Cricket In Olympics : 128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റെത്തുന്നു; ടി20 ഫോർമാറ്റിൽ ആറ് ടീമുകൾ ഏറ്റുമുട്ടും
Cricket In Los Angeles Olympics 2028 : 100 രാജ്യങ്ങളിലായി നടത്തുന്ന യോഗ്യത മത്സരത്തിൽ നിന്നുമാണ് ആറ് ടീമുകളെ കണ്ടെത്തുക. ആതിഥേയരായ അമേരിക്കയും പുരുഷ, വനിത ടി20 ലോകകപ്പ് ജേതാക്കൾക്കും ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിച്ചേക്കും.

128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സിൻ്റെ ഭാഗമാകുന്നു. ആറ് ടീമുകളെ അണിനിരത്തി 2028ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ മത്സരയിനമാക്കാനുള്ള എൽഎ28 ഓർഗനൈസിങ് കമ്മിറ്റിയുടെ ആവശ്യത്തിന് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അനുമതി നൽകി. ആറ് ടീമുകളിൽ നിന്നായി 90 താരങ്ങളാണ് ക്രിക്കറ്റിനായി ലോസ് ആഞ്ചലസിലേക്ക് വിമാനം കയറുക. ടി20 ഫോർമാറ്റിലാകും ക്രിക്കറ്റ് ഒളിമ്പിക്സിൽ മാറ്റുരയ്ക്കുക.
ക്രിക്കറ്റുൾപ്പടെ എൽഎ ഒളിമ്പിക്സിൽ അഞ്ച് ഇനങ്ങൾക്കാണ് അധികമായി ഐഒസി അനുമതി നൽകിയത്. സ്ക്വാഷ്, ഫ്ലാഗ് ഫുട്ബോൾ, ബേസ്ബോൾ, ലാക്രോസ് എന്നിവയാണ് ലോസ് ആഞ്ചലോസ് ഒളിമ്പിക്സിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് കായിക ഇനങ്ങൾ. ഈ അഞ്ച് ഇനിങ്ങൾക്ക് പുറമെ ആകെ 351 ഇനങ്ങളാണ് എൽഎ ഒളിമ്പിക്സിലുണ്ടാകുക. പാരിസ് ഒളിമ്പിക്സിനെക്കാളും 22 മത്സരയിനങ്ങളാണ് ലോസ് ആഞ്ചലോസ് ഒളിമ്പിക്സിൽ ഉണ്ടാകുക. പ്രധാന ഒളിമ്പക്സി ഇനങ്ങളിലായി 10,500 അത്ലെറ്റുകളും ക്രിക്കറ്റ് ഉൾപ്പെടെയുള്ള മറ്റ് താൽക്കാലിക ഇനങ്ങൾക്കായി 698 അത്ലെറ്റുകളുമാണ് ലോസ് ആഞ്ചലോസിലേക്കെത്തുക.
അതേസമയം ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ അവസരം ലഭിക്കുന്ന ആറ് ക്രിക്കറ്റ് ടീമുകളെ കണ്ടെത്തുന്നത് എങ്ങനെയാണെന്ന് ഇനിയും തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. 100 രാജ്യങ്ങളെ അണിനിരത്തിയാകും യോഗ്യത ഘട്ടം സംഘടിപ്പിക്കാൻ സാധ്യത. ആതിഥേയരായ യുഎസിന് നേരിട്ട് യോഗ്യത നേടാനാകും.




അടുത്തിടെയാണ് കായികമേളകളിൽ ക്രിക്കറ്റിന് പ്രധാന്യം ലഭിച്ച് തുടങ്ങിയത്. ഇംഗ്ലണ്ടിലെ ബ്രിമിങ്ഹാമിൽ വെച്ച് നടന്ന 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ടി20 ക്രിക്കറ്റ് മത്സരയിനിമായി ഉൾപ്പെടുത്തിയിരുന്നു. അതിൽ ഓസ്ട്രേലിയ സ്വർണം നേടിയപ്പോൾ ഇന്ത്യൻ വനിതകൾ വെള്ളിയും സ്വന്തമാക്കി. 2023ൽ ചൈനയിലെ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിത ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 14 പുരുഷ ടീമും ഒമ്പത് വനിത ടീമും പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിലെ ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സുവർണനേട്ടം സ്വന്തമാക്കിയത്.
ALSO READ : IPL 2025: നന്നായി കളിച്ചാൽ ഐപിഎൽ ഉപേക്ഷിച്ച് ആളുകൾ പിഎസ്എൽ കാണും; അവകാശവാദവുമായി ഹസൻ അലി
2021 മുതൽ ക്രിക്കറ്റിനെ ലോസ് ആഞ്ചലോസ് ഒളിമ്പിക്സിൻ്റെ ഭാഗമാക്കാനുള്ള ശ്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആരംഭിച്ചിരുന്നു. ഇതറിയിച്ച് കൊണ്ട് ഐസിസി ഐഒസിക്കും എൽഎ28 ഓർഗനൈസിങ് കമ്മിറ്റിക്കും ഇൻ്റെൻ്റ് അയച്ചിരുന്നു. 2023 ഒക്ടോബറിലാണ് എൽ28 ഓർഗനൈസിങ് കമ്മിറ്റി ക്രിക്കറ്റ് അഞ്ച് കായികയിനങ്ങൾ ഒളിമ്പിക്സിൻ്റെ ഭാഗമാക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ഇന്നലെ ഏപ്രിൽ ഒമ്പതാം തീയതി എൽഎ28 ഓർഗനൈസിങ് കമ്മിറ്റിയുടെ തീരുമാനത്തിന് ഐഒസി അനുമതി നൽകിയത്.
2028 ഒളിമ്പക്സിന് ശേഷം 2032ൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ നടക്കാൻ പോകുന്ന കായിക മാമാങ്കത്തിലും ക്രിക്കറ്റ് ഭാഗമായേക്കും. 1900ൽ പാരീസിൽ വെച്ച് നടന്ന ഒളിമ്പിക്സലാണ് ക്രിക്കറ്റ് ഏറ്റവും അവസാനമായി ഒളിമ്പിക്സിൻ്റെ ഭാഗമായിട്ടുള്ളത്. അന്ന് നടന്ന ഏക മത്സരത്തിൽ ബ്രിട്ടണും ഫ്രാൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്.