Euro Cup 2024 : ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ഇന്നിറങ്ങും, എതിരാളികൾ ചെക്ക് റിപ്പബ്ലിക്
Euro Cup 2024 Portugal Christiano Ronaldo : യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഇന്ന് ആദ്യ മത്സരം ഗ്രൂപ്പ് എഫിൽ ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗലിൻ്റെ എതിരാളികൾ.
യൂറോ കപ്പിൽ പോർച്ചുഗൽ ഇന്നിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് റെഡ് ബുൽ അരീനയിൽ നടക്കുന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് ആണ് പോർച്ചുഗലിൻ്റെ എതിരാളികൾ. ഗ്രൂപ്പ് എഫിൽ തുർക്കി, ജോർജിയ എന്നീ ടീമുകളാണ് പോർച്ചുഗലിൻ്റെ മറ്റ് എതിരാളികൾ.
സമീപകാലത്തായി ഏറെ പുരോഗതി കാഴ്ചവച്ച ടീമാണ് പോർച്ചുഗൽ. ക്രിസ്റ്റ്യാനോയുടെ വരവിനു ശേഷം നിലവാരമുള്ള ഒരുപിടി യുവതാരങ്ങൾ പോർച്ചുഗൽ ജഴ്സിയണിഞ്ഞു. ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ്, വിറ്റിഞ്ഞ തുടങ്ങിയ യുവരക്തങ്ങൾക്കൊപ്പം 39 വയസുള്ള ക്രിസ്റ്റ്യാനോയും 40 വയസുള്ള പെപ്പെയും ചേരുന്നതാണ് പോർച്ചുഗീസ് ടീം. ഇവരെക്കൂടാതെ ബെർണാഡോ സിൽവ, റൂബൻ ഡിയാസ് തുടങ്ങിയ താരങ്ങളുണ്ട്.
2016 യൂറോ കപ്പ് ജയിച്ച ടീമാണ് പോർച്ചുഗൽ. എന്നാൽ, കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റു. 2022 ലോകകപ്പിൻ്റെ ക്വാർട്ടറിലെത്തിയ പോർച്ചുഗൽ നിലവിൽ യൂറോ കപ്പ് ഫേവരിറ്റുകളിൽ ഒരു ടീമാണ്. ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ഫുട്ബോൾ വിദഗ്ധർ പോർച്ചുഗലിനും സാധ്യത കല്പിക്കുന്നുണ്ട്. യൂറോ കപ്പിനു മുൻപ് നടന്ന സൗഹൃദമത്സരത്തിൽ അയർലൻഡിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തുരത്തിയാണ് പോർച്ചുഗലിൻ്റെ വരവ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളുകളായിരുന്നു കളിയിലെ ഹൈലൈറ്റ്. ഈ മാസം 22ന് തുർക്കിക്കെതിരെയും 26ന് ജോർജിയക്കെതിരെയുമാണ് പോർച്ചുഗലിൻ്റെ ബാക്കിയുള്ള മത്സരങ്ങൾ.
പോർച്ചുഗലിനോളം താരത്തിളക്കമില്ലെങ്കിലും മിടുക്കർ തന്നെയാണ് ചെക്ക് റിപ്പബ്ലിക്ക്. തുടരെ അഞ്ച് വിജയങ്ങളുമായാണ് ചെക്ക് റിപ്പബ്ലിക്ക് യൂറോയിലെത്തുന്നത്. 2020 യൂറോയിൽ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. 96ൽ റണ്ണേഴ്സ് അപ്പ് ആയതും 2004ൽ സെമി കളിച്ചതുമാണ് മികച്ച പ്രകടനങ്ങൾ.
സൂപ്പർ സ്ട്രൈക്കർ പാട്രിക്ക് ഷീക്ക് ആണ് ടീമിലെ സെലബ്രിറ്റി. യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനായി ഏറ്റവുമധികം ഗോൾ നേടിയതും ഷീക്ക് ആണ്. വ്ലാദിമിർ കൗഫൽ, തോമസ് സൗചെക്, ആദം ഹ്ലോസക് തുടങ്ങിയവരാണ് മറ്റ് പ്രധാനികൾ.
യൂറോ കപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമ്മനി സ്കോട്ട്ലൻഡിനെ തകർത്തിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. ഫ്ലോറിയൻ റിറ്റ്സ്, ജമാൽ മുസ്യാല, കായ് ഹാവെർട്സ്, നിക്ലാസ് ഫുൾകർഗ്, എമ്രി കാൻ എന്നിവരാണ് ജർമ്മനിയുടെ ഗോൾ സ്കോറർമാർ. സ്കോട്ട്ലൻഡ് നേടിയ ആശ്വാസ ഗോൾ അൻ്റോണിയോ റൂഡിഗറിൻ്റെ സെൽഫ് ഗോൾ ആണ്. 44ആം മിനിട്ടിൽ റയാൻ പോർടിയസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് സ്കോട്ട്ലൻഡിന് തിരിച്ചടിയായി.