Euro Cup 2024 : കണ്ണീർമടക്കം…; യൂറോകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്ത്, ഫ്രാൻസ് സെമിയിൽ
Euro 2024 Quarterfinal: സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സ്‌പെയിനാണ് സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് കാഴ്ച്ചവച്ചത്. നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചിരുന്നു.
ബെർലിൻ: യൂറോകപ്പിൽ (Euro 2024 Quarterfinal) നിന്ന് പോർച്ചുഗൽ (Portugal) പുറത്തായി. ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനോട് (France) ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് പോർച്ചുഗൽ പുറത്തായത്. ഇതോടെ ഫ്രാൻസ് സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടിൽ 5-3 എന്ന നിലയിലാണ് ഫ്രാൻസ് ജയം ഉറപ്പിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സ്‌പെയിനാണ് സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് കാഴ്ച്ചവച്ചത്. നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചിരുന്നു.
പോർച്ചുഗൽ പലകുറി ഗോളിനടുത്തെത്തിയെങ്കിലും തകർപ്പൻ സേവുകളുമായി ഗോൾകീപ്പർ മൈക്ക് മഗ്നാൻ ഫ്രഞ്ച് പടയുടെ രക്ഷകനായി എത്തുകയായിരുന്നു. പെപ്പെയും റൂബൻ ഡയാസുമടങ്ങുന്ന പോർച്ചുഗലിൻ്റെ പ്രതിരോധവും മികച്ച രീതിയിൽ തുടർന്നു. യൂറോ കപ്പിലെ സൂപ്പർപോരാട്ടത്തിൽ കൃത്യമായ പദ്ധതികളോടെയാണ് ടീമുകൾ മൈതാനത്തിറങ്ങിയത്. ആക്രമിച്ചുകളിക്കുന്നതിനൊപ്പം തന്നെ പൊസഷൻ ഫുട്‌ബോളും മൈതാനത്ത് കാണാൻ ഇടയായി.
ഇരു ടീമുകളും കിട്ടിയ അവസരങ്ങളിൽ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 20-ാം മിനിറ്റിൽ തന്നെ ഫ്രാൻസ് ഗോൾ എന്ന ലക്ഷ്യത്തിലേക്കെത്തി. തിയോ ഹെർണാണ്ടസിന്റെ 27 മീറ്റർ അകലെ നിന്നുള്ള ഷോട്ട് പോർച്ചുഗൽ ഗോളി ഡിയാഗോ കോസ്റ്റ തട്ടിയകറ്റുകയായിരുന്നു. ഫ്രാൻസിന്റെ ആദ്യ പതിനൊന്നിൽ ഇടംപിടിച്ച യുവതാരം എഡ്വാർഡോ കമവിംഗ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. അതേസമയം കൗണ്ടർ അറ്റാക്കുകളിലൂടെ പോർച്ചുഗലും ഫ്രഞ്ച് ഗോൾമുഖത്ത് വെല്ലുവിളിയായി മാറി.
ALSO READ: പെനാൽറ്റി പാഴാക്കി ക്രിസ്റ്റ്യാനോ; സ്ലൊവേനിയക്കെതിരെ ഷൂട്ടൗട്ടിൽ രക്ഷപ്പെട്ട് പോർച്ചുഗൽ
റാഫേൽ ലിയോയും ബ്രൂണോയും ടീമിന് വേണ്ടി ഗോളവസരങ്ങളും സൃഷ്ടിച്ചു. മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വെച്ച് കളിച്ചത് പോർച്ചുഗലായിരുന്നു. കൂടുതൽ മുന്നേറ്റം നടത്തിയത് ഫ്രാൻസും. ഫ്രാൻസിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പൂട്ടിയ പോർച്ചുഗൽ പ്രതിരോധം മികവ് പുലർത്തി. 42-ാം മിനിറ്റിൽ റൊണാൾഡോയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ഫ്രീകിക്കെടുത്തു. എന്നാൽ ബാറിന് മുകളിലൂടെ പോയതോടെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയാണ് രംഗത്തെത്തിയത്. 50-ാം മിനിറ്റിൽ എംബാപ്പെയുടെ ഷോട്ട് പോർച്ചുഗൽ ഗോളി കോസ്റ്റ കൈയ്യിലൊതുക്കി. ഇടതുവിങ്ങിലൂടെ റാഫേൽ ലിയോ നടത്തിയ മുന്നേറ്റം ഗോളിനടുത്തെത്തി. ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് തകർപ്പൻ സേവിലൂടെയാണ് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നൻ രക്ഷപ്പെടുത്തിയത്. വിറ്റിന്നയുടെ ഷോട്ടും റൊണാൾഡോയുടെ ഗോൾശ്രമവുമെല്ലാം ഫ്രഞ്ച് ഗോളിയ്ക്ക് മുന്നിൽ ലക്ഷ്യം കാണാതെ വന്നു.
70-ാം മിനിറ്റിൽ കമവിംഗയ്ക്കും മികച്ച അവസരം കിട്ടിയെങ്കിലും ഷോട്ട് പുറത്തുപോയി. അവസാനമിനിറ്റുകളിൽ ഇരുടീമുകളും വിജയഗോളിനായി പോരാടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാനായത്. അതിനിടയിൽ എംബാപ്പെയെ കളത്തിൽ നിന്ന് പിൻവലിച്ചു. അധികസമയത്തും തുല്യതപാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ 5-3 ന് വിജയിച്ച് ഫ്രാൻസ് സെമിയിലേക്ക് മുന്നേറി. ജാവോ ഫെലിക്‌സാണ് കിക്ക് പാഴാക്കിയത്.