Gautam Gambhir: ഗംഭീറിനോളം ഗംഭീരമല്ലാത്ത കോച്ചിംഗ് പരിശീലനം! ഭാവി തീരുമാനിക്കുക ഓസ്ട്രേലിയൻ ടെസ്റ്റ്
India vs Australia Border Gavaskar Trophy And Gautam Gambhir Coaching Career Future: 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് പരിശീലക റോളിൽ ഗൗതം ഗംഭീറിന്റെ കാലാവധി. 2007-ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും, 2011-ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഗംഭീർ അംഗമായിരുന്നു.
ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത് ആരാധകർ വാഴ്ത്തി പാടിയ നിരവധി താരങ്ങളുണ്ട്. പ്രതിഭകൊണ്ട് സമ്പന്നനായിരുന്നെങ്കിലും അധികമാരും വാഴ്ത്തപ്പെടാതെ പോയ പേരാണ് ഗൗതം ഗംഭീറിന്റേത്. പല മത്സരങ്ങളും ടീം ഇന്ത്യയുടെ രക്ഷകനായി ഗംഭീർ പലപ്പോഴും അവതരിച്ചിട്ടുണ്ട്..! എന്നാൽ ഗംഭീറിന് പുതിയ ദൗത്യത്തിലാണ്. ടീം ഇന്ത്യയുടെ പരിശീലക റോളിൽ. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി പരിശീലിക റോളിലേക്ക് ഗംഭീർ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയർന്നു.
2024-ൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച മെന്ററെന്ന വിശേഷണവും ഗംഭീറിനുണ്ട്. കെകെആറിന്റെ നായകനായും ഐപിഎൽ കിരീടം ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് സുവർണ കാലത്ത് ഗംഭീർ പരിശീലകനായി എത്തിയപ്പോഴുള്ള പ്രതീക്ഷകളും വലുതായിരുന്നു. എന്നാൽ ഗംഭീറിനോളം ഗംഭീരമല്ല പരിശീലക റോളെന്ന് ആരാധകർ ഇന്ന് ഒരേ സ്വരത്തിൽ വിമർശനമുന്നയിക്കുന്നുണ്ട്.
ഗംഭീറിന് കീഴിലെ ടീം ഇന്ത്യ
സമ്മിശ്രമായ പ്രകടനമാണ് ഗംഭീറിന് കീഴിൽ ടീം ഇന്ത്യ കാഴ്ചവയ്ക്കുന്നത്. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് ടെസ്റ്റ് പരമ്പര 3-0-തിന് തോറ്റത് ഇന്ത്യൻ ആരാധകർക്ക് അത്രവേഗം ദഹിക്കില്ല. ടെസ്റ്റിന് മുമ്പ് ഒരു ദിവസം ഇന്ത്യൻ ടീമിന് 400 റൺസ് അടിച്ചെടുക്കാൻ സാധിക്കുമെന്ന് ഗംഭീർ പറഞ്ഞെങ്കിലും കീവിസിനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങി. ഇതോടെയാണ് ആരാധകർ ഗംഭീറിനെതിരെ തിരിഞ്ഞത്. ഗംഭീറിന് കീഴിലെ ടീം ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കക്കെതിരെ അവരുടെ നാട്ടിലായിരുന്നു. ലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരിയെങ്കിലും ഏകദിനത്തിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലായിരുന്നു. 2-0-തിന് കരുത്തരായ ഇന്ത്യയെ ശ്രീലങ്ക അട്ടിമറിച്ചു. 27 വർഷങ്ങൾക്ക് ശേഷമായിരുന്നു ലങ്കക്കെതിരായ ഒരു പരമ്പര ടീം ഇന്ത്യ കെെവിടുന്നത്. ടി20 ലോകകപ്പ് ടീമിലെ അംഗങ്ങളായിരുന്ന സീനിയർ താരങ്ങളും ലങ്കക്കെതിരെ കളത്തിലിറങ്ങിയിരുന്നു. ഇതോടെ ഗംഭീറിന് കീഴിൽ ഒരു ജയം പോലും ഇല്ലാതെ 2024-ലെ ഏകദിനം ടീം ഇന്ത്യ അവസാനിപ്പിച്ചു. 46 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ആരാധകർക്ക് ഇങ്ങനെയൊരു വേദന സഹിക്കേണ്ടി വരുന്നത്.
ബോർഡർ ഗവാസ്കർ ട്രോഫി
മുന്നോരുക്കമോ ഷോട്ട് സെലക്ഷനോ, തോൽവിയുടെ കാരണങ്ങൾ പഠിച്ചാകണം ബോർഡർ ഗവാസ്കർ ട്രോഫിക്കായി ഇന്ത്യ കളത്തിലിറങ്ങാൻ. പരമ്പരയിലെ ഒന്നാം ടെസ്റ്റിന് ഈ മാസം 22-ന് തുടക്കമാകാനിരിക്കെ ആദ്യ വിദേശ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്ന ഗംഭീറിനെ കാത്ത് വെല്ലുവിളികളുടെ ഒരു നിര തന്നെയുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോൽവി മറക്കാൻ ഓസ്ട്രേലിയൻ മണ്ണിൽ ഗംഭീറിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ അംഗങ്ങൾക്കും ടീം ഇന്ത്യക്കും വിജയം അനിവാര്യമാണ്.
ന്യൂസിലന്റിനെതിരെ തോൽവിയോടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനും കോട്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. ബോർഡർ ഗവാസ്കർ ട്രോഫിയിലും ടീം ഇന്ത്യക്ക് അടിപതറിയാൽ ടെസ്റ്റ് ടീം പരീശിലക സ്ഥാനത്ത് നിന്ന് ഗംഭീർ തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഏകദിന-ടി20 പരിശീലക സഥാനത്ത് ഗംഭീർ തുടർന്നാലും ടെസ്റ്റ് ടീമിന്റെ പരിശീലകനായി പുതിയൊരാളെ ബിസിസിഐ കൊണ്ടുവന്നേക്കും. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫി താരങ്ങൾക്ക് മാത്രമല്ല, ഗംഭീറിനും യഥാർത്ഥ ടെസ്റ്റായി മാറി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ ബെർത്ത് ഉറപ്പിച്ച് മുന്നേറിയിരുന്ന ഇന്ത്യൻ പ്രതീക്ഷകളെ തകർത്തത് ന്യൂസിലൻഡിനോടേറ്റ തോൽവിയാണ്. നിലവിലെ സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ വിദൂരമാണെങ്കിലും ഓസ്ട്രേലിയയ്ക്കെതിരെ 4-0 തിന് ജയിക്കാനായാൽ ഇന്ത്യ ഫെെനൽ കളിക്കും.
ടെസ്റ്റ് ടീം പരിശീലകൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റിനും ഒരു പരിശീലകൻ എന്ന രീതിയാണ് ബിസിസിഐ പിന്തുടരുന്നത്. ഗംഭീറിന് കീഴിൽ ഏകദിന-ടി20 ടീമുകളുടെ പ്രകടനം ബിസിസിഐയെ തൃപ്തിപ്പെടുത്തുന്നുണ്ട്. എന്നാൽ ടെസ്റ്റ് ടീമിന്റെ പ്രകടനത്തിനിടെ മുൻതാരങ്ങളും ആരാധകരും വിമർശനുമുന്നയിച്ചതോടെയാണ് ബിസിസിഐയും മാറി ചിന്തിക്കുന്നത്. ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് തെറിച്ചാൽ ബാക്കി ഫോർമാറ്റുകളിൽ ഗംഭീർ തുടരുമോ എന്നതും സംശയമാണ്. ടെസ്റ്റ് ടീമിന്റെ പരിശീലകനായി തുടരാൻ ഒരു പക്ഷേ അനുവദിച്ചാൽ ടീം സെലക്ഷനിൽ ഉൾപ്പെടെയുള്ള ഗംഭീറിന് നൽകിയിരിക്കുന്ന പൂർണ സ്വാതന്ത്ര്യം ബിസിസിഐ എടുത്ത് കളഞ്ഞേക്കും.
ഗംഭീറിന്റെ പകരക്കാരനായി ബിസിസിഐയുടെ ലിസ്റ്റിലുള്ള വ്യക്തി ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ചെയർമാൻ വി.വി.എസ്. ലക്ഷ്മണാണ്. ബിസിസിഐയുടെ ആവശ്യം താരം അംഗീകരിച്ചാൽ ലക്ഷമൺ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. എന്തായാലും ഗംഭീറിനെ സംബന്ധിച്ച് ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരീക്ഷണം കൂടിയാണ്. 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് പരിശീലക റോളിൽ ഗൗതം ഗംഭീറിന്റെ കാലാവധി. 2007-ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും, 2011-ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഗംഭീർ അംഗമായിരുന്നു. ഈ രണ്ട് ലോകകപ്പ് ഫെെനലുകളിലെയും ടോപ് സ്കോററും ഗംഭീറായിരുന്നു.