5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hardik Pandya: ചെന്നൈയുടെ പുത്തൻ താരോദയത്തെ എയറിലാക്കി ഹാർദ്ദിക്; ഒരു ഓവറിലടിച്ചത് നാല് സിക്സറുകൾ

Hardik Pandya Gurjanpreet Singh : ചെന്നൈ സൂപ്പർ കിംഗ്സ് 2.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച തമിഴ്നാട് പേസർ ഗുർജൻപ്രീത് സിംഗിൻ്റെ ഒരു ഓവറിൽ ഹാർദിക്ക് പാണ്ഡ്യ 29 റൺസടിച്ചതാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ചർച്ച. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Hardik Pandya: ചെന്നൈയുടെ പുത്തൻ താരോദയത്തെ എയറിലാക്കി ഹാർദ്ദിക്; ഒരു ഓവറിലടിച്ചത് നാല് സിക്സറുകൾ
ഗുർജൻപ്രീത് സിംഗ് (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 28 Nov 2024 14:02 PM

ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വാശിയോടെ ടീമിലെത്തിച്ച താരമായിരുന്നു ഗുർജൻപ്രീത് സിംഗ്. ചെന്നൈയ്ക്കായി ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന ഇടങ്കയ്യൻ പേസറെ 2.2 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസും ഗുർജൻപ്രീതിനായി ശ്രമിച്ചെങ്കിലും ചെന്നൈ വിട്ടുകൊടുത്തില്ല. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളാണെങ്കിലും കഴിഞ്ഞ ദിവസം ബറോഡയുടെ ഇന്ത്യൻ താരം ഹാർദ്ദിക് പാണ്ഡ്യ ഗുർജൻപ്രീതിനെ കടന്നാക്രമിച്ചിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റിലെ ഗ്രൂപ്പ് ബിയിൽ തമിഴ്നാടും ബറോഡയും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 6 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന മികച്ച സ്കോറിലെത്തി. 222 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബറോഡ 16 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെട്ട് 152 റൺസെന്ന നിലയിൽ പ്രതിസന്ധിയിലായി. തുടർന്ന് ഹാർദ്ദിക് പാണ്ഡ്യ ബറോഡയുടെ പോരാട്ടം നയിക്കുകയായിരുന്നു. തമിഴ്നാട് ബൗളർമാരെ കടന്നാക്രമിച്ച ഹാർദ്ദിക് ഗുർജൻപ്രീത് എറിഞ്ഞ 17ആം ഓവറിൽ കളി ബറോഡയ്ക്ക് അനുകൂലമാക്കി. രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയിരുന്ന താരത്തിൻ്റെ മൂന്നാം ഓവറിൽ നാല് സിക്സറും ഒരു ബൗണ്ടറിയും സഹിതം 29 റൺസാണ് ഹാർദ്ദിക് അടിച്ചെടുത്തത്. ഇതോടെ മൂന്ന് ഓവറിൽ ഗുർജൻപ്രീത് 44 റൺസ് വഴങ്ങി.

തുടർന്ന് മറ്റൊരു ചെന്നൈ താരമായ വിജയ് ശങ്കർ എറിഞ്ഞ 19ആം ഓവറിൽ രണ്ട് സിക്സർ അടിച്ച താരം അവസാന ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു. എം മുഹമ്മദ് എറിഞ്ഞ ഓവറിൽ ഡബിളിന് ശ്രമിച്ച ഹാർദ്ദിക്കിനെ വിജയ് ശങ്കറാണ് റണ്ണൗട്ടായത്. അഞ്ച് പന്തിൽ ബറോഡയ്ക്ക് വിജയിക്കാൻ 9 റൺസ് ബാക്കിനിൽക്കെയാണ് ഹാർദ്ദിക് പുറത്തായത്. 30 പന്തിൽ 69 റൺസ് നേടി ഹാർദ്ദിക് മടങ്ങിയെങ്കിലും അവസാന പന്തിലെ ലക്ഷ്യമായ നാല് റൺസ് ബൗണ്ടറിയിലൂടെ കണ്ടെത്തി ആതിത് ഷേത് ബറോഡയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

Also Read : Lalit Modi : ‘ചെന്നൈ സൂപ്പർ കിംഗ്സ് അമ്പയർമാരെ വിലയ്ക്ക് വാങ്ങി, ലേലം അട്ടിമറിച്ചു’; വീണ്ടും ആരോപണങ്ങളുമായി ലളിത് മോദി

തമിഴ്നാട് പ്രീമിയർ ലീഗിലെ പ്രകടനങ്ങളിലൂടെയാണ് ഗുർജൻപ്രീത് സിംഗ് ശ്രദ്ധിക്കപ്പെടുന്നത്. ടിഎൻപിഎലിൽ മധുരൈ പാന്തേഴ്സിൻ്റെ താരമായ ഗുർജൻ പഞ്ചാബിലെ ലുധിയാനയിലാണ് ജനിച്ചത്. 17ആം വയസിൽ ചെന്നൈയിലെത്തിയ താരം പിന്നീട് തമിഴ്നാടിനായി കളിക്കുകയായിരുന്നു. 2021 ടിഎൻപിഎലിലൂടെ ശ്രദ്ധിക്കപ്പെട്ട താരം 2022ൽ പരിക്കേറ്റ് കളിച്ചില്ല. 2023 സീസണിലും താരം മികച്ച പ്രകടനം നടത്തിയതോടെ തമിഴ്നാടിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം ഈ സീസണിൽ അരങ്ങേറി. ഇടങ്കയ്യൻ പേസറായ ഈ 26കാരനായി ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ലക്നൗ സൂപ്പർ ജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും ശ്രമിച്ചിരുന്നു. എന്നാൽ, ഒരു കോടിയിൽ ലക്നൗവും രണ്ട് കോടിയിൽ ഗുജറാത്തും പിൻവലിഞ്ഞു. ഇതോടെയാണ് താരം 2.20 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയത്.

ഗുർജനൊപ്പം മുകേഷ് ചൗധരി, ഖലീൽ അഹ്മദ്, നൂർ അഹ്മദ്, നഥാൻ എല്ലിസ്, ശ്രേയാസ് ഗോപാൽ, മതീഷ പതിരന എന്നിവർ അടങ്ങുന്നതാണ് ചെന്നൈയുടെ ബൗളിംഗ് യൂണിറ്റ്. ഇതിൽ മതീഷ പതിരനയെ ചെന്നൈ നിലനിർത്തിയിരുന്നു. ഈ ബൗളിംഗ് യൂണിറ്റിൽ ഗുർജൻപ്രീതിന് ചില അവസരങ്ങൾ ലഭിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.