TK Chathunni Passed Away : മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
TK Chathunni Passed Away : മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായി ടികെ ചാത്തുണ്ണി അന്തരിച്ചു. സൂപ്പർ പരിശീലകനായി അറിയപ്പെടുന്ന ചാത്തുണ്ണി പരിശീലിപ്പിച്ച ടീമുകളിൽ നിന്നൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേരളത്തിനും ഗോവയ്ക്കുമായി സന്തോഷ് ട്രോഫി കളിച്ച ചാത്തുണ്ണി മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, എഫ്‌സി കൊച്ചിൻ, ഡെംപോ ഗോവ, എംആർഎഫ് എന്നീ ടീമുകളെ പരിശീലിപ്പിച്ചു. ഐഎം വിജയൻ അടക്കമുള്ളവരെ ചാത്തുണ്ണി പരിശീലിപ്പിച്ചിട്ടുണ്ട്.
കളിക്കാരൻ എന്നതിനപ്പുറം പരിശീലകനെന്ന നിലയിൽ ചാത്തുണ്ണി ഇന്ത്യൻ ഫുട്ബോളിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കളിക്കാരൻ എന്ന നിലയിൽ 15 വർഷം നീണ്ട കരിയർ, ഹൈ സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലറിയാതെ ഫുട്ബോൾ ടീമിൽ ചേരാൻ പോയതിൽ നിന്നാണ് തുടങ്ങിയത്.
കേരള പൊലീസ് ടീമിനെ പരിശീലിപ്പിച്ച ചാത്തുണ്ണി ആദ്യമായി ഫെഡറേഷൻ കിരീടം കേരളത്തിലെത്തിച്ചു. കേരള പൊലീസിനെ രാജ്യത്തെ മികച്ച ടീമുകളിൽ ഒന്നാക്കിയ ചാത്തുണ്ണി എഫ്സി കൊച്ചിനെയും ഇതേ നിലവാരത്തിലെത്തിച്ചു. 97ൽ സാൽഗോക്കറിലൂടെ അദ്ദേഹം വീണ്ടും ഫെഡറേഷൻ കപ്പ് നേടി. തൊട്ടടുത്ത വർഷം മോഹൻ ബഗാനിലൂടെ നാഷണൽ ഫുട്ബോൾ ലീഗും അദ്ദേഹം നേടി. 79 ൽ കേരള സന്തോഷ് ട്രോഫി ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ‘ഫുട്‌ബോള്‍ മൈ സോള്‍’ എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്.