Hardik Pandya : ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിംഗിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം
Hardik Pandya No.1 Allrounder: ടി20 ക്രിക്കറ്റർമാരുടെ ഐസിസി റാങ്കിംഗിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഒന്നാമത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്തിയ താരം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി. ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളാണ് ഹാർദിക്കിനെ തുണച്ചത്.
ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾ തുണച്ചതോടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഐസിസി റാങ്കിംഗിൽ ഒന്നാമത്. ടി20 ക്രിക്കറ്റിലെ ഓൾറൗണ്ടർമാരുടെ പട്ടികയിലാണ് താരം ഒന്നാമതെത്തിയത്. ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഹാർദിക്.
ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്നു ഹാർദിക്. മോശം ഐപിഎലിനു ശേഷം ലോകകപ്പ് പ്ലേയിങ് ഇലവനിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ് താരം ലോകകപ്പിനെത്തുന്നത്. എന്നാൽ, ടീമിനായി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകകപ്പിൽ തിളങ്ങിയ ഹാർദിക് ഫൈനലിൽ ഹെൻറിച് ക്ലാസൻ്റെയും ഡേവിഡ് മില്ലറിൻ്റെയും വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് 13 വർഷങ്ങൾക്ക് ശേഷം ഒരു ലോക കിരീടം സമ്മാനിക്കുകയും ചെയ്തു. ഒരു അർദ്ധസെഞ്ചുറി അടക്കം 144 റൺസും 11 വിക്കറ്റുകളുമാണ് ഹാർദിക് ആകെ ലോകകപ്പിൽ നേടിയത്.
222 റേറ്റിംഗുമായി ശ്രീലങ്കൻ ക്യാപ്റ്റൻ വനിന്ദു ഹസരങ്കയുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ് ഹാർദിക്. ഓസ്ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസ് (211), സിംബാബ്‌വെയുടെ സിക്കന്ദർ റാസ (210), ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ (206) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.
ടി20യിലെ ബാറ്റർമാരെ പരിഗണിക്കുമ്പോൾ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാമത്. 844 ആണ് ഹെഡിൻ്റെ റേറ്റിംഗ്. ഇന്ത്യയുടെ സൂര്യകുമാർ യാദവ് (838) രണ്ടാമതും ഇംഗ്ലണ്ടിൻ്റെ ഫിൽ സാൾട്ട് (737) മൂന്നാമതുമാണ്. ബൗളർമാരിൽ ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് (718) ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ലോകകപ്പിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ (678) ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാമതെത്തി. അഫ്ഗാൻ നായകൻ റാഷിദ് ഖാനാണ് (668) മൂന്നാമത്.
അതേസമയം, ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബിസിസിഐ ഒരുക്കിയ പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ ബാർബഡോസിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തീരുമാനിച്ചതിലും രണ്ട് ദിവസം വൈകിയാണ് ടീം ഇന്ത്യ പുറപ്പെട്ടത്. ബാർബഡോസ് സമയം ബുധനാഴ്ച പുലർച്ചെ 4.56ന് വിമാനം ബാർബഡോസിൽ നിന്ന് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 6 മണിയോടെ വിമാനം ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തും.
AIC24WC എന്ന എയർ ഇന്ത്യ ചാർട്ടേഡ് ഫ്ലൈറ്റിലാണ് ഇന്ത്യൻ ടീം എത്തുന്നത്. AIC എന്നത് എയർ ഇന്ത്യ ചാർട്ടേഡ് വിമാനം എന്നതിനെയും 24WC എന്നത് 2024 ടി20 ലോകകപ്പ് ജേതാക്കൾ എന്നതിനെയും സൂചിപ്പിക്കുന്നു. https://www.flightradar24.com എന്ന വെബ്സൈറ്റിൽ വിമാനം തത്സമയം ട്രാക്ക് ചെയ്യാം. നിലവിൽ സൈറ്റിൽ ഏറ്റവുമധികം പേർ ട്രാക്ക് ചെയ്യുന്ന വിമാനമാണിത്. 4000ലധികം ആളുകളാണ് ഈ വിമാനം തത്സമയം ട്രാക്ക് ചെയ്യുന്നത്.
നാളെ പുലർച്ചെ ഇന്ത്യയിലെത്തുന്ന ടീമംഗങ്ങൾ 9.30ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം ചാർട്ടേഡ് ഫ്ലൈറ്റിൽ മുംബൈയിലെത്തുന്ന ടീം തുറന്ന ബസിൽ ഘോഷയാത്രയായി വാംഖഡെ സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ടീം അംഗങ്ങൾക്കുള്ള 125 കോടി രൂപയുടെ സമ്മാനത്തുക ബിസിസിഐ സെക്രട്ടറി ജയ് ഷാ വിതരണം ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണി മുതൽ മറൈൻ ഡ്രൈവിലും വാംഖഡെയിലും വിക്ടറി പരേഡ് ഉണ്ടാവുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിട്ടുണ്ട്.