Anas Edathodika: 'മലപ്പുറത്ത് തുടങ്ങി മലപ്പുറത്ത് അവസാനിപ്പിച്ചു..' അനസ് എടത്തൊടിക ബൂട്ടഴിക്കുമ്പോൾ... | From Auto Driver to Veteran Indian Footballer, the story of Anas Edathodika Malayalam news - Malayalam Tv9

Anas Edathodika: ‘മലപ്പുറത്ത് തുടങ്ങി മലപ്പുറത്ത് അവസാനിപ്പിച്ചു..’ അനസ് എടത്തൊടിക ബൂട്ടഴിക്കുമ്പോൾ…

Anas Edathodika Carrer: കൊണ്ടോട്ടി ഇഎംഇഎ സ്കൂൾ, കോളജ്, മഞ്ചേരി എൻഎസ്എസ് കോളജ് ടീമുകളിലൂടെയാണ് സെന്റർ ബാക്ക് പൊസിഷനിൽ അനസ് കളിച്ചുവളർന്നത്.

Anas Edathodika: മലപ്പുറത്ത് തുടങ്ങി മലപ്പുറത്ത് അവസാനിപ്പിച്ചു.. അനസ് എടത്തൊടിക ബൂട്ടഴിക്കുമ്പോൾ...

Footballer Anas Edathodika (Image Credits: TV9 Malayalam)

Updated On: 

02 Nov 2024 13:05 PM

ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിരോധ നിരയിലെ കാവൽഭടൻ, അതായിരുന്നു മലപ്പുറംകാരൻ അനസ് എടത്തൊടിക. ഓട്ടോറിക്ഷ ഡ്രെെവറിൽ നിന്ന് ഇന്ത്യൻ ടീമിലെത്തി സ്വപ്നസാക്ഷാത്കാരം കൈവരിച്ച മലയാളികളുടെ സ്വന്തം അനസ് ഇക്ക. കൊണ്ടോട്ടി സ്വദേശിയായ അനസ് വീട്ടിലെ പ്രാരാബ്ദം മൂലമാണ് ഓട്ടോറിക്ഷാ തൊഴിലാളിയുടെ കാക്കി അണിഞ്ഞ് ഒഴിവുസമയങ്ങളിൽ സ്ഥിരമായി സെവെൻസ് കളിക്കാൻ പോയിൽ. അങ്ങനെ പുൽമെെതാനങ്ങളിൽ കഴിവ് തെളിയിച്ചതോടെയാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് അനസിനെ തേടി വിളിയെത്തുന്നത്. പ്രാരാബ്ദങ്ങൾക്കിടയിലും കാൽപന്തിനോടുള്ള മൊഹബത്ത് വിടാതെ നെഞ്ചോട് ചേർത്തപ്പോൾ ഒടുവിൽ എത്തിച്ചേർന്നത് ഇന്ത്യൻ ഫുട്ബോളിലേക്ക്.

2017 മാർച്ചിൽ തന്റെ 30–ാം വയസ്സിലാണ് ദേശീയ ടീം ജഴ്സിയിൽ അനസ് അരങ്ങേറിയത്. അതിന് ശേഷം സെന്റർ ബാക്ക് പൊസിഷനിൽ കളിച്ച താരം മുൻ ഇന്ത്യൻ പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റൈന്റെ വിശ്വസ്തനായിരുന്നു. രാജ്യത്തിന് വേണ്ടി 21 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2019 ജനുവരി 15 ന് ഏഷ്യൻ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ബഹ്റിനോട് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് അനസ് എടത്തെടിക ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അനസിനൊപ്പം അന്ന് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈനും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2019-ൽ ട്രൈനേഷൻസും 2018-ൽ ഇന്റർ കോണ്ടിനെന്റൽ കപ്പും നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നു ഈ മലപ്പുറത്തുകാരൻ.

കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്ത് വീട്ടിൽ മുഹമ്മദ്കുട്ടിയുടെയും ഖദീജയുടെയും മകനാണ് അനസ്. കൊണ്ടോട്ടി ഇഎംഇഎ സ്കൂൾ, കോളജ്, മഞ്ചേരി എൻഎസ്എസ് കോളജ് ടീമുകളിലൂടെയാണ് സെന്റർ ബാക്ക് പൊസിഷനിൽ അനസ് കളിച്ചുവളർന്നത്. 2007-ൽ മുംബെെ എഫ്സിയിലൂടെ ഐലീ​ഗിലേക്ക്. 2011ൽ പൂനെ എഫ്സിയിൽ. 2013-ൽ ഐലീ​ഗിൽ പൂനെയെ നയിച്ചു. 2012-13 സീസണിൽ ക്ലബ്ബിന്റെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ആ​ദ്യ ഇന്ത്യൻ പ്രതിരോധനിര താരവും അനസ് എടത്തൊടികയായിരുന്നു എന്നത് ശ്രദ്ധേയം. 2017 ലോണിൽ മോഹൻ ബ​ഗാനായി ബൂട്ടണിഞ്ഞു. ഈ സമയത്ത് രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടി.

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ വരവോടെ അനസ് വീണ്ടും കളിക്കളത്തിലെ താരമായി. ടൂർണമെന്റിന്റെ നാലാം സീസണിൽ ഇന്ത്യൻ താരങ്ങളിലെ ഏറ്റവും വിലയേറിയ താരം അനസ് എടത്തൊടികയായിരുന്നു.ആ സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിക്കാനെത്തിയ ജംഷഡ്പുർ എഫ്സി1.10 കോടി രൂപയ്ക്കാണ് അനസിനെ കൊത്തിയെടുത്തത്. ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസ്, കേരളാ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സി, മോഹൻ ബ​ഗാൻ കൊൽക്കത്ത എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്.

ശേഷം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ​ഗോകുലം കേരളയിലേക്ക് തിരിച്ചെത്തി. പിന്നാലെ പ്രഥമ കേരള സൂപ്പർ ലീ​ഗിൽ മലപ്പുറം എഫ്സിയുടെ നായകൻ. സൂപ്പർ ലീ​ഗിന്റെ ​ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും അനസ് എടത്തൊടിക വിരമിക്കൽ പ്രഖ്യാപിച്ചു.

“ബൂട്ടഴിക്കാനുള്ള സമയമായിരിക്കുന്നു, പ്രൊഫഷണൽ ഫുട്ബോളിനോട് വിട.. മലപ്പുറത്തെ ​ഗ്രൗണ്ടിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ പന്തുതട്ടി. പന്തിന്‌ പിറകെയുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിയ സഞ്ചാരം. ഒന്നുമില്ലായ്മയിൽ നിന്നാണ് ആരംഭം. കയ്യിലുണ്ടായിരുന്നത് പ്രതീക്ഷയും കാൽപന്തിനോടുള്ള സ്നേഹവും മാത്രമായിരുന്നു. ഈ മണ്ണിൽ നിന്നായിരുന്നു തുടക്കം..മലപ്പുറത്തിന്റെ മണ്ണിൽ വെച്ച തന്നെ ഞാൻ ഈ അധ്യായം അവസാനിപ്പിക്കുന്നു….” അനസ് എടത്തൊടിക

ആരോഗ്യമുള്ള ചർമ്മത്തിന് ആര്യവേപ്പ് ഫേസ്പാക്ക്
കട്ടൻ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
റെയിൽവേ നെറ്റ്‌വർക്ക് ഇല്ലാത്ത രാജ്യങ്ങൾ
മുടികൊഴിച്ചിൽ മാറ്റാൻ രാവിലെ ഒരു സ്പൂൺ നെയ്യ് ശീലമാക്കൂ