5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fifa The Best Awards 2024: മികച്ച താരമായി വിനീഷ്യസ് ജൂനിയർ; വനിതാ പുരസ്‌കാരം ബോണ്‍മാറ്റിക്ക്, പുഷ്കാസ് നേട്ടത്തിൽ ഗര്‍നാച്ചോ

Fifa The Best Awards 2024 Winners: ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്ന ആറാമത്തെ ബ്രസീലിയൻ താരമാണ് വിനീഷ്യസ് ജൂനിയർ. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക മുമ്പ് ഈ നേട്ടം കെെവരിച്ച ബ്രസീൽ താരങ്ങൾ.

Fifa The Best Awards 2024: മികച്ച താരമായി വിനീഷ്യസ് ജൂനിയർ; വനിതാ പുരസ്‌കാരം ബോണ്‍മാറ്റിക്ക്, പുഷ്കാസ് നേട്ടത്തിൽ ഗര്‍നാച്ചോ
Vinicius Junior (Image Credits: Social Media)
athira-ajithkumar
Athira CA | Published: 18 Dec 2024 06:42 AM

ദോഹ: ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ആണ് ഫിഫയുടെ ഏറ്റവും മികച്ച പുരഷതാരം. സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റി മികച്ച വനിതാ താരമായി. തുടർച്ചയായ രണ്ടാം വർഷമാണ് സ്പാനിഷ് താരത്തെ മികച്ച രണ്ടാമത്തെ താരമാക്കി മാറ്റിയത്. വിവിധ ടൂർണമെന്റുകളിൽ സ്പെയിനിന് ആയും ബാഴ്‌സലോണയ്ക്കായും മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് എയ്റ്റാനയെ വീണ്ടും മികച്ച താരമായി തെരഞ്ഞെടുത്തത്. മുന്നേറ്റനിര താരം ഈ വർഷത്തെ ബാലൺ ദ് ഓർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ട വിനീഷ്യസ് ജൂനിയറിന് നേരിയ വ്യത്യാസത്തിനായിരുന്നു ഇത്തവണത്തെ ബാലൺ ദ് ഓർ പുരസ്കാരം നഷ്ടമായത്. അതുകൊണ്ട് തന്നെ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം താരത്തിന് ഇരട്ടിനേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഖത്തറിലെ ആസ്പയർ അക്കാദമിയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2023 ഓഗസ്റ്റിനും 2024 ഓഗസ്‌റ്റിനും ഇടയിലുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടിം​ഗിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. .

റയൽ മഡ്രിഡിന്റെ മുന്നേറ്റത്തിൽ നടത്തിയ മിന്നും പ്രകടനമാണ് ബ്രസീലിയൻ വിങ്ങറെ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കാനുള്ള കാരണം.
കഴിഞ്ഞ സീസണിലെ റയലിന്റെ ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിൽ മുഖ്യപങ്ക് വഹിക്കാൻ താരത്തിനായിരുന്നു. 48 വോട്ടുകൾ നേടിയാണ് വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ മികച്ച പുരുഷ താരമായത്. റോഡ്രി, കിലിയൻ എംബാപ്പെ, ഏർലിം​ഗ് ഹാളണ്ട്, ലയണൽ മെസ്സി എന്നിവരെ പിന്തള്ളിയാണ് വിനീഷ്യസ് മികച്ച താരമായത്. ക്രിസ്റ്റ്യാനോ റെണാൾഡോ ഫിഫാ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നില്ല.

സ്പാനിഷ് താരം റോഡ്രി 43 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും, ജൂഡ് ബെല്ലിംഗ്ഹാം 37 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമാണ്. 31 വോട്ടുകളുമായി ഡാനി കാർവാജല്ലാണ് നാലാം സ്ഥാനത്താണ്. സ്‌പെയിനിൻ്റെ യുവതാരം ലാമിൻ യമാൽ 30 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്തി. ലയണൽ മെസി 25 വോട്ടുകളുമായി ആറാം സ്ഥാനത്താണ്. 18 വോട്ടുകളുമായി ടോണി ക്രൂസും ഏർലിം​ഗ് ഹാളണ്ടുമാണ് യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിൽ. ഒമ്പതാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെക്ക് 14 വോട്ടുകളാണ് നേടാനായത്. എട്ട് വോട്ടുകളുമായി ഫ്ലോറിയൻ വിർട്സ് ആദ്യ 10-ൽ ഇടംപിടിച്ചു.

ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്ന ആറാമത്തെ ബ്രസീലിയൻ താരമാണ് വിനീഷ്യസ് ജൂനിയർ. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക മുമ്പ് ഈ നേട്ടം കെെവരിച്ച ബ്രസീൽ താരങ്ങൾ. 2007-ന് ശേഷം ആദ്യമായാണ് ഒരു ബ്രസീലിയൻ താരം ഈ നേട്ടം കെെവരിക്കുന്നത്. 2007-ൽ കക്കയായിരുന്നു ഈ നേട്ടം കെെവരിച്ച അവസാന ബ്രസീൽ താരം. 24-കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരങ്ങളിൽ നിന്ന് അഞ്ച് ​ഗോളുകളാണ് സ്വന്തമാക്കിയത്. റയലിനായി 284 മത്സരത്തിൽ നിന്ന് 96 തവണയും വലകുലുക്കി. 2022 ലും 2023 ലും ലയണൽ മെസിയായിരുന്നു ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയത്.

ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങൾ

  1. മികച്ച പുരുഷ താരം: വിനീഷ്യസ് ജൂനിയർ
  2. മികച്ച വനിതാ താരം: എയ്റ്റാന ബോൺമാറ്റി
  3. മികച്ച പുരുഷ പരിശീലകൻ: കാർലോ ആഞ്ചലോട്ടി
  4. മികച്ച വനിതാ കോച്ച്: എമ്മ ഹെയ്സ്
  5. മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനെസ്
  6. മികച്ച വനിതാ ഗോൾകീപ്പർ: അലീസ നെഹർ
  7. പുഷ്കാസ് അവാർഡ്: അലസാൻഡ്രോ ഗർനാച്ചോ
  8. മാർത്ത അവാർഡ്: മാർത്ത
  9. ഫിഫ ഫെയർ പ്ലേ അവാർഡ്: തിയാഗോ മയ
  10. FIFA ഫാൻ അവാർഡ്: ഗ്വില്ലർമോ ഗ്രാൻഡ മൗറ