5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters New Coach: മുങ്ങിത്താഴുന്ന ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ആര് വരും? മാനേജ്മെന്റിന്റെ പരി​ഗണനയിൽ ഡസ് ബെക്കിങ്ങാം

Kerala Blasters New Head Coach Rumors: ഐഎസ്എല്ലിന്റെ 11 സീസണുകളിലായി ബ്ലാസ്റ്റേഴ്സ് പുറത്താക്കുന്ന നാലാമത്തെ പരിശീലകനാണ് മിക്കേൽ സ്റ്റാറെ. പീറ്റർ ടെയ്ലർ (2025), റെനെ മ്യൂലൻസ്റ്റീൻ (2017), ഡേവിഡ് ജയിംസ് (2018) എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് പാതി വഴിയിൽ ഇതിന് മുമ്പ് പുറത്താക്കിയിട്ടുള്ളത്.

Kerala Blasters New Coach: മുങ്ങിത്താഴുന്ന ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ആര് വരും? മാനേജ്മെന്റിന്റെ പരി​ഗണനയിൽ ഡസ് ബെക്കിങ്ങാം
Des Buckingham and Kerala Blasters (Image Credits: Social Media)
athira-ajithkumar
Athira CA | Published: 18 Dec 2024 09:21 AM

കൊച്ചി: മുഖ്യപരിശീലകനെ പുറത്താക്കിയതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാകും എന്ന ചർച്ചയിലാണ് ആരാധകർ. മുംബെെ സിറ്റി എഫ്സിയെ ഐഎസ്എൽ ജേതാക്കളാക്കിയ ഡസ് ബെക്കിങ്ങവുമായി മാനേജ്മെന്റ് ചർച്ച നടത്തിയതായി റിപ്പോർട്ട്. ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലൊബേറ, മുൻ പരിശീലകൻ എൽകോ ഷട്ടോരി, അന്റോണിയോ ലോപ്പസ് ഹബ്ബാസ് എന്നിവരെ ടീമിലെത്തിക്കാനുള്ള നീക്കം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്ന് നടക്കുന്നുണ്ട്. ഗോവയുടെ മുൻ പരിശീലകൻ യുവാൻ ഫെറാണ്ടോയും പരി​ഗണനയിലുള്ള പേരാണ്.

മുൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ തിരികെ എത്തിക്കണമെന്ന മുറവിളി ആരാധകർ ഉയർത്തുന്നുണ്ടെങ്കിലും മാനേജ്മെന്റ് ഇവാനെ മടക്കി വിളിക്കില്ലെന്നാണ് വിവരം. തുടർച്ചയായ സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിച്ച പരിശീലകനാണ് ഇവാൻ വുകമനോവിച്ച്. വിളിച്ചാൽ തിരിച്ചുവരുമെന്ന് പറയുന്നുണ്ടെങ്കിലും അന്താരാഷ്ട്ര കായിക കോടതിയിലടക്കം തന്നെ തള്ളിപ്പറഞ്ഞ ടീമിലേക്ക് തിരികെ വരാൻ ആരാധകരുടെ ആശാൻ തയ്യാറാകുമോ എന്നതും കണ്ടറിയണം.

മുംബെെ സിറ്റി എഫ്സിയെ ഐഎസ്എൽ ജേതാക്കളാക്കിയ പരിശീലകനാണ് ഡസ് ബെക്കിങ്ങാം. 71 മത്സരങ്ങളിൽ മുംബെെയെ പരിശീപ്പിച്ച ബെക്കിങ്ങാം എഎഫ്സി ചാമ്പ്യൻസ് ലീ​ഗിലെ ഒരു ഇന്ത്യൻ ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനത്തിനും നേതൃത്വം നൽകിയിരുന്നു. ന്യൂസിലൻഡ് അണ്ടർ 20, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ച ഡസ് ബെക്കിങ്ങാം ന്യൂസിലൻഡ് ദേശീയ ടീമിന്റെ താത്കാലിക പരിശീലകന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ലീഗ് വൺ ക്ലബ്ബായ ഓക്സ്ഫോർഡ് യൂണെറ്റഡിന്റെ പരിശീലകനായിരുന്ന ബെക്കിങ്ങാമിനെ കഴിഞ്ഞ ദിവസം ക്ലബ്ബും പുറത്താക്കിയിരുന്നു.

ALSO READ: മികച്ച താരമായി വിനീഷ്യസ് ജൂനിയർ; വനിതാ പുരസ്‌കാരം ബോണ്‍മാറ്റിക്ക്, പുഷ്കാസ് നേട്ടത്തിൽ ഗര്‍നാച്ചോ

പ്ലേ ഓഫ് സാധ്യത മങ്ങിയ ബ്ലാസ്റ്റേഴ്സ് പോലുള്ള ശരാശരി ടീമിനെ പരിശീലിപ്പിക്കാൻ ബെക്കിങ്ങാം എത്തുമോ എന്നത് സംശയമാണ്. പരിശീലക സ്ഥാനത്തേക്ക് ബെക്കിങ്ങാം എത്തിയാൽ ജനുവരിയിൽ ടീം അടിമുടി മാറുമെന്ന് ഉറപ്പ്. ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയുന്ന ബെക്കിങ്ങാം ഒരു പക്ഷേ മാനേജ്മെന്റിന്റെ ഓഫർ സ്വീകരിച്ചേക്കും. അഭ്യൂഹങ്ങളിൽ മുൻ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാകിന്റെ പേരുമുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ കപ്പിത്താന്മാരുടെ ചുരുക്കപ്പട്ടിക സപോർട്ടിം​ഗ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ബിക്ക് നൽകിയതായാണ് വിവരം.

ഐഎസ്എല്ലിന്റെ 11 സീസണുകളിലായി ബ്ലാസ്റ്റേഴ്സ് പുറത്താക്കുന്ന നാലാമത്തെ പരിശീലകനാണ് മിക്കേൽ സ്റ്റാറെ. പീറ്റർ ടെയ്ലർ (2025), റെനെ മ്യൂലൻസ്റ്റീൻ (2017), ഡേവിഡ് ജയിംസ് (2018) എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് പാതി വഴിയിൽ ഇതിന് മുമ്പ് പുറത്താക്കിയിട്ടുള്ളത്. പുറത്താക്കിയ പരിശീലകൻ മിക്കേൽ സ്റ്റാറെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് മടങ്ങി. വികാരഭരിതമായ യാത്രയയപ്പായിരുന്നു ആരാധക കൂട്ടായ്മയായ മഞ്ഞപ്പട സ്റ്റാറെയ്ക്ക് നൽകിയത്. പരിശീലകനെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള മാനേജ്മെന്റ് ശ്രമത്തെ മഞ്ഞപ്പടയും എതിർക്കുന്നുണ്ട്.

ടീമിന്റെ പ്രകടനം ശരാശരിയിലും മോശം ആകുമ്പോൾ ആരാധകരുടെ കണ്ണിൽ പൊടിയിടാനായി പരിശീലകനെ പുറത്താക്കുകയാണ് മാനേജ്‌മെന്റ് ചെയ്യാറുള്ളത്. ഇത്തവണയും അത് ആവർത്തിച്ചു. മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനെ യാതൊരു കാരണങ്ങളുമില്ലാതെയാണ് പുറത്താക്കിയത്. ആ നീക്കത്തെ ചോദ്യംചെയ്തപ്പോൾ ടീമിനാവശ്യമായ താരങ്ങളെയും ചേരുന്ന പരിശീലകനെയും എത്തിച്ചിട്ടുണ്ടെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നൽകിയ മറുപടി. ഇനിയും ആരാധകരെ പറ്റിക്കുന്ന മാനേജ്മെന്റ് നയം അം​ഗീകരിക്കാനാവില്ലെന്നും സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും മഞ്ഞപ്പട അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പരിശീലകൻ ചുമതലയേറ്റെടുക്കുമെന്നാണ് ക്ലബ്ബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ ടീമിന്റെ സഹപരിശീലകനായ ടിജി പുരുഷോത്തമനും റിസർവ്വ് ടീം പരിശീലകൻ തോമാസ് കോർസിനുമാണ് താത്കാലിക ചുമതല. 22-ന് കൊച്ചിയിൽ മുഹമ്മദൻസ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി നിസഹരണം പ്രഖ്യാച്ചിരിക്കുകയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. അതുകൊണ്ട് തന്നെ കാലിയായ സ്റ്റേഡിയത്തിലായിരിക്കും ബ്ലാസ്റ്റേഴ്സ് പന്തു തട്ടാൻ ഇറങ്ങേണ്ടി വരിക.