Gautam Gambhir : ഗംഭീർ തന്നെ ഇന്ത്യൻ ടീമിൻ്റെ അടുത്ത പരിശീലകൻ; സ്ഥിരീകരിച്ച് ബിസിസിഐ
Gautam Gambir India Next Coach : റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത പരിശീലകനായി മുൻ ദേശീയ താരം ഗൗതം ഗംഭീർ തന്നെ എത്തും. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ തൻ്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന് പകരമാണ് ഗംഭീർ പരിശീലക സ്ഥാനത്തെത്തുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത പരിശീലകനായി മുൻ ദേശീയ താരം ഗൗതം ഗംഭീർ (Gautam Gambhir) തന്നെ എത്തും. ഗംഭീറിനെ പുതിയ പരിശീലകനായി നിയമിച്ച വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ അറിയിച്ചു. നേരത്തെ, ഗംഭീറാവും ഇന്ത്യൻ പരിശീലകനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് ബിസിസിഐയുടെ(Gambhir Or WV Raman) പ്രഖ്യാപനം.
തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് ജയ് ഷാ പുതിയ പരിശീലകനെ നിയമിച്ച വിവരം അറിയിച്ചത്. ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന് പകരമാണ് ഗംഭീർ എത്തുന്നത്. 13 വർഷത്തിന് ശേഷം ഇന്ത്യക്ക് ഒരു ലോകകപ്പ് നേടിക്കൊടുത്തതിന് ശേഷമാണ് ദ്രാവിഡ് പടിയിറങ്ങിയത്. ദ്രാവിഡിന് ശേഷം ഗംഭീറാവും ഇന്ത്യൻ പരിശീലകനെന്ന് ലോകകപ്പിന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
It is with immense pleasure that I welcome Mr @GautamGambhir as the new Head Coach of the Indian Cricket Team. Modern-day cricket has evolved rapidly, and Gautam has witnessed this changing landscape up close. Having endured the grind and excelled in various roles throughout his… pic.twitter.com/bvXyP47kqJ
— Jay Shah (@JayShah) July 9, 2024
“വലിയ സന്തോഷത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നു. ക്രിക്കറ്റ് വേഗത്തിൽ പുരോഗമിക്കുകയാണ്. ഗംഭീർ ആ മാറ്റം കൃത്യമായി മനസിലാക്കിയ ആളാണ്. കരിയറിൽ വിവിധ റോളുകളിൽ തിളങ്ങിയ അദ്ദേഹമാണ് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ പറ്റിയ ആൾ. അദ്ദേഹത്തിൻ്റെ തെളിവാർന്ന വീക്ഷണവും മത്സരപരിചയവും ഇന്ത്യൻ പരിശീലകനെന്ന ചുമതലയിൽ അദ്ദേഹത്തിന് കൃത്യമായ മുൻതൂക്കം നൽകുന്നു. പുതിയ യാത്രയിൽ ബിസിസിഐ അദ്ദേഹത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു.”- ജയ് ഷാ കുറിച്ചു.
പരിശീലക കരിയറിൽ ഗംഭീറിൻ്റെ ആദ്യ പ്രധാന ജോലി 2022ൽ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിനൊപ്പമായിരുന്നു. ടീമിൻ്റെ ഉപദേശകനായിരുന്നു. കഴിഞ്ഞ വർഷം ലക്നൗ വിട്ട ഗംഭീർ മുൻപ് താൻ ക്യാപ്റ്റനായി കിരീടം നേടിക്കൊടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉപദേശകനായി തിരികെയെത്തി. കൊൽക്കത്തയായിരുന്നു ഈ വർഷത്തെ ഐപിഎൽ ചാമ്പ്യന്മാർ. ടീമിൻ്റെ കിരീടധാരണത്തിൽ ഗംഭീറിൻ്റെ പങ്ക് താരങ്ങൾ ഉൾപ്പെടെ എടുത്തുപറഞ്ഞിരുന്നു.
പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കവെ ഗംഭീർ ചില നീബന്ധനകൾ വച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കോച്ചിംഗ് സ്റ്റാഫുകളെ താൻ തന്നെ തിരഞ്ഞെടുക്കുമെന്നും ടീമിൽ പൂർണ സ്വാതന്ത്ര്യം നൽകുമെന്നുമൊക്കെ ഗംഭീർ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിന്‍റെ കാലാവധി. ഗംഭീര്‍ ചുമതലയേല്‍ക്കുന്നതോടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിൽ വലിയ മാറ്റം വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായരിനോട് സപ്പോർട്ട് സ്റ്റാഫ് ആയി ചേരാൻ ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയുടെ യുവതാരങ്ങളുടെ പുരോഗതിക്ക് പിന്നിൽ അഭിഷേക് നായരിന് വലിയ പങ്കാണുള്ളത്. ഗംഭീറിനൊപ്പം അഭിഷേകും പോവുകയാണെങ്കിൽ കൊൽക്കത്തയ്ക്ക് അത് കനത്ത തിരിച്ചടിയാവും. ജൂലായ് 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനമാവും ഗംഭീറിൻ്റെ ആദ്യ പരിശീലന ചുമതല.