Kolkata Doctor Rape-Murder: വനിത ഡോക്ടറുടെ കൊലപാതകം; മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കി
Kolkata Doctor Murder Case: കൊൽക്കത്തയിലെ വനിതാ ഡോക്ടറിൻറെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷം കണക്കിലെടുത്ത് ഡ്യൂറന്റ് കപ്പിലെ മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരം റദ്ധാക്കി. ഞായറാഴ്ച നടക്കാനിരുന്ന മത്സരമാണ് റദ്ധാക്കിയത്.
ഡ്യൂറന്റ് കപ്പിൽ മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരം റദ്ധാക്കി. ഞായറാഴ്ച സാൾട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കാനിരുന്ന കൊൽക്കത്ത ഡെർബിയാണ് ശനിയാഴ്ച റദ്ധാക്കിയതായി ഡ്യൂറന്റ് കപ്പ് സംഘാടകർ അറിയിച്ചത്. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷം കണക്കിലെടുത്താണ് തീരുമാനം. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നീക്കം.
മോഹൻ ബഗാൻ സൂപ്പർ ജയന്റും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിലുള്ള അവസാന ഗ്രൂപ്പ് എ മത്സരം ഓഗസ്റ്റ് 18 ന് വൈകുന്നേരം 5 മണിക്കാണ് നടക്കാനിരുന്നത്. ഈ മത്സരത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. അവരെ നിരാശയിലാക്കുന്ന തീരുമാനം ആണിത്. ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ആറുവീതം പോയിന്റുകളാണ് ഇരു ടീമുകൾക്കും നിലവിൽ ഉള്ളത്. എന്നാൽ മത്സരം ഉപേക്ഷിച്ചതോടെ ഓരോ പോയിന്റ് വീതം ലഭിച്ച് ഇരു ടീമുകളും ക്വാട്ടർ ഫൈനൽ ഉറപ്പിച്ചു. ഡ്യൂറന്റ് കപ്പിൽ മോഹൻ ബഗാൻ ഇതുവരെ 17 വട്ടം കിരീട ജേതാക്കൾ ആയിട്ടുണ്ട്. 16 കപ്പുകളോടെ തൊട്ടു പിന്നാലെ തന്നെ ഈസ്റ്റ് ബംഗാളും ഉണ്ട്.
ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകും. ശേഷിക്കുന്ന ഡ്യൂറന്റ് കപ്പ് മത്സരങ്ങൾ ബദൽ വേദികളിലേക്ക് മാറ്റാനും ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ജംഷഡ്‌പൂർ ആണ് പരിഗണനയിലുള്ള ആദ്യ സ്ഥലം.
ALSO READ: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ ഓഗസ്റ്റ് 9ന് പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്.
അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 13നാണ് അന്വേഷണം കൊൽക്കത്ത പോലീസിൽ നിന്ന് സിബിഐക്ക് കൈമാറിയത്. ഇപ്പോഴും അന്വേഷണം തുടർന്ന് വരുന്നു.