Hardik Pandya : ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം വെറുക്കപ്പെട്ട താരം; ഒടുവിലയാളുടെ കൈകളിലൂടെ ലോക കിരീടം
Hardik Pandya Proved His Worth : ഹാർദിക് പാണ്ഡ്യയെ ആളുകൾ വിലയിരുത്തുന്നത് അയാളുടെ ക്രിക്കറ്റിനപ്പുറം മറ്റ് പലതും പരിഗണിച്ചാണ്. ആറ്റിറ്റ്യൂഡ്, ഷോ ഓഫ് തുടങ്ങി അയാളുടെ വ്യക്തിജീവിതത്തെ കീറിമുറിക്കാൻ സോഷ്യൽ മീഡിയ ഉത്സാഹിച്ചു. ഒടുവിൽ ആ ഹാർദിക്കിലൂടെ ഇന്ത്യ ഒരു ലോകകപ്പ് നേടുന്നു. ഈ സ്ക്രിപ്റ്റൊക്കെ ആരാണ് എഴുതുന്നത്?
ഹാർദിക് പാണ്ഡ്യ കഴിഞ്ഞ ആറ് മാസക്കാലം കടന്നുപോയൊരു അവസ്ഥയുണ്ട്. ഐപിഎലുമായും പിന്നീട് കുടുംബജീവിതവുമായുമൊക്കെ ബന്ധപ്പെട്ട കുറേയേറെ പ്രശ്നങ്ങൾ. അതിനെയൊക്കെ സോഷ്യൽ മീഡിയ ഓഡിറ്റ് ചെയ്ത രീതി. മറ്റ് പലരും തകർന്ന് പോയേക്കാവുന്ന ആ സമയം കടന്ന് അയാൾ ഇന്നെത്തിനിൽക്കുന്നത് ലോകകപ്പിലെ എണ്ണം പറഞ്ഞ പ്രകടനങ്ങൾക്കിപ്പുറമാണ്. ആ പ്രകടനങ്ങളിൽ ലോകകപ്പ് കിരീടത്തിൻ്റെ (India Won The T20 World Cup) തിളക്കമുണ്ട്.
ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ച സമയം. നാല് ഓവറിൽ വേണ്ടത് വെറും 26 റൺസ്. ബുംറയ്ക്കും അർഷ്ദീപിനും ബാക്കിയുള്ളത് ഓരോ ഓവറുകൾ. 26 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും സഹിതം 52 റൺസ് നേടിനിൽക്കുന്ന ഹെൻറിച് ക്ലാസൻ ബീസ്റ്റ് മോഡിൽ. രോഹിത് ഹാർദിക്കിലേക്ക് തിരിയുന്നത് അതൊരു മാസ്റ്റർ സ്ട്രോക്ക് പ്ലാനായി കണക്കുകൂട്ടിയല്ല. ബുംറയെയും അർഷ്ദീപിനെയും അവസാന ഓവറുകളിൽ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ ഹാർദിക് അവിടെ എറിഞ്ഞേ മതിയാവൂ എന്ന ഇക്വേഷനിൽ നിർബന്ധിതനായിട്ടാണ്. 17ആം ഓവറിലെ ആദ്യ പന്ത്. ഓഫ് സ്റ്റമ്പിനു പുറത്ത് ഒരു ഫുൾ സ്ലോവർ ബോൾ. വളരെ സാധാരണ പന്ത്. ക്ലാസൻ ഡ്രൈവിനായി ബാറ്റ് വെക്കുന്നെങ്കിലും ബാറ്റിൻ്റെ എഡ്ജെടുത്ത് പന്ത് ഋഷഭ് പന്തിൻ്റെ കയ്യിൽ. ആ ഓവറിൽ ഹാർദിക് വഴങ്ങിയത് വെറും 4 റൺസ്. മൊമൻ്റ് നമ്പർ ഒന്ന്.
Also Read : Next India Captain : ആരാവും ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ?; പരിഗണനയിൽ നാലുപേർ
മത്സരത്തിൻ്റെ അവസാന ഓവർ. ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 16 റൺസ്. ക്രീസിലുള്ളത് ക്ലച്ച് പ്ലയർ ഡേവിഡ് മില്ലർ. മില്ലറിന് അതൊരു അസാധ്യ വിജയലക്ഷ്യമേയല്ല. ഓവറിലെ ആദ്യ പന്ത്. ലോ ഫുൾ ടോസ്. ഈ സമയത്ത് ഒരു മോശം പന്ത്. മില്ലർ പന്ത് ലോംഗ് ഓഫിലേക്ക് ഉയർത്തിയടിച്ചു. പന്ത് ലോംഗ് ഓഫ് ബൗണ്ടറിയിലേക്ക് ചാഞ്ഞിറങ്ങുമ്പോൾ എവിടെനിന്നോ പാഞ്ഞെത്തുന്ന സൂര്യകുമാർ യാദവ് പന്ത് കൈപ്പിടിയിലൊതുക്കി ബൗണ്ടറി കടക്കുമെന്ന് കണ്ടപ്പോൾ മുകളിലേക്കെറിഞ്ഞ്, ബൗണ്ടറിയിൽ ചവിട്ടി, തിരികെ ബാലൻസ് തിരിച്ചുപിടിച്ച് വീണ്ടും പന്ത് കൈക്കുമ്പിളിലൊതുക്കുന്നു. മൊമൻ്റ് നമ്പർ രണ്ട്.
അടുത്ത പന്തിൽ റബാഡ ഒരു ബൗണ്ടറി നേടുന്നുണ്ടെങ്കിലും അഞ്ചാം പന്തിൽ അയാളെയും മടക്കി അയാൾ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കുന്നു. ആന്രിച് നോർക്കിയ ഉയർത്തിയടിക്കുന്ന അവസാന പന്ത് അർഷ്ദീപ് സിംഗ് ഡീപ് മിഡ്‌വിക്കറ്റിൽ നിന്ന് ഫീൽഡ് ചെയ്യുമ്പോൾ ഹാർദിക് പിച്ചിലേക്ക് മുട്ടുകുത്തിയിരിക്കുകയാണ്. ഓടിയെത്തിയ ടീമംഗങ്ങൾ പിടിച്ചെഴുന്നേല്പിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാൾ കരയുകയായിരുന്നു. അയാൾ കോലിയെയും രോഹിതിനെയും ദ്രാവിഡിയെയുമൊക്കെ ആലിംഗനം ചെയ്ത് കരഞ്ഞു. ഒടുവിൽ ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കുമ്പോൾ ഹാർദിക് മനസുതുറന്നു, “കഴിഞ്ഞ ആറ് മാസം എനിക്ക് സംഭവിച്ച കാര്യങ്ങളിലൊന്നും ഞാൻ വായ തുറന്നിട്ടില്ല. കഠിനാധ്വാനം ചെയ്താൽ തിളങ്ങാനാവുമെന്ന് എനിക്കറിയാമായിരുന്നു.” നിറഞ്ഞ കണ്ണുകളോടെ, അതിലും നിറഞ്ഞ മനസോടെ ഹാർദിക് പാണ്ഡ്യ വിവരിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും വെറുക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹാർദിക്. ആറ്റിറ്റ്യൂഡ്, കളറടിച്ച മുടി, ഷോ ഓഫ് തുടങ്ങി അയാൾ ചെയ്യുന്നതൊക്കെയും സോഷ്യൽ മീഡിയ ഓഡിറ്റ് ചെയ്തു. ഒടുവിൽ, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് ക്യാപ്റ്റനായി തിരികെയെത്തിയ അയാൾക്ക് ഐപിഎലിൽ അനുഭവിക്കേണ്ടിവന്നത് സ്വന്തം ആരാധകരുടെ കൂക്കിവിളികളാണ്. അയാൾ ഒന്നും പ്രതികരിച്ചില്ല. അയാൾ പ്രതികരിച്ചത് 2011നു ശേഷം ഇന്ത്യക്ക് ഒരു ലോകകിരീടം സമ്മാനിച്ചാണ്. ഫൈനലിലെ ഒരു സ്പെൽ അല്ല അയാളുടെ ഈ ലോകകപ്പിലെ മികവ്. ടൂർണമെൻ്റിലാകെ 11 വിക്കറ്റും 151 സ്ട്രൈക്ക് റേറ്റിൽ 144 റൺസും അയാൾ നേടി.