Rohit Sharma : മുംബൈയിലെ രോഹിത് ശര്‍മയുടെ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത് മലയാളി? മാസവാടക 2.60 ലക്ഷം
Rohit Sharma, father rent out apartment : 1,298 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് അപ്പാര്‍ട്ട്‌മെന്റ്. ലോധ ഗ്രൂപ്പിന്റെ ദി പാർക്ക് പ്രോജക്റ്റിന്റെ ഭാഗമായ ലോധ മാർക്വിസിന്റെ 45-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 27നാണ് ഇടപാട് രജിസ്റ്റര്‍ ചെയ്തത്. 16,300 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും, 1,000 രൂപ രജിസ്ട്രേഷൻ ഫീസായും അടച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, പിതാവ് ഗുരുനാഥ് ശര്‍മയും മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് കൊടുത്തതായി റിപ്പോര്‍ട്ട്. ലോവര്‍ പരേല്‍ പ്രദേശത്തുള്ള അപ്പാര്‍ട്ട്‌മെന്റ് 2.60 ലക്ഷം രൂപ വാടകയ്ക്ക് കൊടുത്തതായി സാപ്കീ.കോമിന് ലഭിച്ച പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അപ്പാര്‍ട്ട്‌മെന്റും രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങളുമാണ് വാടകയ്ക്ക് കൊടുത്തത്. മലയാളിയാണ് വാടകയ്ക്ക് എടുത്തതെന്നാണ് സൂചന. മുരളീ കൃഷ്ണന്‍ നായര്‍ എന്നയാളാണ് രോഹിതിന്റെ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. എന്നാല്‍ മുരളീ കൃഷ്ണനെ സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
1,298 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. ലോധ ഗ്രൂപ്പിന്റെ ദി പാർക്ക് പ്രോജക്റ്റിന്റെ ഒരു ഭാഗമായ ലോധ മാർക്വിസിന്റെ 45-ാം നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജനുവരി 27-നാണ് ഇടപാട് രജിസ്റ്റര്‍ ചെയ്തത്. 16,300 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും, 1,000 രൂപ രജിസ്ട്രേഷൻ ഫീസായും അടച്ചുവെന്നാണ് റിപ്പോര്‍ട്ട്.
2013 ജൂലൈയിൽ ലോധ ഗ്രൂപ്പിൽ നിന്ന് 5.45 കോടി രൂപയ്ക്കാണ് രോഹിതും പിതാവും അപ്പാർട്ട്മെന്റ് വാങ്ങിയത്. 2024 ജനുവരിയിൽ ബാന്ദ്ര വെസ്റ്റ് ഏരിയയിലെ രണ്ട് അപ്പാർട്ടുമെന്റുകൾ രോഹിത് ശർമ്മ മൂന്ന് വർഷത്തേക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുത്തിരുന്നു.




ആദ്യ വര്‍ഷം മാസം 3.1 ലക്ഷം രൂപയും, രണ്ടാം വര്‍ഷം 3.25 ലക്ഷം രൂപയും, മൂന്നാം വര്‍ഷം 3.41 ലക്ഷം രൂപയുമാണ് വാടക കരാറില്‍ കാണിച്ചിരിക്കുന്നത്. 2021 ജൂണിൽ രോഹിത് ശർമ്മ ലോണാവാലയിലെ 5.25 കോടി രൂപ പ്രോപ്പര്‍ട്ടി വിറ്റിരുന്നു.
രോഹിത് ശര്‍മ
അതിനിടെ, ഏറെ നാളത്തെ ഇടവേളകള്‍ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ നടന്ന മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി രോഹിത് കളിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന രോഹിത് രഞ്ജിയിലും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ 35 പന്തില്‍ 28 റണ്‍സ് നേടി. മത്സരത്തില്‍ ജമ്മു കശ്മീര്‍ മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയാണ് രാജ്യാന്തര ക്രിക്കറ്റില്‍ രോഹിതിന്റെ അടുത്ത ദൗത്യം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഫെബ്രുവരി ആറിന് വിദര്‍ഭ സ്റ്റേഡിയത്തില്‍ നടക്കും. ഫെബ്രുവരി ഒമ്പതിന് ഒഡീഷയിലെ കട്ടക്കിലാണ് രണ്ടാം മത്സരം. പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മികച്ച തയ്യാറെടുപ്പിനുള്ള അവസരമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയെ കാണുന്നത്. ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടക്കും.