IND vs AUS: ഗാബയിലും ഓസീസ് തേരോട്ടം! സ്മിത്തിനും ഹെഡിനും സെഞ്ച്വറി, അഞ്ച് വിക്കറ്റുമായി ബുമ്ര
India vs Australia Gabba Test Update: സ്റ്റീവ് സ്മിത്തിന്റെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗാബയിൽ പിറന്നത്. ഇന്ത്യക്കെതിരെ നേടുന്ന താരത്തിന്റെ പത്താം സെഞ്ച്വറിയാണിത്.
ബ്രിസ്ബ്രെയ്ൻ: ഗാബ ടെസ്റ്റിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഓസീസ് താരങ്ങളുടെ ബാറ്റിൽ നിന്ന് പിറന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഗാബയിലെ ഓസ്ട്രേലിയൻ ആതിപഥ്യം അവസാനിപ്പിച്ച മണ്ണിൽ ഇന്ത്യ വീണ്ടും തോൽക്കുമോ എന്ന് പോലും ആരാധകർ ഭയപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് ജസ്പ്രീത് ബുമ്ര.
ഗാബയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് മികവിൽ ഇന്ത്യ മത്സരത്തിൽ തിരിച്ചുവരവിന്റെ പാതയിൽ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ 101 ഓവറിൽ 7 വിക്കറ്റിൽ 405 റൺസാണ് അടിച്ചെടുത്തത്. സെഞ്ച്വറികളുമായി കളംനിറഞ്ഞ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തുമാണ് ഓസ്ട്രേലിയയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 500 കടക്കുമായിരുന്ന ഓസ്ട്രേലിയൻ ഇന്നിംഗ്സ് രണ്ടാം ദിനം 400-ൽ പിടിച്ചു നിർത്തിയതിന് പിന്നിൽ ബുമ്രയുടെ മാജിക്കൽ സ്പെല്ലുകളാണ്.
സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനെ(101) രണ്ടാം ന്യൂബോൾ എടുത്തശേഷം ആദ്യം സ്ലിപ്പിൽ രോഹിത്തിൻറെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ അടുത്ത ഓവറിൽ മിച്ചൽ മാർഷിനെയും(5), ട്രാവിസ് ഹെഡിനെയും(152) പുറത്താക്കി ഓസീസിനെ 6 വിക്കറ്റ് നഷ്ടത്തിൽ 327 റൺസെന്ന നിലയിലേക്ക് തള്ളിയിട്ടതും ബുമ്രയാണ്. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് – ട്രാവിസ് ഹെഡ് 241 റൺസാണ് ഓസീസ് സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. സ്റ്റീവ് സ്മിത്തിന്റെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗാബയിൽ പിറന്നത്. ഇന്ത്യക്കെതിരെ നേടുന്ന താരത്തിന്റെ പത്താം സെഞ്ച്വറിയാണിത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം സെഞ്ച്വറിയാണ് ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്.
Making history 🤩#AUSvIND pic.twitter.com/kS7LWbfkec
— cricket.com.au (@cricketcomau) December 15, 2024
ALSO READ: ‘മിസ്സ് റ്റു മിസിസ്സ്’; പി.വി. സിന്ധുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയക്ക് വേണ്ടി 45 റൺസോടെ അലക്സ് ക്യാരിയും 7 റൺസോടെ മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഉസ്മാൻ ഖവാജ(21), നഥാൻ മക്സ്വീനി(9), മാർനസ് ലെബുഷെയ്ൻ(12), സ്റ്റീവ് സ്മിത്ത്(101),ട്രാവിസ് ഹെഡ്(152), മിച്ചൽ മാർഷ്(5), പാറ്റ് കമ്മിൻസ്(20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ബുമ്രയെ കൂടാതെ ഇന്ത്യക്കായി മുഹമ്മദ് സിറാജും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ സെഷനിൽ ഉസ്മാന് ഖവാജയെയും(20), നഥാൻ മക്സ്വീനിയെയും(9), മാർനസ് ലാബഷെയ്നിനെയും(12) പുറത്താക്കി ഓസീസിനെ 75 റൺസെന്ന നിലയിലേക്ക് തളളിയിട്ടെങ്കിലും പിന്നാലെ ക്രീസിലെത്തിയ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തും ചേർന്ന് തകർത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവർക്കും ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല.
ആദ്യ ദിനം ബ്രിസ്ബ്രെയ്നിൽ കനത്ത മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം ദിനവും മത്സരത്തിന് വെല്ലുവിളി ഉയർത്തുമെന്ന കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കിലും മഴ പെയ്തില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോഗ്യത നേടണമെങ്കിൽ ഇരും ടീമുകൾക്കും ഈ പരമ്പര ജയിക്കേണ്ടതുണ്ട്. ഇന്ത്യക്ക് ഇനി മറ്റ് ടീമുകളുമായുള്ള മത്സരം അവശേഷിക്കുന്നില്ല.