ICC: അഫ്ഗാനിസ്ഥാനെ അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് മനുഷ്യാവകാശ സംഘടന; ഐസിസിയ്ക്ക് സമ്മർദ്ദമേറുന്നു
ICC Suspend Afghanistan Asks HRW: അഫ്ഗാനിസ്ഥാൻ്റെ ഐസിസി അംഗത്വം റദ്ദാക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും അതിനാൽ അഫ്ഗാനെ വിലക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനെ ഐസിസി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് മനുഷ്യാവകാശ സംഘടന. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും അതിനാൽ അഫ്ഗാൻ ടീമിനെതിരെ നടപടിയെടുക്കണമെന്നുമാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ ആവശ്യം. ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പഠിച്ച് ഉപദേശം നൽകുന്ന രാജ്യാന്തര സംഘടനയാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു).
‘താലിബാൻ്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനെ ഐസിസി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുന്നു. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിലും കായികമത്സരങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടാവുന്നത് വരെ അവരെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കണം. ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശങ്ങളനുസരിച്ചുള്ള മനുഷ്യാവകാശ നയം ഏർപ്പെടുത്തണമെന്നും ബിസിസിഐയോട് ആവശ്യപ്പെടുന്നു.’- ഐസിസി പ്രസിഡൻ്റ് ജയ് ഷായ്ക്ക് അയച്ച കത്തിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.
ഈ മാസം എട്ടിനാണ് ഐസിസിയ്ക്ക് കത്ത് ലഭിച്ചത്. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ സ്ത്രീകളുടെ അവകാശങ്ങൾ തടയുന്ന താലിബാൻ്റെ നിലപാട് ഒളിമ്പിക്സ് നിയമങ്ങൾക്ക് വിരുദ്ധമാണ് എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡയറക്ടർ മിങ്കി വോർഡൻ പറഞ്ഞു.
2020 നവംബറിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വനിതാ ടീമിനുള്ള ട്രയൽസ് നടത്തി 25 താരങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഒമാൻ പര്യടനമായിരുന്നു വനിതാ ടീമിൻ്റെ ആദ്യ ടൂർണമെൻ്റായി തീരുമാനിച്ചിരുന്നത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഇത് നടന്നില്ല. 9 മാസങ്ങൾക്കു ശേഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തി. പിന്നാലെ കായികവിനോദങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് താലിബാൻ വനിതകളെ വിലക്കുകയും ചെയ്തു. തുടർന്ന് അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീമിലും ക്രിക്കറ്റ് ടീമിലും അംഗമായിരുന്ന പല താരങ്ങളും വിദേശത്തേക്ക് താമസം മാറി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയ ഇവരിൽ പലരും ഇപ്പോൾ ലോക്കൽ ക്ലബുകളിലാണ് കളിക്കുന്നത്.
വനിതാ ടീം ഇല്ലാത്ത രാജ്യങ്ങൾക്ക് ഐസിസി മുഴുവൻ അംഗത്വം നൽകില്ലെന്ന നിലപാടാണ് ഐസിസിയുടേത്. എന്നാൽ, താലിബാൻ വനിതാ ക്രിക്കറ്റ് ടീമിനെ ടീമിനെ പിരിച്ചുവിട്ടപ്പോഴും അഫ്ഗാനിസ്താൻ പുരുഷ ടീമിൻ്റെ അംഗത്വം റദ്ദാക്കാൻ ഐസിസി തയ്യാറായില്ല. താലിഭാൻ ഭരണം ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ ഉഭയകക്ഷി പരമ്പര കളിക്കാറില്ല. ഐസിസി ഇവൻ്റുകളിൽ മാത്രമാണ് അഫ്ഗാനും ഓസ്ട്രേലിയയും തമ്മിൽ കളിക്കാറുള്ളത്.