Gautam Gambhir: ‘എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’; സീനിയർ താരങ്ങളെ ഉന്നം വച്ച് ഗൗതം ഗംഭീർ
Gautam Gambhir about Domestic Cricket: കേവലം പ്രതിരോധിക്കാൻ പോലും സാധിക്കാതെയാണ് ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി കെെവിട്ടത്. സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റിനായിരുന്നു പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും വിജയം.
ന്യൂഡൽഹി: രോഹിത് ശർമ്മ, വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ഉന്നം വച്ച് ഗൗതം ഗംഭീർ. എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകണം. ടെസ്റ്റ് മത്സരങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിനുള്ള പ്രാധാന്യം മനസിലാക്കണം. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറായില്ലെങ്കിൽ മികച്ച താരങ്ങളെ ലഭിക്കില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു. ബോർഡർ-ഗാവസ്കർ ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലും കൈവിട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യൻ ടീം പരിശീലകന്റെ പരാമർശം.
ജനുവരി 23 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ സീനിയർ താരങ്ങൾ കളിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഗംഭീറിന്റെ മറുപടി. എല്ലാതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. ആഭ്യന്തര ക്രിക്കറ്റിന് അത്രത്തോളം പ്രധാന്യം നൽകേണ്ടതുണ്ട്. കാരണം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോൾ അതിന് അത്രത്തോളം പ്രാധാന്യം നൽകേണ്ടതുണ്ട്. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്തപ്പോൾ താരങ്ങൾ തീർച്ചയായും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം നിലനിർത്താൻ ശ്രമിക്കണം. ആഭ്യന്തര ക്രിക്കറ്റിന് പ്രധാന്യം നൽകാതെ ആരും ടെസ്റ്റ് ക്രിക്കറ്റിൽ തുടരാമെന്ന് കരുതേണ്ട. അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യൻ ക്രിക്കറ്റിൽ എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ഗംഭീർ പറഞ്ഞു. 2012-ലാണ് വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. 2015-16 സീസണിൽ രോഹിത്തും അവസാനമായി ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി.
ബോർഡർ ഗവാസ്കർ ട്രോഫി കെെവിട്ടതിനെ കുറിച്ചും ഗംഭീർ പ്രതികരിച്ചു. ടൂർണമെന്റിലെ പല മത്സരങ്ങളും ഇന്ത്യക്ക് ജയിക്കാൻ സാധിക്കുമായിരുന്നു. മെൽബണിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സിഡ്നിയിലെ രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കുമായിരുന്നു. ടെസ്റ്റ് ടീമിലെ ചില മേഖലകളിൽ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കാനുണ്ടെന്നും ഗംഭീർ വ്യക്തമാക്കി.
കേവലം പ്രതിരോധിക്കാൻ പോലും സാധിക്കാതെയാണ് ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി കെെവിട്ടത്. സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റിനായിരുന്നു പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും വിജയം. പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് പ്ലേയർ ഓഫ് ദി സീരീസ്. ഓസീസിന് മുന്നിൽ 162 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ മൂന്നാം ദിനത്തിൽ 157 റൺസിന് പുറത്തായി. പിന്നാലെ ഓസ്ട്രേലിയ നാല് വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 185, ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 181. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 157, ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 162-4.
പരമ്പര വിജയത്തോടെ ജൂൺ 11 ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് ഓസ്ട്രേലിയ യോഗ്യത നേടി. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. 10 വർഷമായി കയ്യടക്കി വച്ചിരിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയാണ് ടീം ഇന്ത്യ ഓസ്ട്രേലിയയ്ക്ക് നൽകിയത്. പെർത്തിൽ മാത്രമായിരുന്നു ഇന്ത്യയുടെ ജയം.