IND vs AUS: നീ ഓക്കെ കളിച്ച് കളിച്ച് തലയിൽ കയറി കളിച്ചു, ഇനി ബെഞ്ചിലിരുന്നോ! സിഡ്നിയിൽ ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ ?
IND vs AUS Sydney Test: രോഹിത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീമിലും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളും ഗംഭീറും തമ്മിലുള്ള ഡ്രസിംഗ് റൂമിലെ പ്രശ്നം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സിഡ്നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റ് നോക്കി ആരാധകർ. സിഡ്നി ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉണ്ടാവുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തയ്യാറായില്ല. ജനുവരി മൂന്നിന് പുലർച്ചെ 5 മണിക്കാണ് ഇന്ത്യ- ഓസ്ട്രേലിയ 5-ാം ടെസ്റ്റ് ആരംഭിക്കുന്നത്. സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.
അതേസമയം പരിക്കിനെ തുടർന്ന് പേസർ ആകാശ് ദീപിന് സിഡ്നി ടെസ്റ്റ് നഷ്ടമാകുമെന്നും ഗംഭീർ സ്ഥിരീകരിച്ചു. നട്ടെല്ലിനേറ്റ പരിക്ക് കാരണമാണ് ഗാബ ടെസ്റ്റിൽ ഇന്ത്യ നിർണായക ശക്തിയായി മാറിയ ആകാശ് ദീപിന് ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് നഷ്ടമാകുന്നത്. ടെസ്റ്റിന് മുമ്പുള്ള വാർത്താ സമ്മേളനത്തിന് പതിവിന് വിപരീതമായി ഗംഭീർ ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെയാണ് സിഡ്നി ടെസ്റ്റിൽ രോഹിത് ഉണ്ടാകുമോ എന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉയർത്തിയത്.
സിഡ്നിയിലെ പിച്ചിന് അനുസൃതമായിട്ടായിരിക്കും നാളെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുകയെന്നും ഗംഭീർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സ്ക്വാഡിൽ കാര്യങ്ങളെല്ലാം നല്ല രീതിയിലാണ് നടക്കുന്നതെന്നും രോഹിത് തനിക്കൊപ്പം വാർത്തസമ്മേളനത്തിന് വരാത്തതിൽ
അസ്വാഭാവികതയൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ടീമിന്റെ മുഖ്യ പരിശീലകൻ വാർത്താ സമ്മേളനത്തിന് എത്തിയിട്ടുണ്ട്. അത് മതിയെന്നാണ് താൻ കരുതുന്നത്. രോഹിത്തിന് കുഴപ്പമൊന്നുമില്ല. സിഡ്നിയിലെ പ്ലേയിംഗ് ഇലവനെ പിച്ച് നോക്കിയായിരിക്കും തിരഞ്ഞെടുക്കുക. ഗംഭീർ പറഞ്ഞു.
ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ രോഹിത് നാളെ സിഡ്‌നിയിൽ കളിക്കില്ലെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഋഷഭ് പന്തിന് പകരം ധ്രുനവ് ജുറേൽ നാളെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീമിലും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളും ഗംഭീറും തമ്മിലുള്ള ഡ്രസിംഗ് റൂമിലെ പ്രശ്നം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്യാപ്റ്റൻസിയിലെ തീരുമാനങ്ങൾ പോലും ബോർഡർ ഗവാസ്കർ ട്രോഫിയിൽ പാളി.
ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പാടുപ്പെടുന്ന രോഹിത് ശർമ്മ പ്ലേയിങ് ഇലവനിൽ നിന്ന് സ്വയം പിന്മാറുമെന്നാണ് സൂചന. അവസാന ഒമ്പത് ടെസ്റ്റുകളിലെ രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി 10.93 ആണ്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ 6.2 ഉം. ബോർഡർ ഗവാസ്കർ ട്രോഫി അവസാനിക്കുന്നതിന് പിന്നാലെ രോഹിത് ശർമ്മ വിരമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടി ക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്ന് രോഹിത് വിരമിച്ചിരുന്നു.