ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം

Understanding the Cricket ranking system : ഓരോ ഫോര്‍മാറ്റുകള്‍ക്കും റാങ്കിംഗ് ഘടകങ്ങളും വ്യത്യസ്തമാണ്‌. ടീമുകളുടെ റാങ്കിംഗ് നിര്‍ണയത്തിന് ഡേവിഡ് കെന്‍ഡിക്‌സ് വികസിപ്പിച്ചെടുത്ത റേറ്റിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ആകെ നേടുന്ന റണ്‍സാണ് ഒരു ബാറ്ററുടെ റാങ്കിംഗിലെ പ്രധാന ഘടകം. എന്നാല്‍ അതുകൊണ്ട് മാത്രം തീര്‍ന്നില്ല. ബാറ്റര്‍ ഒരു ഇന്നിംഗ്‌സില്‍ നോട്ടൗട്ട് ആണെങ്കില്‍ ബോണസ് പോയിന്റുകളുണ്ട്. എതിര്‍ടീമിന്റെ ബൗളിംഗ് ക്വാളിറ്റിയും പരിഗണിക്കും

ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം

Icc Ranking

Updated On: 

19 Jan 2025 17:50 PM

ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതമായ വാക്കാണ് ഐസിസി റാങ്കിംഗ്. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ ഫോര്‍മാറ്റുകളില്‍ മുന്‍നിരയിലുള്ള ടീമുകള്‍, ബാറ്റര്‍മാര്‍, ബൗളര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍ എന്നിരെ റാങ്കിംഗിലൂടെ നിശ്ചയിക്കുന്നു. ഇടയ്ക്കിടെ ഐസിസി റാങ്കിംഗിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടെങ്കിലും ഇത് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ഐസിസി റാങ്കിംഗ് കണക്കുകൂട്ടുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. അന്താരാഷ്ട്ര ടീമുകളുടെയും താരങ്ങളുടെയും പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) റാങ്കിംഗ് പുറപ്പെടുവിക്കുന്നത്. റാങ്കിംഗുകള്‍ കണക്കാക്കാന്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റമാണ് ഉപയോഗിക്കുന്നത്. റണ്‍സ്, എതിര്‍ ടീമിന്റെ ‘ക്വാളിറ്റി’ മത്സരനിലവാരം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് റാങ്കിംഗ് നിര്‍ണയിക്കുന്നത്.

സമീപകാല പ്രകടനങ്ങളാണ് റാങ്ക് നിര്‍ണയത്തില്‍ പ്രധാനം. പോയിന്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റം ഉപയോഗിച്ചാണ് റാങ്ക് നിര്‍ണയിക്കുന്നത്. 0 മുതല്‍ 1000 വരെയുള്ള പോയിന്റ് സ്‌കെയിലില്‍ താരങ്ങളെ റേറ്റ് ചെയ്യും. അതായത് മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തിന്റെ പോയിന്റുകള്‍ വര്‍ധിക്കും. പ്രകടനം മോശമെങ്കില്‍ പോയിന്റുകളും കുറയും. ഒരോ മത്സരത്തിലെയും ഓരോ താരത്തിന്റെയും പ്രകടനത്തിന്റെ പോയിന്റ് ഒരു അല്‍ഗോരിതം ഉപയോഗിച്ചാണ് കണക്കാക്കുന്നതെന്ന് ഐസിസി പറയുന്നു. മത്സരത്തിന്റെ വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരം കണക്കുകൂട്ടലുകള്‍. റാങ്കിംഗ് കണക്കുകൂട്ടലില്‍ മനുഷ്യ ഇടപെടലില്ലെന്നാണ് ഐസിസിയുടെ വിശദീകരണം.

ഓരോ ഫോര്‍മാറ്റുകള്‍ക്കും വ്യത്യസ്തം

എന്നാല്‍ ഓരോ ഫോര്‍മാറ്റുകള്‍ക്കും റാങ്കിംഗ് ഘടകങ്ങളും വ്യത്യസ്തമാണെന്നതാണ് ശ്രദ്ധേയം. ടീമുകളുടെ റാങ്കിംഗ് നിര്‍ണയത്തിന് ഡേവിഡ് കെന്‍ഡിക്‌സ് വികസിപ്പിച്ചെടുത്ത റേറ്റിംഗ് രീതിയാണ് ഐസിസി ഉപയോഗിക്കുന്നത്. മത്സരങ്ങളില്‍ ആകെ നേടുന്ന റണ്‍സാണ് ഒരു ബാറ്ററുടെ റാങ്കിംഗിലെ പ്രധാന ഘടകം. എന്നാല്‍ അതുകൊണ്ട് മാത്രം തീര്‍ന്നില്ല. ബാറ്റര്‍ ഒരു ഇന്നിംഗ്‌സില്‍ നോട്ടൗട്ട് ആണെങ്കില്‍ അതിന് ബോണസ് പോയിന്റുകളുണ്ട്. എതിര്‍ടീമിന്റെ ബൗളിംഗ് ക്വാളിറ്റിയും ഇവിടെ പരിഗണിക്കും. മികച്ച ബൗളിംഗ് അറ്റാക്കിനെ നേരിട്ടാണ് ബാറ്റര്‍ കൂടുതല്‍ റണ്‍ നേടുന്നതെങ്കില്‍ അതിന് മൂല്യം കൂടുതലായിരിക്കുമെന്ന് ചുരുക്കം.

മത്സര സന്ദര്‍ഭവും റാങ്കിംഗില്‍ നിര്‍ണായകമാണ്. നിര്‍ണായക നിമിഷങ്ങളില്‍ അല്ലെങ്കില്‍ ടീം സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ നേടുന്ന റണ്ണുകള്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിക്കും. ഒരു ഉദാഹരണം നോക്കാം. എല്ലാ ടീമുകളും 500 റണ്‍സ് നേടിയ ഒരു മത്സരത്തില്‍ ഒരു താരം സെഞ്ചുറി നേടിയതായി സങ്കല്‍പിക്കുക. എന്നാല്‍ ടീമുകള്‍ വെറും 200 റണ്‍സിന് പുറത്തായ ഒരു മത്സരത്തില്‍ മറ്റൊരു താരം സെഞ്ചുറി നേടിയതായും സങ്കല്‍പിക്കുക. എങ്കില്‍ രണ്ടാമത്തെ സാഹചര്യത്തില്‍ സെഞ്ചുറി നേടിയ താരത്തിനാകും, ആദ്യ പശ്ചാത്തലത്തില്‍ 100 നേടിയ താരത്തെക്കാള്‍ കൂടുതല്‍ ക്രെഡിറ്റ് ലഭിക്കുന്നത്. കാരണം സ്‌കോറിംഗ് കണ്ടീഷനുകളും പ്രധാനമാണെന്ന് വ്യക്തം.

ഒരു ബാറ്റര്‍ കൂടുതല്‍ റണ്‍സ് നേടുകയും, ആ താരത്തിന്റെ ടീം വിജയിക്കുകയും ചെയ്യുകയാണെങ്കിലും ടോപ് സ്‌കോറര്‍ക്ക് കൂടുതല്‍ ബോണസ് പോയിന്റുകള്‍ ലഭിക്കും. വിജയം കരുത്തരായ എതിരാളികള്‍ക്കെതിരെയാണെങ്കില്‍ അതും റാങ്കിംഗില്‍ പ്രയോജനപ്പെടും.

എത്ര വിക്കറ്റുകള്‍ വീഴ്ത്തുന്നു എന്നതാണ് ഒരു ബൗളറുടെ റാങ്കിംഗ് നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം. അതുപോലെ ബൗളര്‍ വഴങ്ങുന്ന റണ്‍സും പ്രധാനമാണ്. കുറച്ച് റണ്‍സ് മാത്രമാണ് വഴങ്ങുന്നതെങ്കില്‍ അത് ഉയര്‍ന്ന റേറ്റിംഗിലേക്ക് നയിക്കും. ഉയര്‍ന്ന റാങ്കിംഗിലുള്ള ബാറ്ററെയാണ് പുറത്താക്കുന്നതില്‍ അതും കൂടുതല്‍ ക്രെഡിറ്റ് നേടാന്‍ സഹായിക്കും. മത്സര സന്ദര്‍ഭവും, സാഹചര്യവും മറ്റൊരു ഘടകമാണ്. സമീപകാല പ്രകടനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിന് വേറിട്ട മാര്‍ഗമാണ് ഐസിസി അവലംബിക്കുന്നത്. താരത്തിന്റെ ബാറ്റിംഗ്, ബൗളിംഗ് പോയിന്റുകള്‍ ഗുണിച്ച് അവയെ 1000 കൊണ്ട് ഹരിച്ചാണ് ഈ രീതി. അതായത് 600 ബാറ്റിംഗ് പോയിന്റും, 200 ബൗളിംഗ് പോയിന്റുമുള്ള താരത്തിന് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ 120 പോയിന്റ് ലഭിക്കും. 300-ന് അടുത്തുള്ള പോയിന്റുള്ള ഓള്‍റൗണ്ടര്‍മാര്‍ ആദ്യ പത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിക്കറ്റ് കീപ്പര്‍മാര്‍ക്ക് റാങ്കില്ല

വിക്കറ്റ് കീപ്പര്‍മാരുടെ റാങ്കിംഗിന് മികച്ച ഒരു മാര്‍ഗം കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് ഐസിസി പറയുന്നു. ക്യാച്ചുകള്‍, സ്റ്റപിങുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കീപ്പറെ റേറ്റ് ചെയ്യാനാകില്ലെന്നാണ് ഐസിസിയുടെ നിലപാട്. കാരണം ബൗളര്‍മാര്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചാണ് ക്യാച്ചുകളും, സ്റ്റപിങുകളും സംഭവിക്കുന്നത്. മികച്ച ഒരു മാര്‍ഗം കണ്ടെത്താനാകാത്തതിനാല്‍ വിക്കറ്റ് കീപ്പറുമാരുടെ റാങ്കിംഗ് ഐസിസി ഇതുവരെ നിര്‍ണയിച്ചിട്ടില്ല.

എല്ലാ ആഴ്ചയും ഐസിസി റാങ്കിംഗ് അപ്‌ഡേറ്റ് ചെയ്യും. വനിതാ താരങ്ങളുടേത് ചൊവ്വാഴ്ചയും, പുരുഷന്മാരുടേത് ബുധനാഴ്ചയുമാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. അപ്‌ഡേറ്റ് ചെയ്യുന്ന ദിവസത്തിന് തൊട്ടുമുമ്പ് നടന്ന മത്സരങ്ങള്‍ വരെ അതത് റാങ്കിംഗുകളില്‍ പരിഗണിക്കും. ഒരു പുതിയ താരത്തിന്റെ റാങ്കിംഗ് പൂജ്യം റേറ്റിംഗിലാകും ആരംഭിക്കുന്നത്.

Read Also : പണത്തിന് മീതെ പറക്കാത്ത ഐസിസി; ബിസിസിഐയുടെ വാശികൾ എപ്പോഴും വിജയിക്കാൻ കാരണം ഇത്

വിരമിക്കുന്ന താരത്തെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. 500 മുതലുള്ള പോയിന്റുകള്‍ മികച്ചതായി കണക്കാക്കുന്നു. 750-ലധികം പോയിന്റുള്ള താരം ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതേയെറെയാണ്. 900-ല്‍ അധികം പോയിന്റുകള്‍ നേടുന്ന താരങ്ങളുമുണ്ട്. കുറച്ച് താരങ്ങള്‍ മാത്രമാകും ഈ ഘട്ടം പിന്നിടുന്നത്. ഇവര്‍ റാങ്കിംഗില്‍ മുന്‍നിരയിലുണ്ടാകും. ഓരോ ഫോര്‍മാറ്റിലും നിലവില്‍ ആദ്യ അഞ്ചിലുള്ള ടീമുകള്‍ താരങ്ങള്‍ ചുവടെ.

മെന്‍സ് ടീം-ടെസ്റ്റ്

  1. ഓസ്‌ട്രേലിയ-126
  2. സൗത്ത് ആഫ്രിക്ക-114
  3. ഇന്ത്യ-109
  4. ഇംഗ്ലണ്ട്-105
  5. ന്യൂസിലന്‍ഡ്-97

മെന്‍സ് ടീം-ഏകദിനം

  1. ഇന്ത്യ-118
  2. ഓസ്‌ട്രേലിയ-113
  3. പാകിസ്ഥാന്‍-111
  4. സൗത്ത് ആഫ്രിക്ക-102
  5. ന്യൂസിലന്‍ഡ്-100

മെന്‍സ് ടീം-ടി20

  1. ഇന്ത്യ-268
  2. ഓസ്‌ട്രേലിയ-259
  3. ഇംഗ്ലണ്ട്-255
  4. വെസ്റ്റ് ഇന്‍ഡീസ്-247
  5. ന്യൂസിലന്‍ഡ്-247

ടെസ്റ്റ്-ബാറ്റര്‍മാര്‍

  1. ജോ റൂട്ട്-895
  2. ഹാരി ബ്രൂക്ക്-876
  3. കെയ്ന്‍ വില്യംസണ്‍-867
  4. യശ്വസി ജയ്‌സ്വാള്‍-847
  5. ട്രാവിസ് ഹെഡ്-772

ഏകദിനം-ബാറ്റര്‍മാര്‍

  1. ബാബര്‍ അസം-795
  2. രോഹിത് ശര്‍മ-765
  3. ശുഭ്മന്‍ ഗില്‍-763
  4. വിരാട് കോഹ്ലി-746
  5. ഹെയിന്റിച്ച് ക്ലാസണ്‍-743

ടി20-ബാറ്റര്‍മാര്‍

  1. ട്രാവിസ് ഹെഡ്-855
  2. ഫില്‍ സാള്‍ട്ട്-829
  3. തിലക് വര്‍മ-806
  4. സൂര്യകുമാര്‍ യാദവ്-788
  5. ജോസ് ബട്ട്‌ലര്‍-717

ടെസ്റ്റ്-ബൗളര്‍

  1. ജസ്പ്രീത് ബുംറ-908
  2. പാറ്റ് കമ്മിന്‍സ്-841
  3. കഗിസോ റബാദ-837
  4. ജോഷ് ഹേസല്‍വുഡ്-835
  5. മാര്‍ക്കോ യാന്‍സണ്‍-785

ഏകദിനം-ബൗളര്‍

  1. റാഷിദ് ഖാന്‍-669
  2. കുല്‍ദീപ് യാദവ്-665
  3. മഹീഷ് തീക്ഷണ-663
  4. ഷഹീന്‍ അഫ്രീദി-662
  5. കേശവ് മഹാരാജ്-654

ടി20-ബൗളര്‍

  1. അക്കീല്‍ ഹുസൈന്‍-707
  2. ആദില്‍ റഷീദ്-701
  3. വനിന്ദു ഹസരങ്ക-698
  4. ആദം സാമ്പ-694
  5. രവി ബിഷ്‌ണോയ്-666

ടെസ്റ്റ് ഓള്‍റൗണ്ടര്‍

  1. രവീന്ദ്ര ജഡേജ-400
  2. മാര്‍ക്കോ യാന്‍സണ്‍-294
  3. മെഹിദി ഹസന്‍-284
  4. പാറ്റ് കമ്മിന്‍സ്-282
  5. ഷാക്കിബ് അല്‍ ഹസന്‍-263

ഏകദിനം-ഓള്‍റൗണ്ടര്‍

  1. മുഹമ്മദ് നബി-300
  2. സിക്കന്ദര്‍ റാസ-290
  3. അസ്മത്തുല്ല ഒമര്‍സായി-268
  4. മെഹിദി ഹസന്‍-255
  5. റാഷിദ് ഖാന്‍-247

ടി20-ഓള്‍റൗണ്ടര്‍

  1. ഹാര്‍ദ്ദിക് പാണ്ഡ്യ-244
  2. ദീപേന്ദ്ര സിംഗ് ഐരി-231
  3. ലിയം ലിവിങ്സ്റ്റണ്‍-230
  4. മാര്‍ക്കസ് സ്റ്റോയിനിസ്-209
  5. മുഹമ്മദ് നബി-207

വിമന്‍സ് ടീം-ഏകദിനം

  1. ഓസ്‌ട്രേലിയ-168
  2. ഇംഗ്ലണ്ട്-124
  3. ഇന്ത്യ-112
  4. സൗത്ത് ആഫ്രിക്ക-103
  5. ന്യൂസിലന്‍ഡ്-97

വിമന്‍സ് ടീം-ടി20

  1. ഓസ്‌ട്രേലിയ-293
  2. ഇംഗ്ലണ്ട്-282
  3. ഇന്ത്യ-260
  4. ന്യൂസിലന്‍ഡ്-254
  5. സൗത്ത് ആഫ്രിക്ക-242

ഏകദിനം-ബാറ്റര്‍

  1. ലൗറ വോള്‍വാര്‍ട്ട്-773
  2. ചമാരി അത്തപത്തു-733
  3. സ്മൃതി മന്ദാന-723
  4. നടാലി സിവര്‍ ബ്രന്റ്-707
  5. അലിസ ഹീലി-678

ടി20-ബാറ്റര്‍

  1. ബേഥ് മൂണി-757
  2. സ്മൃതി മന്ദാന-753
  3. ഹെയ്‌ലി മാത്യൂസ്-748
  4. തഹ്ലിയ മക്ഗ്രാത്ത്-748
  5. ലൗറ വോള്‍വാര്‍ട്ട്-736

ഏകദിനം-ബൗളര്‍

  1. സോഫി എക്ലെസ്റ്റോണ്‍-779
  2. ആഷ് ഗാര്‍ഡ്‌നര്‍-722
  3. മേഗന്‍ ഷൂട്ട്-690
  4. മരിസനെ കാപ്പ്-677
  5. ദീപ്തി ശര്‍മ-672

ടി20-ബൗളര്‍

  1. സോഫി എക്ലെസ്റ്റോണ്‍-768
  2. സാദിയ ഇഖ്ബാല്‍-745
  3. സാറ ഗ്ലെന്‍-745
  4. ദീപ്തി ശര്‍മ-737
  5. രേണുക സിംഗ് താക്കൂര്‍-727

ഏകദിനം-ഓള്‍റൗണ്ടര്‍

  1. മരിസനെ കാപ്പ്-444
  2. ആഷ് ഗാര്‍ഡ്‌നര്‍-436
  3. ഹെയ്‌ലി മാത്യൂസ്-401
  4. നടാലി സിവര്‍ ബ്രന്റ്-362
  5. അമേലിയ കെര്‍-358

ടി20-ഓള്‍റൗണ്ടര്‍

  1. ഹെയ്‌ലി മാത്യുസ്-495
  2. അമേലിയ കെര്‍-443
  3. ആഷ് ഗാര്‍ഡ്‌നര്‍-414
  4. ദീപ്തി ശര്‍മ-388
  5. ചമാരി അത്തപത്തു-332
Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു