Rishabh Pant: ടീം ഉടമകളുടെ പ്രതികരണം ഇഷ്ടപ്പെട്ടില്ല, പിന്നാലെ പുറത്തേക്ക് ! ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടത് ഇക്കാരണത്താല്‍
Rishabh Pant IPL: മുന്‍ സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചുള്ള 'ഫീഡ്ബാക്ക്' പന്തിനെ അറിയിച്ചിരുന്നെന്നും, എന്നാല്‍ അദ്ദേഹം പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിച്ചതെന്നും ജിന്‍ഡാല്‍
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്നു ഋഷഭ് പന്ത്. എന്നാല്‍ ഈ സീസണില്‍ താരലേലത്തിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തിയവരുടെ പട്ടികയില്‍ ഋഷഭുണ്ടായിരുന്നില്ല. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരെയായിരുന്നു ഡല്‍ഹി ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്.
ഋഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്താത്തതിന് പിന്നിലെ കാരണമെന്തായിരിക്കുമെന്നായിരുന്നു ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ഒടുവില്‍ അത് വെളിപ്പെടുത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ഥ് ജിൻഡാൽ.
മുന്‍സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചുള്ള ‘ഫീഡ്ബാക്ക്’ പന്തിനെ അറിയിച്ചിരുന്നെന്നും, എന്നാല്‍ അദ്ദേഹം പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിച്ചതെന്നും ജിന്‍ഡാല്‍ റെവ്‌സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
“ഞങ്ങൾ ഋഷഭുമായി ഒരുപാട് ചർച്ചകൾ നടത്തി. ഋഷഭില്‍ നിന്ന് പ്രതീക്ഷിച്ച കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്‍സീസണുകളില്‍ ലഭിച്ചില്ല. ഞങ്ങൾ അദ്ദേഹത്തിന് സത്യസന്ധമായ ഫീഡ്ബാക്ക് നല്‍കി. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ പ്രതികരണങ്ങൾ സ്വീകരിക്കപ്പെട്ടില്ല. തുടർന്ന് അദ്ദേഹം വൈകാരിക നടപടി സ്വീകരിച്ചു, ”പാർത്ഥ് ജിൻഡാൽ പറഞ്ഞു.
താനും ഫ്രാഞ്ചൈസിയുടെ സഹ ഉടമയായ കിരൺ കുമാർ ഗ്രാന്ധിയും പന്തിനെ ഫ്രാഞ്ചൈസിക്കൊപ്പം തുടരാൻ പ്രേരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ പന്ത് ഉറച്ച തീരുമാനമെടുത്തിരുന്നുവെന്നും ജിന്‍ഡാല്‍ വ്യക്തമാക്കി.
കോളടിച്ച് പന്ത്
സൗദി അറേബ്യയിലെ ജിദ്ദയിലെ അബാദി അൽ-ജോഹർ അരീനയിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലം ചരിത്രപ്പട്ടികയില്‍ ഇടം നേടി. താരലേലത്തിന്റെ ആദ്യ ദിവസം തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ 27 കോടി രൂപയ്ക്ക് സ്വന്തമാക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യ ഞെട്ടല്‍ സമ്മാനിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
ഈ നേട്ടപ്പട്ടികയില്‍ രണ്ടാമതുള്ളത് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസിനെ പഞ്ചാബ് കിങ്‌സ് റാഞ്ചിയത് 26.75 കോടി രൂപയ്ക്ക്. ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമെന്ന റെക്കോഡ് കുറച്ചുകാലത്തേക്കെങ്കിലും ശ്രേയസിന് സ്വന്തമെന്ന് കരുതിയ നിമിഷം. പക്ഷേ, ആ ചിന്തകള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ തന്നെ ഋഷഭ് പന്ത് ആ റെക്കോഡ് കൊണ്ടുപോയി.
ഐപിഎല്‍ 2025 മെഗാതാരലേലം ആരംഭിക്കുന്നതിന് മുമ്പ് ഈ നേട്ടം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് സ്വന്തമായിരുന്നു. കഴിഞ്ഞ തവണ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോഴാണ് സ്റ്റാര്‍ക്ക് ഈ റെക്കോഡിന് അവകാശമായത്. എന്നാല്‍ പന്തും, അയ്യരും കൂടി സ്റ്റാര്‍ക്കിനെ ഈ പട്ടികയില്‍ മൂന്നാമതാക്കി.
ഈ പട്ടികയില്‍ നാലാമതുള്ളത് വെങ്കടേഷ് അയ്യരാണ്. ഐപിഎല്‍ 2025 ലേലത്തിന്റെ ആദ്യ ദിനം 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷിനെ ടീമിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വെങ്കടേഷ് കൊല്‍ക്കത്തയുടെ താരമായിരുന്നെങ്കിലും ഇത്തവണ നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പ്രതിഫലത്തെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് താരത്തെ കൊല്‍ക്കത്ത തിരികെയെത്തിച്ചു. അതുകൊണ്ട് റീട്ടന്‍ഷന്‍ ലിസ്റ്റില്‍ കൊല്‍ക്കത്ത ഉള്‍പ്പെടുത്താത്തത് വെങ്കടേഷിന് അനുഗ്രഹമായെന്നും പറയാം.