Gautam Gambhir : നാട്ടിലെ പരമ്പര പരാജയം മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടം വരെ; പരിശീലക റോളിൽ പരാജിതനായി ഗംഭീർ
Gautam Gambhir As Coach Analysis: ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി എത്തിയ ഗൗതം ഗംഭീറിന് തൊട്ടതൊക്കെ പിഴയ്ക്കുകയാണ്. 27 വർഷത്തിലാദ്യമായി ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര പരാജയപ്പെട്ടത് മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായി യോഗ്യത നേടാത്തത് വരെ ഗംഭീറിന് കീഴിലാണ്.
ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്തതിന് ശേഷം രാഹുൽ ദ്രാവിഡ് ടീമിൻ്റെ പരിശീലക സ്ഥാനമൊഴിയുമ്പോൾ തന്നെ പകരമെത്തുക ഗൗതം ഗംഭീറാവുമെന്ന് ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. ഗംഭീറിൻ്റെ പ്രൊഫൈലിൽ ബിസിസിഐ ഉപദേശകസമിതിയെ ആകർഷിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കി എന്നതായിരുന്നു. അതും പരിശീലകനായല്ല, ഉപദേശകനായി. ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനായിരുന്ന ഗംഭീറിന് അവരെ എന്തുകൊണ്ട് ചാമ്പ്യന്മാരാക്കാൻ സാധിച്ചില്ല എന്ന ചോദ്യമൊക്കെ ഉയർന്നിടത്ത് അടങ്ങി. അതായത് ഗംഭീറിൻ്റെ പ്രധാന പരിശീലക ദൗത്യം ആരംഭിച്ചത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പമായിരുന്നു എന്ന് ചുരുക്കം.
അതിൽ തെറ്റൊന്നുമില്ല. രവി ശാസ്ത്രിയുടെ ആദ്യ പരിശീലക വേഷവും ഇത് തന്നെയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ നന്നായറിയുന്ന, താരങ്ങളുമായി നല്ല ബന്ധമുള്ള, ഐപിഎൽ പരിശീലക സംഘത്തിനൊപ്പം പ്രവർത്തിച്ച ഗംഭീറിൽ ബിസിസിഐ കണ്ടത് ഒരു അഗ്രസീവായ ക്രിക്കറ്റായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയ സീസണിൽ പരീക്ഷിച്ചുവിജയിച്ച ശൈലി. നരേനെ ഓപ്പണിംഗ് ഇറക്കിയത് മുതൽ തുടങ്ങുന്ന ആക്രമണോത്സുകത. എന്നാൽ, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകനായ, പരിശീലിപ്പിച്ച ടീമിനെയൊക്കെ ചാമ്പ്യന്മാരാക്കിയിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റ് സീസണിൽ കൊൽക്കത്തയുടെ മുഖ്യ പരിശീലകനായിരുന്നു എന്ന വസ്തുതയും ഉയർന്നിടത്ത് പൊങ്ങി. സൂപ്പർ സ്റ്റാറുകളിലും സ്റ്റാർഡത്തിലും അഭിരമിയ്ക്കുന്ന ഇന്ത്യൻ ക്രിക്കറ്റിൻ്റെ ബോളിവുഡ് താരാരാധനാശൈലി പ്രോത്സാഹിപ്പിച്ച് പണമുണ്ടാക്കുന്ന ബിസിസിഐ ഗൗതം ഗംഭീറിൽ ഒരു സൂപ്പർ സ്റ്റാർ കോച്ചിനെ കണ്ടു.
2024 ജൂലായ് 9ന് ഔദ്യോഗികമായി ഇന്ത്യൻ പുരുഷ ടീം പരിശീലകനായി സ്ഥാനമേറ്റ ഗംഭീർ ആദ്യമായി ടീമിനൊപ്പം ചേർന്നത് ശ്രീലങ്കൻ പര്യടനത്തിലായിരുന്നു. ശ്രീലങ്കക്കെതിരെ ടി20 പരമ്പരയിൽ ഗംഭീർ ഉണ്ടായിരുന്നില്ല. ആ പരമ്പര ഇന്ത്യ തൂത്തുവാരി. ഏകദിന പരമ്പര മുതലാണ് ഗംഭീർ ടീമിനൊപ്പം ചേർന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ തകർന്നടിഞ്ഞു. ആദ്യ കളി സമനില. അടുത്ത രണ്ട് മത്സരങ്ങളിൽ ശ്രീലങ്കയ്ക്ക് വിജയം. നീണ്ട 27 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യ ശ്രീലങ്കയിൽ ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്. പിന്നീട് ബംഗ്ലാദേശിനെതിരെ ടെസ്റ്റ്, ടി20 പരമ്പരകൾ ആധികാരികമായി വിജയിക്കുന്നു. രണ്ട് പരമ്പരകളിലും ഇന്ത്യൻ ടീമിനെ അഗ്രസീവ് ബാറ്റിംഗ് ചർച്ചയാവുന്നു. എന്തുകൊണ്ട് ഗംഭീർ എന്ന ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചുതുടങ്ങുന്നു. മലയാളി താരം സഞ്ജു സാംസണെ ടി20യിൽ ഓപ്പണറായി പരിഗണിച്ചതും ബംഗ്ലാദേശിനെതിരായ പരമ്പര മുതലാണ്.
Also Read : ODI Cricket : പ്രതാപം മങ്ങിയ 50 ഓവർ ഫോർമാറ്റ്; ഷെഡ്യൂളുകളിൽ കൂടുതലും ടെസ്റ്റും, ടി20യും; ഏകദിനം ശരശയ്യയിൽ ?
നാട്ടിലെ പരിമിത ഓവർ മത്സരങ്ങൾ വിജയകരമായി അവസാനിച്ചു. ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തി. മൂന്നിൽ മൂന്നും ഇന്ത്യ തോറ്റു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഇന്ത്യ ഈ പരമ്പര പരാജയത്തോടെ സാധ്യതയിൽ പിന്നിലായി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ന്യൂസീലൻഡിനെതിരെ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നതും ചരിത്രത്തിലാദ്യമായി സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്നതും ആദ്യമായായിരുന്നു.
കളി വീണ്ടും പരിമിത ഓവറിലേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് ജയം. നാല് മത്സരങ്ങളിൽ മൂന്നും വിജയിച്ചാണ് ഇന്ത്യ മടങ്ങിയത്. ഈ പരമ്പരയിലും ഗംഭീർ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നില്ല. ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്കായി അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലായിരുന്നു. ബോർഡർ – ഗവാസ്കർ ട്രോഫിയിൽ പരമ്പര നഷ്ടപ്പെട്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യ പുറത്ത്. ചരിത്രത്തിലാദ്യമായി അങ്ങനെയൊരു നാണക്കേടിനും ആരാധകർ സാക്ഷ്യം വഹിച്ചു.
ഗംഭീറിൻ്റെ പരിശീലന പരിചയ മേഖലയായ ടി20യിൽ അദ്ദേഹം നേട്ടമുണ്ടാക്കി. ടീമിൻ്റെ അപ്രോച്ച് പൊളിച്ചെഴുതി. ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ നീളുന്ന ആക്രമണമെന്നത് ടീമിൻ്റെ അടയാളമാക്കി. സഞ്ജുവിനെ ഓപ്പണിംഗിലേക്കയച്ച് നേട്ടമുണ്ടാക്കി. രമൺദീപ് സിംഗ്, അഭിഷേക് ശർമ്മ, വരുൺ ചക്രവർത്തി തുടങ്ങിയവരെ നന്നായി ഉപയോഗിച്ചു. ഇതോടൊപ്പം നിതീഷ് കുമാർ റെഡ്ഡിയെ ടെസ്റ്റിൽ പരിഗണിച്ചതും വാഷിംഗ്ടൺ സുന്ദറെ ടെസ്റ്റ് സെറ്റപ്പിലേക്ക് തിരികെവിളിച്ചതും ഗംഭീർ ചെയ്ത ശരികളായിരുന്നു. എന്നാൽ, ടി20 മാറ്റിനിർത്തിയാൽ മറ്റ് രണ്ട് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിൻ്റെ പ്രകടനം മോശമായി. ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര തോറ്റതും ന്യൂസീലൻഡിനെതിരെ ടെസ്റ്റ് പരമ്പര അടിയറ വച്ചതും ഒരു ടീമെന്ന നിലയിൽ നമുക്ക് നാണക്കേടായിരുന്നു. ടെസ്റ്റ് ടീമിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നത് സത്യമാണ്. മോശം ഫോമിലുള്ള സീനിയർ ബാറ്റർമാർ മുതൽ ക്വാളിറ്റിയുള്ള തേർഡ് സീമറുടെ അഭാവം വരെ നമ്മുടെ പ്രശ്നങ്ങളായിരുന്നു. പക്ഷേ, ഇതിലും മോശം അവസ്ഥയിൽ മാൻ മാനേജ്മെൻ്റിൻ്റെ ഗുണം കൊണ്ട് കപ്പടിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. അത് ഏറ്റവും നന്നായി അറിയാവുന്നയാളായിരുന്നു രവി ശാസ്ത്രി. റിസർവ് താരങ്ങളെയടക്കം ഉപയോഗിച്ചാണ് ശാസ്ത്രിയും രഹാനെയും ചേർന്ന് മുൻപ്, ബോർഡർ – ഗവാസ്കർ ട്രോഫി നേടിയത്.
ടി20യിൽ ഗംഭീർ തുടരണം. ഏകദിനത്തിൽ തുടരണോ എന്നതിൻ്റെ സാമ്പിൾ സൈസ് ഒരു ശ്രീലങ്കൻ പര്യടനം നൽകില്ല. അത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തീരുമാനിക്കപ്പെടണം. ടെസ്റ്റ് ടീമിൽ വേറെ പരിശീലകൻ വരണം. ടീമും പൊളിച്ചെഴുതണം.