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ഓസീസ് ടീം ഫൈനലിലേക്ക് പ്രവേശിച്ചത്.

ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ രണ്ട് മലയാളി താരങ്ങൾ ഇടം നേടി. ആശ ശോഭനയും സജന സജീവനുമാണ് ഇന്ത്യൻ സ്ക്വാഡിൽ ഇടം നേടിട്ടുള്ളത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിത ടീം – ഹർമപ്രീത് കൗർ, സ്മൃതി മന്ദന, ഷെഫാലി വർമ്മ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കർ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ദയാലൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രെയങ്ക പാട്ടിൽ, സജന സജീവൻ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയവർ. ഉതാ ഛേത്രി, തനുജ കൻവെർ, സെയ്മ താക്കോർ റിസർവ് താരങ്ങളായി ഇന്ത്യൻ സംഘത്തിനൊപ്പമുണ്ടാകും. ഗ്രൂപ്പ് എയിൽ ന്യൂസിലാൻഡിന് പുറമെ പാകിസ്താൻ, ശ്രീലങ്കയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ

കുടിക്കുവാണേൽ പുതിന ചായ കുടിക്കണം... ഗുണങ്ങൾ ഇങ്ങനെ
വര്‍ക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ
ഇവയൊന്നും കുട്ടികൾക്ക് കൊടുക്കരുത്... അസുഖങ്ങൾ കൂടെ പോരും
സാരിയുടുത്താൽ ക്യാൻസർ വരുമോ?