Hardik Pandya: ഇൻസ്റ്റയിൽ ഹാർദിക്കിൻ്റെ പേര് നീക്കി നടാഷ; വേർപിരിയൽ അഭ്യൂഹം മുറുകുന്നു
2020 മേയിലായിരുന്നു പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹം നടന്നത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയാനൊരുങ്ങുകയാണെന്ന അഭ്യൂഹം മുറുകുന്നു. ഇൻസ്റ്റഗ്രാമിൽ നിന്ന് നടാഷ ഹാർദിക് പാണ്ഡ്യയുടെ പേരു നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടെന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.
അതേസമയം പാണ്ഡ്യയോ, നടാഷയോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ഐപിഎൽ പോയിന്റ്സ് ടേബിളിൽ അവസാനക്കാരായ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിനു ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണു ഹാർദിക് പാണ്ഡ്യ.
എന്നാൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും നടാഷ നീക്കം ചെയ്തിട്ടില്ല. വിവാഹമോചനത്തിൻ്റെ ഭാഗമായി ഹാർദിക് തൻ്റെ സ്വത്തിൻ്റെ 70 ശതമാനം ഭാര്യക്ക് കൈമാറുമെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതും ഇരുവരും പിരിയുന്നു എന്നതിൻ്റെ ഭാഗമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ നടാഷ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റോഡ് അടയാളങ്ങളുടെ ചാർട്ടിൻ്റെ ഒരു ചിത്രം “ആരോ തെരുവിൽ ഇറങ്ങാൻ പോകുന്നു” എന്ന അടിക്കുറിപ്പോടെ പങ്കിടുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയുമായുള്ള സ്വത്ത് സെറ്റിൽമെൻ്റുമായി ബന്ധപ്പെട്ടതാണോ ഇതെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
2020 മേയിലായിരുന്നു പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹം നടന്നത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്ന ഇരുവരുടെയും വിവാഹം സമൂഹ മാധ്യമങ്ങൾ വഴിയാണ് ആരാധകർ അറിഞ്ഞത്.
ദമ്പതികൾക്ക് ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയിൽ വിഹാഹച്ചടങ്ങുകൾ വീണ്ടും നടത്തിയിരുന്നു. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്.
2024 സീസണിനു മുന്നോടിയായിട്ടായിരുന്നു ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു തിരികെയെത്തിയത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ, മുംബൈയിൽ ചേർന്നപ്പോഴും ക്യാപ്റ്റൻ സ്ഥാനം ലഭിക്കുകയായിരുന്നു.
എന്നാൽ മുംബൈയുടെ ആരാധകർ തന്നെ ക്യാപ്റ്റനെതിരെ തിരിഞ്ഞു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നടക്കം പാണ്ഡ്യയ്ക്കെതിരെ ആരാധകരുടെ കൂകിവിളികൾ ഉയർന്നു.
2024 ഐപിഎല്ലിൽ പത്താം സ്ഥാനക്കാരായ മുംബൈ 14 കളികളിൽ നാലെണ്ണം മാത്രമാണു വിജയിച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ.