5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Euro Cup 2024 : യൂറോ കപ്പിന് ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ്; ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്ലൻഡിനെ തുരത്തി ജർമനി

Euro Cup 2024 : യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ആതിഥേയരായ ജർമ്മനിയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജർമ്മനിയുടെ ജയം.

Euro Cup 2024 : യൂറോ കപ്പിന് ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ്; ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്ലൻഡിനെ തുരത്തി ജർമനി
Euro Cup 2024 (Image Courtesy AFP)
abdul-basith
Abdul Basith | Published: 15 Jun 2024 08:45 AM

ഈ വർഷത്തെ യൂറോ കപ്പിന് തകർപ്പൻ തുടക്കം. ഗ്രൂപ്പ് എയിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമ്മനി സ്കോട്ട്ലൻഡിനെ തകർത്തു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. ഫ്ലോറിയൻ റിറ്റ്സ്, ജമാൽ മുസ്യാല, കായ് ഹാവെർട്സ്, നിക്ലാസ് ഫുൾകർഗ്, എമ്രി കാൻ എന്നിവരാണ് ജർമ്മനിയുടെ ഗോൾ സ്കോറർമാർ. സ്കോട്ട്ലൻഡ് നേടിയ ആശ്വാസ ഗോൾ അൻ്റോണിയോ റൂഡിഗറിൻ്റെ സെൽഫ് ഗോൾ ആണ്. 44ആം മിനിട്ടിൽ റയാൻ പോർടിയസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് സ്കോട്ട്ലൻഡിന് തിരിച്ചടിയായി.

മത്സരത്തിൻ്റെ പത്താം മിനിട്ടിൽ തന്നെ ജർമ്മനി മുന്നിലെത്തി. ഫ്ലോറിയൻ റിറ്റ്സ് ആണ് സ്കോറിംഗ് തുടങ്ങിയത്. 19ആം മിനിട്ടിൽ ജർമ്മനി ലീഡ് ഇരട്ടിയാക്കി. ഹാവർട്സിൻ്റെ ക്രോസിൽ നിന്ന് മുസ്യാലയുടെ മനോഹര ഫിനിഷ് സ്കോട്ടിഷ് ഗോളിയെ മറികടന്ന് വലതുളച്ചു. ആദ്യ പകുതിയുടെ അവസാനത്തിൽ പെനൽറ്റി ബോക്സിലെ ഫൗളിനെ തുടർന്ന് പോർടിയസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ലഭിച്ച പെനാൽറ്റി ഹാവെർട്സ് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയിൽ ജർമ്മനി മറുപടിയില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.

Read Also: Pakistan T20 World Cup: യുഎസ്എ – അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്

രണ്ടാം പകുതിയിൽ ജർമ്മനി കൂടുതൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫൈനൽ തേർഡിലെ പ്രകടനം മോശമായതിനാൽ ഏറെ ഗോളുകൾ പിറന്നില്ല. 68ആം മിനിട്ടിൽ ഫുൾകർഗിലൂടെ ജർമ്മനി നാലാം ഗോൾ കണ്ടെത്തി. 87ആം മിനിട്ടിലായിരുന്നു റൂഡിഗറിൻ്റെ സെൽഫ് ഗോൾ. ഇഞ്ചുറി ടൈമിൽ എമ്രി കാൻ്റെ ഗോളിലൂടെ ജർമ്മനി ഗോൾ പട്ടിക പൂർത്തിയാക്കി. ജർമ്മനി അടുത്ത മത്സരത്തിൽ ഹംഗറിയെ നേരിടും. സ്കോട്ട്ലൻഡിന് സ്വിറ്റ്സർലൻഡാണ് എതിരാളികൾ.

യൂറോ കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങളുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് ഹങ്കറി സ്വിറ്റ്സർലൻഡിനെ നേരിടും. രാത്രി 9.30ന് സ്പെയിൻ ആദ്യ മത്സരത്തിനിറങ്ങും. ക്രൊയേഷ്യ ആണ് എതിരാളികൾ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് ഇറ്റലി – അൽബേനിയ മത്സരവും നടക്കും. ആകെ 24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് യൂറോ കപ്പിൽ അണിനിരക്കുക. ജൂലൈ 15നാണ് ഫൈനൽ.

ഗ്രൂപ്പ് വിവരങ്ങൾ-

ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ്.
ഗ്രൂപ്പ് ബി: സ്പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്.
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ്.
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ന്‍.
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്.