Mohammed Siraj : അമ്പോ, ഇതെന്ത് മറിമായം ! പന്തിന്റെ വേഗത 181.6 കി.മീ, ‘ഡിഎസ്പി സിറാജി’നെ വാഴ്ത്തി സോഷ്യല്‍ മീഡിയ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
Mohammed Siraj bowls 181.6 kmph ? സാങ്കേതിക തകരാറാണെന്ന് തിരിച്ചറിഞ്ഞിട്ടും ആരാധകര്‍ വെറുതെ വിട്ടില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളായി. 'ഡിഎസ്പി സിറാജ് റെക്കോഡുകള്‍' തകര്‍ത്തു എന്ന തരത്തിലായിരുന്നു പല ട്രോളുകളും
അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം അഡ്‌ലെയ്ഡില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ബാറ്റു ചെയ്യുന്ന സമയം. ഇതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിന്റെ വേഗതയായി രേഖപ്പെടുത്തിയത് 181.6 കി.മീ വേഗതയാണ്. 24-ാം ഓവറിലായിരുന്നു സംഭവം.
ഇതുവരെ ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത വേഗത കണ്ട് ആരാധകരും ഞെട്ടി. സത്യത്തില്‍ സിറാജിന്റെ പന്തിന് അത്രയും വേഗതയുണ്ടായിരുന്നോ എന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ സാങ്കേതികപ്പിഴവ് മൂലമാണ് പന്തിന്റെ വേഗത 181.6 കി.മീ ആയി രേഖപ്പെടുത്തിയത്.
സാങ്കേതിക തകരാറാണെന്ന് തിരിച്ചറിഞ്ഞിട്ടും ആരാധകര്‍ വെറുതെ വിട്ടില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളായി. ‘ഡിഎസ്പി സിറാജ് റെക്കോഡുകള്‍’ തകര്‍ത്തു എന്ന തരത്തിലായിരുന്നു പല ട്രോളുകളും.
ഡിഎസ്പി സിറാജ്
അടുത്തിടെ സിറാജിനെ തെലങ്കാന പൊലീസില്‍ ഡിഎസ്പിയായി തെലങ്കാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. ടി20 ലോകകപ്പ് കിരീടം നേടിയ ടീമില്‍ സിറാജും ഉണ്ടായിരുന്നു. താരത്തോടുള്ള ആദരസൂചകമായായിരുന്നു നിയമനം. ഇതിന് പിന്നാലെ സിറാജിനെ ആരാധകര്‍ ‘ഡിഎസ്പി സിറാജ്’ എന്നാണ് തമാശരൂപേണ വിളിക്കുന്നത്.
അഡ്‌ലെയ്ഡ് ടെസ്റ്റ്
അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം അല്‍പ സമയത്തിനകം ആരംഭിക്കും. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 180 റണ്‍സിന് പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 38 റണ്‍സുമായി നഥാന്‍ മക്‌സീനിയും, 20 റണ്‍സുമായി മാര്‍നസ് ലബുഷെയിനുമാണ് ക്രീസില്‍. 13 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംറ പുറത്താക്കി.
എത്രയും വേഗം ആതിഥേയരെ പുറത്താക്കാനാകും രണ്ടാം ദിനം ഇന്ത്യയുടെ ശ്രമം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഫൈനല്‍ പ്രവേശനം എളുപ്പമാകണമെങ്കില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ആദ്യ ഇന്നിംഗ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നിതീഷിന് പുറമെ കെഎല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി. വിരാട് കോഹ്ലി-7, രോഹിത് ശര്‍മ-0 എന്നിവരടക്കം നിരാശപ്പെടുത്തി.
ആറു വിക്കറ്റെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ ശ്രമം.