England Cricket Board: വിദേശ ലീഗുകൾ കളിക്കുന്നതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്; ഐപിഎല്ലിന് പ്രത്യേക പരിഗണന നൽകി ഇ.സി.ബി
England Players Banned From Participating Pakistan Super League: ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ കൗണ്ടി ചാമ്പ്യൻഷിപ്പ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇംഗ്ലീഷ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലീഗ് ജനകീയമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം കെെക്കൊണ്ടിരിക്കുന്നത്.
ലണ്ടൻ: രാജ്യത്തെ ആഭ്യന്തര ലീഗുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി താരങ്ങളെ വിദേശ ലീഗുകളിൽ നിന്ന് വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ആഭ്യന്തര സീസണിനിടെ ഇംഗ്ലീഷ് താരങ്ങൾ വിദേശ ക്രിക്കറ്റ് ലീഗുകൾ കളിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ട് താരങ്ങൾക്ക് പാകിസ്താൻ ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകാൻ സാധിക്കില്ല. എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കളിക്കുന്നതിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങളെ വിലക്കിയിട്ടില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു.
പാക് ലീഗ്, ശ്രീലങ്ക പ്രീമിയർ ലീഗ് തുടങ്ങിയ വിദേശ ലീഗുകളിൽ കളിക്കാൻ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ സമയത്ത് താരങ്ങൾ പോകരുതെന്നാണ് പുതിയ കരട് നയത്തിലുള്ളത്. ആഭ്യന്തര സീസണിന് സമാന്തരമായി പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസി ലീഗുകളിൽ പങ്കെടുക്കുന്നതിനായി താരങ്ങൾക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ കൗണ്ടി ചാമ്പ്യൻഷിപ്പ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇംഗ്ലീഷ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലീഗ് ജനകീയമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം കെെക്കൊണ്ടിരിക്കുന്നത്. ഓരേ സമയത്ത് താരങ്ങൾ രണ്ട് ടീമുകളുടെ ഭാഗമാകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ഉദാഹരണത്തിന് ഒരേ സമയം നടക്കുന്ന രണ്ടു ലീഗുകളുടെ ഭാഗമായ ടീമുകളിൽ താരങ്ങൾക്ക് ഭാഗമാകാം. ലീഗിലെ ടീം ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായാൽ മറ്റൊരു ലീഗിലെത്തി താരത്തിന് ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ അവസരമുണ്ടായിരുന്നു. 74 ഇംഗ്ലണ്ട് താരങ്ങളാണ് കഴിഞ്ഞ വർഷമാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ലീഗുകളിൽ കളിച്ചിട്ടുണ്ടെന്നാണ് വിവരം.
എല്ലാ വർഷവും ഏപ്രിൽ– മെയ് മാസങ്ങളിൽ നിയമങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് ഇളവു നൽകാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത് ഈ കാലയളവിൽ ആയതിനാലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് പ്രത്യേക അനുമതി നൽകുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് താരങ്ങൾക്ക് ഐപിഎൽ കളിക്കാം. ഐപിഎൽ 18-ാം പതിപ്പിൽ 12 ഇംഗ്ലണ്ട് താരങ്ങളാണ് കളിക്കുന്നത്.
ഐപിഎൽ 2025 സീസൺ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളും ടീമുകളും
ജോസ് ബട്ട്‌ലർ – ഗുജറാത്ത് ടൈറ്റൻസ്
ലിയാം ലിവിംഗ്സ്റ്റൺ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഫിൽ സാൾട്ട് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ജേക്കബ് ബെഥേൽ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഹാരി ബ്രൂക്ക് – ഡൽഹി ക്യാപിറ്റൽസ്
സാം കറൻ – ചെന്നൈ സൂപ്പർ കിംഗ്സ്
ജാമി ഓവർട്ടൺ – ചെന്നൈ സൂപ്പർ കിംഗ്സ്
മൊയിൻ അലി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വിൽ ജാക്സ് – മുംബൈ ഇന്ത്യൻസ്
റീസ് ടോപ്ലി – മുംബൈ ഇന്ത്യൻസ്
ബ്രൈഡൻ കാർസെ – സൺറൈസേഴ്സ് ഹൈദരാബാദ്
ജോഫ്ര ആർച്ചർ – രാജസ്ഥാൻ റോയൽസ് എന്നിവരാണ് ഐപിഎൽ 2025 സീസണിന്റെ ഭാഗമാകുന്നത്.