I League: അവസാന മത്സരവും കഴിഞ്ഞു; പക്ഷേ, ജേതാക്കൾ ആരെന്നറിയില്ല: ഐലീഗിലെ അസാധാരണ പ്രതിസന്ധി
Who Will Be The I League Champion: ഐലീഗ് സീസൺ അവസാനിച്ചെങ്കിലും ചാമ്പ്യൻ ആരാവുമെന്നറിയാൻ ഈ മാസം 26 വരെ കാത്തിരിക്കണം. ചർച്ചിൽ ബ്രദേഴ്സാണ് നിലവിൽ ഒന്നാമതെങ്കിലും ഇൻ്റർ കാശി ചാമ്പ്യൻഷിപ്പ് നേടാനും സാധ്യതയുണ്ട്.

സീസൺ അവസാനിച്ചെങ്കിലും ഐലീഗ് ജേതാക്കൾ ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം. ചർച്ചിൽ ബ്രദേഴ്സോ ഇൻ്റർ കാശിയോ ആവും ജേതാക്കൾ. എന്നാൽ, ഇത് ആരാണെന്ന് അറിയണമെങ്കിൽ ഏപ്രിൽ 26 ആവണം. നിലവിൽ 40 പോയിൻ്റുമായി ചർച്ചിൽ ബ്രദേഴ്സാണ് പട്ടികയിൽ ഒന്നാമതെങ്കിലും 39 പോയിൻ്റുള്ള ഇൻ്റർ കാശിയ്ക്കും ഒന്നാമതെത്താം.
നിലവിൽ 11 ജയവും ഏഴ് സമനിലയും സഹിതം 40 പോയിൻ്റുള്ള ചർച്ചിൽ ബ്രദേഴ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. തൊട്ടുപിന്നിൽ 11 ജയവും ആറ് സമനിലയും സഹിതം 39 പോയിൻ്റുമായി ഇൻ്റർ കാശി ഉണ്ട്. അവസാന മാച്ച് ദിവസമായ ഏപ്രിൽ ആറിന് രാജസ്ഥാൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്പിച്ച ഇൻ്റർ കാശിയും റിയൽ കശ്മീരിനെതിരെ 1-1ന് സമനില പിടിച്ച ചർച്ചിലും ഒരുപോലെ ‘കിരീടനേട്ടം’ ആഘോഷിച്ചു. എന്നാൽ, ഇവരിൽ ഒരാളേ ചാമ്പ്യന്മാരാവൂ. അത് പ്രഖ്യാപിക്കുക ഈ മാസം 26നും.
ഇക്കൊല്ലം ജനുവരി 13ന് നാംധാരിക്കെതിരായ ഇൻ്റർ കാശിയുടെ മത്സരമാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. മത്സരത്തിൽ ഇൻ്റർ കാശി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. എന്നാൽ, മത്സരത്തിൽ നാംധാരിയ്ക്കായി കളിച്ച ക്ലെഡ്സൺ കർവാലോ ഡി സിൽവ സസ്പഷനിലുള്ള താരമാണെന്ന് ഇൻ്റർ കാശി വാദിച്ചു. അതിന് മുൻപുള്ള ഏഴ് മത്സരങ്ങളിൽ നിന്ന് നാല് മഞ്ഞ കാർഡുകൾ ലഭിച്ച താരം ഈ കളി കളിക്കാൻ യോഗ്യനല്ലെന്നായിരുന്നു വാദം. വാദം അംഗീകരിച്ച എഐഎഫ്എഫ് അച്ചടക്ക സമിതി 0-2 പരാജയം മാറ്റി 3-0ൻ്റെ ജയവും മൂന്ന് പോയിൻ്റും ഇൻ്റർ കാശിയ്ക്ക് നൽകി. എന്നാൽ, മാർച്ച് 28ന് നാംധാരി ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. അച്ചടക്ക സമിതിയുടെ തീരുമാനം അപ്പീൽ കമ്മറ്റി റദ്ദാക്കി. ഇതോടെ മത്സരഫലം പഴയതുപോലെയായി. ഇതുകൊണ്ടും തീർന്നില്ല. ഇൻ്റർ കാശി ഈ തീരുമാനത്തിനെതിരെ വീണ്ടും അപ്പീൽ നൽകി. ഇതിൻ്റെ വിധിയാണ് 26ന് വരാനുള്ളത്.
തീരുമാനം എന്തായാലും ഐലീഗ് ജേതാക്കൾ അടുത്ത സീസൺ മുതൽ ഐഎസ്എൽ കളിക്കും. മുൻപ് മോഹൻ ബഗാനെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള അൻ്റോണിയോ ലോപ്പസ് ഹെബാസാണ് ഇൻ്റർ കാശിയുടെ പരിശീലകൻ. ഉത്തർ പ്രദേശിലെ വാരണാസി ആസ്ഥാനമാക്കി സ്ഥാപിച്ച ഇൻ്റർ കാശിയുടെ രണ്ടാമത്തെ മാത്രം ഐലീഗ് സീസൺ ആണിത്. സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന് ഇൻ്റർ കാശിയുമായി സഹകരണമുണ്ട്.