cristiano junior : കുഴഞ്ഞുവീണ എഡ്വാര്‍ഡോ, വിടവാങ്ങിയ ക്രിസ്റ്റ്യാനോ; കാല്‍പന്തിലെ കണ്ണീരോര്‍മ
Cristiano Junior Death : 20 വര്‍ഷം മുമ്പ് ഇതുപോലൊരു ഡിസംബറില്‍, കൃത്യമായി പറഞ്ഞാല്‍ 2024 ഡിസംബര്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഒരു അപകടത്തിന് സാക്ഷിയായി. പക്ഷേ, അപകടമേറ്റ ആ താരം ജീവിതത്തിലേക്ക് തിരികെയെത്തിയില്ല
ഇറ്റലിയില്‍ നടന്ന ഒരു മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണത് ഏതാനും ദിവസം മുമ്പായിരുന്നു. ഞായറാഴ്ച ഫ്ലോറൻസിലെ ഫ്രാഞ്ചി സ്റ്റേഡിയത്തിൽ നടന്ന സീരി എ ഫിയോറൻ്റീന-ഇൻ്റർ മിലാൻ മത്സരത്തിനിടെ ഫിയോറൻ്റീന താരം എഡ്വാര്‍ഡോ ബോവാണ് മൈതാനത്ത് കുഴഞ്ഞുവീണത്. മത്സരത്തിന്റെ 17-ാം മിനിറ്റിടെയായിരുന്നു സംഭവം. ബൂട്ട് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോവ് കുഴഞ്ഞുവീണത്.
ഇരുടീമുകളിലെയും താരങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം ഉടന്‍ മനസിലാക്കി. ഉടന്‍ തന്നെ മെഡിക്കല്‍ ടീമിന്റെ സേവനം തേടി. ജീവന്‍ നിലനിര്‍ത്താനാവുന്നതെല്ലാം മൈതാനത്ത് വച്ച് തന്നെ ചെയ്തു. ആംബുലന്‍സ് ഉടന്‍ സജ്ജമായി. വൈകാതെ തന്നെ 22കാരനായ താരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആദ്യം അബോധാവസ്ഥയിലായിരുന്നു താരം. ഇപ്പോള്‍ ഈ മിഡ്ഫീല്‍ഡര്‍ ജീവിതത്തിലേക്ക് തിരികെയെത്തുകയാണ്. വീഡിയോ കോളില്‍ സഹതാരങ്ങളുമായി സംസാരിക്കുകയും ചെയ്തു.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. അതിന് കാരണമായത് വിദഗ്ധ ചികിത്സയും, പിന്നെ മെഡിക്കല്‍ ടീമിന്റെയും സഹതാരങ്ങളുടെയും സമയോചിതമായ ഇടപെടലുമാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും പ്രധാനം സമയോചിതമായ ഇടപെടലുകളാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് തെളിയിച്ച സന്ദര്‍ഭം കൂടിയാണിത്.
2024 ഡിസംബര്‍ ഡിസംബര്‍ 5
എന്നാല്‍ 20 വര്‍ഷം മുമ്പ് ഇതുപോലൊരു ഡിസംബറില്‍, കൃത്യമായി പറഞ്ഞാല്‍ 2024 ഡിസംബര്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യന്‍ ഫുട്‌ബോളും സമാനമായ ഒരു അപകടത്തിന് സാക്ഷിയായി. പക്ഷേ, അപകടമേറ്റ ആ താരം ജീവിതത്തിലേക്ക് തിരികെയെത്തിയില്ല. പല ചോദ്യങ്ങളും വിവാദങ്ങളും ബാക്കിയാക്കിയാണ് ആ താരം യാത്രയായത്. അത് മറ്റാരുമല്ല, ഡെംപോ ഗോവയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കറായിരുന്ന സാക്ഷാല്‍ ക്രിസ്റ്റ്യാനോ സെബാസ്റ്റിയോ ഡി ലിമ ജൂനിയറായിരുന്നു.
ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്ന സമയം. മത്സരത്തിന്റെ 78-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ഗോളിയായിരുന്ന സുബ്രതോ പാലുമായി കൂട്ടിയിടിച്ചാണ് ക്രിസ്റ്റ്യാനോ മൈതാനത്തേക്ക് വീണത്.
ക്രിസ്റ്റ്യാനോയുടെ ഗോളില്‍ ഡെംപോയായിരുന്നു മത്സരത്തില്‍ മുന്നില്‍. സഹതാരം കൊടുത്ത പാസിന് വേണ്ടി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അന്ന് താരത്തെ ആശുപത്രിയില്‍ പോലും എത്തിക്കാന്‍ ഏറെ വൈകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യത്തിന്റെ ഗൗരവസ്വഭാവം റഫറി പോലും തിരിച്ചറിയുന്നത് വളരെ വൈകിയായിരുന്നുവെന്നതാണ് ഞെട്ടിക്കുന്നത്. ഏഴു മിനിറ്റിനുശേഷം മാത്രമാണ് പുറത്തുനിന്നുള്ള സഹായം അനുവദിച്ചത്.
ഗോള്‍കീപ്പര്‍ പന്ത് ഇല്ലാതിരുന്ന സമയത്ത് മനപ്പൂര്‍വം പഞ്ച് ചെയ്യുകയായിരുന്നുവെന്ന ആരോപണം പിന്നീടുണ്ടായി. കുറച്ചുനാളത്തേക്ക് സസ്‌പെന്‍ഷനിലായിരുന്ന സുബ്രതോ പിന്നീട് ഫുട്‌ബോളിലേക്ക് തിരികെയെത്തി. ദേശീയ ടീമിന്റെ ഭാഗവുമായി.
ഒരു ഡോക്ടര്‍ പോലും ഇല്ല
അബോധാവസ്ഥയില്‍ മൈതാനത്ത് വീണ ക്രിസ്റ്റ്യാനോയെ പരിശോധിക്കാന്‍ സ്‌റ്റേഡിയത്തില്‍ ഒരു ഡോക്ടര്‍ പോലുമുണ്ടായിരുന്നില്ലത്രേ. ടീമുകള്‍ക്ക് സ്വന്തമായി ഡോക്ടര്‍ വേണമെന്ന മാനദണ്ഡം അക്കാലത്തുമുണ്ടായിരുന്നു. എന്നിട്ടാണ് അവിടെ ഒരു ഡോക്ടര്‍ പോലും ഇല്ലാതിരുന്നത്.
സഹതാരങ്ങളില്‍ ചിലര്‍ അവര്‍ക്ക് കഴിയുന്നതുപോലെ ശ്രമിച്ചു. ജീവന് വേണ്ടി യാചിക്കുന്ന മുഖഭാവത്തില്‍ ഏറെ നേരം ക്രിസ്റ്റ്യാനോയ്ക്ക് മൈതാനത്ത് കിടക്കേണ്ടി വന്നു.
കുറേ നേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സമീപത്തെ മല്യ ആശുപത്രിയില്‍ എത്തിക്കാതെ, ദൂരെയുള്ള ഹോസ്‌മാറ്റ് ഹോസ്പിറ്റലിലേക്കാണ് ക്രിസ്റ്റ്യാനോയെ കൊണ്ടുപോയത്. അപ്പോഴേക്കും ജീവന്റെ അവസാന തുടിപ്പും ഇല്ലാതായിരുന്നു. ഡോക്ടര്‍മാര്‍ക്ക് പ്രത്യേകിച്ചും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
മത്സരത്തില്‍ ഡെംപോ ടീമംഗങ്ങള്‍ കിരീടം നെഞ്ചോട് ചേര്‍ത്തപ്പോള്‍, അവരുടെ ‘ഹീറോ’ ജീവിതത്തിലേക്ക് ഇനി ഒരു മടക്കമില്ലാതെ ഈ ലോകത്ത് നിന്ന് യാത്രയായിരുന്നു. ഏകദേശം ഒരാഴ്ചയാണ് ക്രിസ്റ്റാനോയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നത്.
ALSO READ : ഐഎസ്എല്ലിൽ തെന്നിന്ത്യൻ ഭേരി! കേരളാ ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പോരാട്ടം എവിടെ കാണാം..?
താരം വിടവാങ്ങിയതിന് ശേഷം വിവാദങ്ങളുടെ അകമ്പടിയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് ക്രിസ്റ്റ്യാനോ മരിച്ചതെന്നായിരുന്നു ബെംഗളൂരുവിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍ മരണം തലയ്ക്കിടിയേറ്റത് മൂലമാണെന്നായിരുന്നു ബ്രസീലിലെ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഹൃദയം നീക്കം ചെയ്തതിന് ശേഷമാണ് താരത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ഹൃദയാഘാതം സംഭവിച്ചിരുന്നോയെന്ന് കണ്ടെത്താന്‍ ബ്രസീലിലെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ക്രിസ്റ്റ്യാനോയുടെ ഹൃദയം വിട്ടുകിട്ടാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ശ്രമിച്ചു. കോടതിയിലടക്കം ഹര്‍ജി നല്‍കി. അവരുടെ ആ ശ്രമം വിഫലമായി. പിന്നീട് ഫുട്‌ബോളില്‍ ഓരോ അപകടം നടക്കുമ്പോഴും ഇന്ത്യയിലെ ആരാധകരുടെ മനസില്‍ ആദ്യം തെളിയുന്ന ചിത്രമായി ക്രിസ്റ്റ്യാനോ മാറി, ഒരു ഓര്‍മപ്പെടുത്തലായി…