Shafali Verma : ഫോം ഔട്ടായി ടീമിന് പുറത്തേക്ക്, തിരിച്ചുവരവിനുള്ള കഠിനശ്രമത്തില്‍ ഷഫാലി; ‘പ്രതിസന്ധി’യാകുന്നത് പ്രതികയുടെ പ്രതിഭ
Indian Women Cricket Team : ഫോം ഔട്ടായാണ് ഷഫാലി വര്‍മ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ് താരം. എന്നാല്‍ പ്രതിക റാവലിന്റെ പ്രതിഭയാണ് ഷഫാലിയുടെ തടസം. കിട്ടിയ അവസരങ്ങള്‍ മികച്ച രീതിയില്‍ മുതലാക്കിയ താരമാണ് പ്രതിക. ചുരുങ്ങിയ നാളുകള്‍കൊണ്ട് പുറത്തെടുത്തത് മാസ്മരിക പ്രകടനം
ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ്…ഇങ്ങനെ എന്തിനും പോന്ന താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ വളരെ കുറവാണ്. എന്നാല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അത്തരത്തിലൊരു പ്രതിഭയുണ്ട്. പേര് ഷഫാലി വര്‍മ. വെറും 20 വയസ് മാത്രം പ്രായം. 15-ാം വയസില്‍ രാജ്യാന്തര തലത്തില്‍ അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് ഷെഫാലി. 2019ല്‍ ടി20യിലൂടെയാണ് ഷെഫാലി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം പ്രതിഭ തെളിയിച്ചു. 2021ല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച പ്രായം കുറഞ്ഞ താരമായി. 2022ല്‍ ടി20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററെന്ന നേട്ടവും ഷഫാലി സ്വന്തമാക്കി.
2023ല്‍ അണ്ടര്‍ 19 ടി20 കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് ഷെഫാലിയായിരുന്നു. മിതാലി രാജിന് ശേഷം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഏക വനിതാ താരവും ഷെഫാലിയാണ്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നേട്ടങ്ങള്‍ കരിയറില്‍ എഴുതിച്ചേര്‍ത്ത, ഭാവിയിലെ താരമെന്ന് വിലയിരുത്തപ്പെട്ട ഷഫാലി ഇന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ്. ഫോം ഔട്ടില്‍ കുരുങ്ങി അപ്രതീക്ഷിതമായാണ് താരം ടീമിന് പുറത്തായത്.
തിരിച്ചുവരവിനുള്ള കഠിനശ്രമം
കഴിഞ്ഞ നവംബറിലാണ് താരം ദേശീയ ടീമില്‍ നിന്ന് പുറത്താകുന്നത്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള പരിശ്രമത്തിലാണ്. ചെന്നൈയിൽ നടക്കുന്ന സീനിയർ വനിതാ ഏകദിന ചലഞ്ചർ ട്രോഫിയാണ് ഷഫാലി തിരിച്ചുവരവിനുള്ള അവസരമായി കാണുന്നത്. മികച്ച പ്രകടനമാണ് താരം ടൂര്‍ണമെന്റില്‍ കാഴ്ചവച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് 388 റണ്‍സ് നേടിയ ഷഫാലിയായിരുന്നു ടൂര്‍ണമെന്റിലെ താരം.
സ്വന്തം ബാറ്റിംഗിലും കഴിവിലും വിശ്വസിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടെന്നും, അവര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ഷഫാലി പ്രതികരിച്ചു. ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിനലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാമെന്ന പ്രതീക്ഷയിലാണ് താരം. വരാനിരിക്കുന്ന വനിതാ പ്രീമിയര്‍ ലീഗും ഷഫാലിക്ക് നിര്‍ണായകമായിരിക്കും.
Read Also : അണ്ടർ 19 വനിതാ ലോകകപ്പ് ചരിത്രത്തിൽ മലേഷ്യയുടെ ആദ്യ വിക്കറ്റ്; വിതുമ്പി 15 വയസുകാരിയായ ബൗളർ
നേരിട്ട പ്രതിസന്ധി
ടീമില്‍ നിന്ന് പുറത്താകുന്നതിന് രണ്ട് ദിവസം മുമ്പ് തന്റെ പിതാവ് സഞ്ജീവ് വര്‍മ്മയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് അടുത്തിടെ ഷഫാലി വെളിപ്പെടുത്തിയിരുന്നു. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് താന്‍ ടീമില്‍ നിന്ന് പുറത്തായ വാര്‍ത്ത അദ്ദേഹത്തോട് ആദ്യം മറച്ചുവച്ചെന്നും പറഞ്ഞു. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് ഇക്കാര്യം പിതാവിനെ അറിയിച്ചതെന്നും ഷഫാലി ഒരു മാധ്യമത്തോട് പറഞ്ഞു.
അവസരം മുതലാക്കി പ്രതിക
ഷഫാലിയുടെ നഷ്ടം മറ്റൊരു താരത്തിന് ‘ലാഭ’മായി മാറി. പേര് പ്രതിക റാവല്‍. ഷഫാലിക്ക് പകരം ടീമിലെത്തിയ താരം കിട്ടിയ അവസരം മുതലാക്കി. ചുരുങ്ങിയ നാളുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി പ്രതിക ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. അടുത്തിടെ നടന്ന അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ പ്രതികയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 89, രണ്ടാമത്തേതില്‍ 67, മൂന്നാം പോരാട്ടത്തില്‍ 154 റണ്‍സ് എന്നിങ്ങനെയാണ് പ്രതിക സ്‌കോര്‍ ചെയ്തത്. ഏകദിനത്തില്‍ ആറു മത്സരങ്ങളില്‍ നിന്നായി 444 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആവറേജ് 74. പോരാത്തതിന് തരക്കേടില്ലാതെ ബൗള് ചെയ്യാനുള്ള കഴിവും പ്രതികയുടെ ബോണസ് പോയിന്റാണ്.