Euro Cup 2024 : ഇഞ്ചുറി ടൈമിൽ സ്വിറ്റ്സർലൻഡിൻ്റെ വിജയം തല്ലിക്കെടുത്തി ജർമ്മനി; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെ പ്രീ ക്വാർട്ടറിൽ
Euro Cup 2024 Germany Won vs Switzerland : യൂറോ കപ്പ് ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമ്മനിക്ക് ആവേശ സമനില. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ സ്വിറ്റ്സർലൻഡിനെതിരെ സമനില പിടിച്ച ജർമ്മനി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു. സ്വിറ്റ്സർലൻഡും പ്രീ ക്വാർട്ടറിലെത്തി.
യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിനെതിരെ അവസാന നിമിഷം സമനില നേടി ജർമ്മനി. 90 മിനിട്ട് വരെ ഒരു ഗോളിനു മുന്നിട്ടുനിന്ന സ്വിറ്റ്സർലൻഡ് ഇഞ്ചുറി ടൈമിലാണ് സമനില ഗോൾ വഴങ്ങിയത്. ഇതോടെ യൂറോ കപ്പ് ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമ്മനി ഒന്നാമതെത്തി. ഇതോടെ ജർമ്മനിയും സ്വിറ്റ്സർലൻഡും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.
പ്രീക്വാർട്ടറിലേക്ക് ഒരു സമനില മാത്രമായിരുന്നു ജർമ്മനിക്ക് വേണ്ടത്. കളത്തിൽ നിറഞ്ഞുനിന്നതും ആതിഥേയരായിരുന്നു. 17ആം മിനിട്ടിൽ റോബർട്ട് ആന്ദ്രിച്ച് യാൻ സോമ്മറിനെ മറികടന്ന് ലക്ഷ്യം ഭേദിച്ചെങ്കിലും അതിനു മുൻപ് ജമാൽ മുസ്യാല സ്വിസ് താരത്തെ ഫൗൾ ചെയ്തതിനാൽ ഈ ഗോൾ അനുവദിച്ചില്ല. തുടർന്നും ജർമ്മനി ആക്രമണങ്ങൾ തുടരുന്നതിനിടെ 28ആം മിനിട്ടിൽ ജർമ്മനിക്ക് സ്വിസ് ഷോക്ക്. റെമോ ഫ്രവലറിൻ്റെ പാസിൽ നിന്ന് ഡാൻ ൻഡോയെ വലകുലുക്കി. ഗോൾ വീണതോടെ ആക്രമണം കടുപ്പിച്ചെങ്കിലും ജർമ്മനിക്ക് സ്വിറ്റ്സർലൻഡിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല.
Read Also: T20 World Cup 2024 : യുഎസ്എയ്ക്കെതിരെ വമ്പൻ ജയം; സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്
രണ്ടാം പകുതിയിൽ ജർമ്മനി ആക്രമണം തുടരുന്നതിനിടെ അവരെ വീണ്ടും ഞെട്ടിച്ച് റൂബർ വർഗാസ് ന്യൂയറെ മറികടന്നു. എന്നാൽ, അത് ഓഫ് സൈഡ് വിധിച്ചതോടെ ആതിഥേയർക്ക് ആശ്വാസമായി. പിന്നാലെ ഗ്രാനിത് സാക്കയുടെ ഷോട്ട് ന്യൂയർ രക്ഷപ്പെടുത്തി. നിശ്ചിത സമയം വരെ സ്കോർ നിലയിൽ മാറ്റമുണ്ടായില്ല. 92ആം മിനിട്ടിൽ രണ്ട് പകരക്കാർ ചേർന്നാണ് ജർമ്മനിയെ രക്ഷിച്ചത്. ലെഫ്റ്റ് ബാക്ക് ഡേവിഡ് റോമിൻ്റെ ക്രോസിൽ നിന്ന് നിക്കോളാസ് ഫുൽകർഗ് ഒരു ക്ലിനിക്കൽ ഹെഡറിലൂടെ വല തുളച്ചു. സമനിലയോടെ ഗ്രൂപ്പ് എയിൽ 2 ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിൻ്റുമായി ജർമ്മനി ഒന്നാം സ്ഥാനം നേടി. ഒരു ജയവും രണ്ട് സമനിലയും സഹിതം 5 പോയിൻ്റുള്ള സ്വിറ്റ്സർലൻഡ് ആണ് രണ്ടാമത്.
ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള ഹംഗറി – സ്കോട്ട്ലൻഡ് മത്സരം അത്യന്തം നാടകീയമായിരുന്നു. കഴിഞ്ഞ കളി സ്കോട്ട്ലൻഡിനെ സമനിലയിൽ തളച്ച സ്കോട്ട്ലൻഡ് തന്നെയാണ് ഈ കളിയിൽ ആധിപത്യം കാണിച്ചത്. എന്നാൽ ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. കിട്ടുന്ന അവസരങ്ങളിൽ ഫലപ്രദമായ മുന്നേറ്റങ്ങൾ നടത്തിയ ഹംഗറി കൗണ്ടർ അറ്റാക്കുകളിലാണ് ശ്രദ്ധിച്ചത്. 90 മിനിട്ട് വരെ ഗോളൊന്നും പിറക്കാത്ത മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ സ്കോട്ടിഷ് നിരയെ ഞെട്ടിച്ച് ഹംഗറി സ്കോർ ചെയ്തു. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ റോളണ്ട് സല്ലായിയുടെ പാസിൽ നിന്ന് കെവിൻ സോബോത്ത് ഹംഗറിയുടെ ചരിത്ര ഗോൾ നേടുകയായിരുന്നു. ജയത്തോടെ ഹംഗറി മൂന്ന് പോയിൻ്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സ്കോട്ട്ലൻഡ് പുറത്തായി.