Durand Cup 2024: ഡ്യൂറന്റ് കപ്പിലെ സതേൺ ഡെർബി ഇന്ന്; കൊമ്പന്മാർക്ക് എതിരാളി ബെംഗളൂരു എഫ് സി
Durand Cup: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ക്വാർട്ടറിൽ ചിരവൈരികളായ ബെംഗളൂരു എഫ്സിയാണ് എതിരാളി. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. സി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്.
ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്ന് രാത്രി 7 മണിക്ക് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ. സോണി നെറ്റ് വർക്കിൽ മത്സരം തത്സമയം കാണാം. സോണി ലൈവിലും ജിയോ സിനിമയിലും സ്ട്രീമിംഗുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനായി പ്രതിരോധ നിരയിൽ അലക്‌സാണ്ട്രെ കോഫ് അരങ്ങേറ്റ മത്സരം കളിച്ചേക്കും.
2023 ഐഎസ്എൽ പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ ബെംഗളൂരു ജയിച്ച ശേഷം ഇരുടീമുകളും തമ്മിൽ അത്ര നല്ല രസത്തില്ല. ഇരുടീമുകളുടെ ആരാധകർ തമ്മിൽ ഗാലറിയിലും സോഷ്യൽ മീഡിയയിലും ഏറ്റുമുട്ടാറുണ്ട്. കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം തുടരുന്നതിനാൽ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. ഇതുവരെ ഒന്നിച്ച് 10 ഗോളുകൾ നേടിയ നോഹ സദൂയി- ക്വാമി പെപ്ര സഖ്യത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ.
പുതിയ പരിശീലകനും പുതിയ താരങ്ങളുമായാണ് മഞ്ഞപ്പടയിറങ്ങുന്നത്. സ്വീഡിഷ് മാനേജരായ മൈക്കിൾ സ്റ്റാറെ ആണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്. സ്റ്റാറെയ്ക്ക് കീഴിൽ ഡ്യൂറന്റ്കപ്പിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവയ്ക്കുന്നത്. രണ്ട് വർഷമാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. അതുകൊണ്ട് തന്നെ ഡ്യൂറന്റ് കപ്പിലൂടെ ഐഎസ്എല്ലിനൊരുങ്ങാനാണ് കൊമ്പന്മാർ തയ്യാറെടുക്കുന്നത്.
മൂന്നു മത്സരങ്ങളിൽ രണ്ടിലും ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരത്തിൽ സമനിലനേടി. 16 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിടുന്ന സമയത്ത് തന്നെ ആക്രമണ ഫുട്‌ബോളാണ് തന്റെ ശൈലിയെന്ന് സ്റ്റാറെ വ്യക്തമാക്കിയിരുന്നു. അതിന് പിന്തുണനൽകുന്നതാണ് നായകൻ അഡ്രിയൻ ലൂണയുടെ നിലപാടും. മിഡ്ഫീൽഡിലും അറ്റാക്കിംഗിലും ഡിഫൻസിലുമെല്ലാം ലൂണയെ ആരാധകർക്ക് കാണാം. മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ 4-4-2 ശൈലിയിൽനിന്നും 4-3-3 അറ്റാക്കിങ് ശൈലിയിലേക്കുള്ള മാറ്റം ടീമിന് ഉൾക്കൊള്ളാൻ സാധിച്ചെന്നാണ് ആദ്യമൂന്നു മത്സരങ്ങൾ തെളിയിക്കുന്നത്. ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് കളത്തിൽ കാഴ്ചവയ്ക്കുന്നത്. മലയാളി താരങ്ങളായ ഐമനും അസ്ഹറും മിന്നും ഫോമിലാണുള്ളത്. ടീമിലേക്ക് വിബിൻ മോഹനും പ്രബീർ ദാസും തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഇന്ന് പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും.
ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെയാ ക്വാർട്ടർ ഫൈനലിന് ഇറങ്ങുന്നത്. പെരേര ഡയസ്-എഡ്ഗാർ മെൻഡസ്-റയാൻ വില്യംസ് സഖ്യത്തിന്റെ പ്രകടനമാണ് ബെംഗളൂരുവിന്റെ ശക്തി.