Harbhajan Singh: ‘നിങ്ങള്‍ ബിസിസിഐയിലാണോ? സ്വന്തം നേട്ടങ്ങള്‍ എന്തൊക്കെയാണ്?’; രോഹിതിനെതിരായ പരാമര്‍ശത്തില്‍ ഷമ മുഹമ്മദിനെതിരെ ഹര്‍ഭജന്‍
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എങ്ങനെയാണെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. തങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താരങ്ങള്‍ക്ക് മാത്രമേ അറിയൂ. ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. രോഹിത് ശർമ്മ കഠിനാധ്വാനിയാണെന്നും ഹര്‍ഭജന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ഷമ ബിസിസിഐയുടെ ഭാഗമാണോയെന്നും, അല്ലെങ്കില്‍ നിയമങ്ങളെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും ധാരണയുള്ള ഏതെങ്കിലും സംഘടനയുടെ ഭാഗമാണോയെന്നും ഹര്‍ഭജന്‍ ചോദിച്ചു.
”അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചും ക്യാപ്റ്റൻസി കഴിവുകളെക്കുറിച്ചും സംസാരിക്കുന്ന ആളുകളുണ്ടാകും. പക്ഷേ, രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെക്കുറിച്ച് ഈ പരാമർശം നടത്തിയ സ്ത്രീയോട് ഞാൻ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കുന്നു. അവർ ബിസിസിഐയുടെ ഭാഗമാണോ അതോ നിയമവും ഫിറ്റ്നസും മനസ്സിലാക്കുന്ന മറ്റേതെങ്കിലും സംഘടനയുടെ ഭാഗമാണോ? കായികരംഗത്ത് സ്വന്തം നേട്ടങ്ങൾ എന്തൊക്കെയാണ്? ആരുടെയും നേരെ വിരല്‍ ചൂണ്ടാന്‍ എളുപ്പമാണ്. എന്നാൽ ആ വിരല്‍ നീളുന്നത് നിങ്ങളുടെ നേരെയായിരിക്കും. അതിനാൽ സ്വയം പരിശോധിക്കുക”-ഹർഭജൻ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എങ്ങനെയാണെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. തങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താരങ്ങള്‍ക്ക് മാത്രമേ അറിയൂ. ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. രോഹിത് ശർമ്മ വളരെ കഠിനാധ്വാനിയാണ്. അദ്ദേഹം നിസ്വാർത്ഥനായ വ്യക്തിയാണ്. അദ്ദേഹം ഒരു നേതാവാണ്. മുന്നിൽ നിന്ന് നയിക്കുന്നു. എപ്പോഴും സ്വന്തം താൽപ്പര്യത്തേക്കാൾ ടീമിന്റെ താൽപ്പര്യത്തിന് മുൻഗണന നൽകുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.




ഷമ മുഹമ്മദിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, മുന്‍താരം സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയവരും ഷമയെ വിമര്‍ശിച്ചു. മെലിഞ്ഞവരെയാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കണമെന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം.
രോഹിതിന് അമിത വണ്ണമാണെന്നും, അത് കുറയ്ക്കണമെന്നും, അദ്ദേഹം മോശം ക്യാപ്റ്റനുമാണെന്നായിരുന്നു ഷമയുടെ വിമര്‍ശനം. പിന്നാലെ പോസ്റ്റ് വ്യാപകമായി. ഷമയോട് പോസ്റ്റ് നീക്കം ചെയ്യാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ രോഹിതിനെ പ്രശംസിച്ച് ഷമ രംഗത്തെത്തിയിരുന്നു.