ISL: ഇന്ത്യക്കാരില്‍ ഗോളടിക്കാന്‍ 40കാരന്‍ ഛേത്രി മാത്രം; ബ്രോഡ്കാസ്റ്റര്‍മാരെ കണ്ടെത്തുന്നതിലും പ്രതിസന്ധി? ഐഎസ്എല്ലിന്റെ തിളക്കത്തിന് മങ്ങലോ?
Analyzing the impact of ISL in Malayalam: വരാനിരിക്കുന്ന സീസണിലേക്ക് ബ്രോഡ്കാസ്റ്റര്‍മാരെ കണ്ടെത്താനായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെങ്കിലും, ആശങ്ക ഉയര്‍ത്തുന്നതാണ് ഈ പ്രചാരണം

വിരമിക്കല്‍ പ്രഖ്യാപിച്ച് കളമൊഴിഞ്ഞിട്ടും, സുനില്‍ ഛേത്രിയെ തിരികെ വിളിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് മനോലോ മാര്‍ക്കസ് എന്തുകൊണ്ട് നിര്‍ബന്ധിതനായെന്ന ചോദ്യത്തിന്, അടുത്തിടെ സമാപിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചില കണക്കുകള്‍ ഉത്തരം തരും. ഐഎസ്എല്‍ 2024-25 സീസണിലെ ഗോള്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ ഛേത്രിയല്ലാതെ വേറൊരു ഇന്ത്യന്‍ താരവുമില്ല. കയ്‌പേറിയ ഈ യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദയനീയാവസ്ഥയുടെ നേര്‍ചിത്രമാണ് വരച്ചുകാട്ടുന്നത്. തന്റെ കളിമികവിന് 40-ാം വയസിലും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ചേത്രി തെളിയിച്ചു. ഈ 40കാരന് ഒരു പകരക്കാരനെ കണ്ടെത്താനാകുന്നില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോളും തെളിയിച്ചു.
കായികരംഗത്ത് 40 എന്നത് ‘വാര്‍ധക്യ’കാലത്തിന് സമാനമാണ്. പല കായികതാരങ്ങളും ഇതിനകം കളമൊഴിഞ്ഞിരിക്കും. ഛേത്രിയും അത്തരത്തിലൊരു ശ്രമം നടത്തി. പക്ഷേ, ഛേത്രിയില്ലാത്ത ഇന്ത്യന്‍ ടീം, സൈന്യാധിപനില്ലാത്ത യുദ്ധപ്പട പോലെയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ഇന്ത്യന്‍ ടീം അദ്ദേഹത്തെ തിരികെ വിളിച്ചു.
ലോകകാല്‍പന്ത് ഭൂപടത്തിലെ താഴെ തട്ടിലുള്ള ഇന്ത്യന്‍ ഫുട്‌ബോളിന് കാതലായ മാറ്റം ഐഎസ്എല്‍ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. നിരവധി യുവ താരങ്ങള്‍ക്ക് ഐഎസ്എല്‍ അവസരം നല്‍കിയെന്നത് വിസ്മരിക്കാനാകാത്ത യാഥാര്‍ത്ഥ്യവുമാണ്. ഡീഗോ ഫോര്‍ലാന്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്‌ളോറന്റ് മലൂദ, ഡേവിഡ് ജെയിംസ്, ദിമിതര്‍ ബെര്‍ബറ്റോവ് തുടങ്ങിയ അതികായന്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്ത് തട്ടാന്‍ കഴിഞ്ഞതും ഭാഗ്യം തന്നെ.




എന്നാല്‍ അതിനപ്പുറം കാര്യമായ മാറ്റങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് കൊണ്ടുവരാന്‍ ഐഎസ്എല്ലിന് കഴിഞ്ഞിട്ടുണ്ടോയെന്നാണ് ചോദ്യം. അടുത്തിടെ സമാപിച്ച സീസണിലെ സ്ഥിതിവിവരക്കണക്കുകള്‍ ആ ചോദ്യങ്ങള്‍ ഒന്നുകൂടി ശക്തമാക്കുന്നു.
ബ്രോഡ്കാസ്റ്റര്‍മാരുടെ പ്രശ്‌നം
വരാനിരിക്കുന്ന സീസണിലേക്ക് ബ്രോഡ്കാസ്റ്റര്‍മാരെ കണ്ടെത്താനായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെങ്കിലും, ആശങ്ക ഉയര്‍ത്തുന്നതാണ് ഈ പ്രചാരണം. ഈ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍, ഐഎസ്എല്ലിനോടുള്ള പ്രേക്ഷപ്രീതിയിലെ ഇടിവാകാം ഇതിന് കാരണമെന്നാണ് അനുമാനം. കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗാള്‍ ടീമുകള്‍ (മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബെംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകളുടെ ആരാധകരാണ് ഐഎസ്എല്‍ വ്യൂവര്‍ഷിപ്പിന്റെ ചാലകശക്തി.
ഇതില്‍ മോഹന്‍ബഗാന്‍, ബെംഗളൂരു തുടങ്ങിയ ഏതാനും ടീമുകള്‍ മാത്രമാണ് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവയ്ക്കുന്നത്. പരിതാപകരമായ പ്രകടനം തുടര്‍ക്കഥയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തില്‍ മുമ്പെങ്ങും ഇല്ലാത്ത ഇടിവ് സംഭവിച്ചുവെന്നത് ഞെട്ടിക്കുന്നതാണ്. ബ്രോഡ്കാസ്റ്റര്‍മാരെ കണ്ടെത്താനായില്ലെങ്കില്‍ അത് ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പിനെയടക്കം സാരമായി ബാധിക്കുമെന്നതാണ് വെല്ലുവിളി