Virat Kohli : ബിജിടി എഫക്ടില്‍ ആഭ്യന്തര ക്രിക്കറ്റിനോടുള്ള ‘മടി’ മാറ്റി ഇന്ത്യന്‍ താരങ്ങള്‍;മുംബൈ താരങ്ങളെ കണ്ടുപഠിക്കൂവെന്ന് കോഹ്ലിയോട് ഡല്‍ഹി അസോസിയേഷന്‍
Virat Kohli Ranji Trophy : സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐയുടെ നിര്‍ദ്ദേശം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യപ്പെടുന്നവര്‍ രഞ്ജി ട്രോഫി കളിക്കണമെന്ന് കഴിഞ്ഞ് അവലോകന യോഗത്തിലാണ് ബിസിസിഐ നിര്‍ദ്ദേശിച്ചത്. ടീം മാനേജ്‌മെന്റിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ മിക്ക താരങ്ങളും രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുകയാണ്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി(ബിജിടി)യില്‍ ഓസ്‌ട്രേലിയക്കെതിരെ നിരാശജനകമായ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ബിസിസിഐ കര്‍ശന നടപടികളിലേക്ക് കടക്കുകയാണ്. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു ഇതിലെ പ്രധാന നിര്‍ദ്ദേശം. ടീം മാനേജ്‌മെന്റിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ മിക്ക താരങ്ങളും രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുകയാണ്. രോഹിത് ശര്‍മ മുംബൈ ടീമിനൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. താരം രഞ്ജി ട്രോഫിയില്‍ കളിച്ചേക്കുമെന്നാണ് അഭ്യൂഹം. വിരാട് കോഹ്ലിയും, ഋഷഭ് പന്തും ഡല്‍ഹി ടീമിന്റെ പ്രാഥകമിക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഋഷഭ് പന്ത് രഞ്ജി കളിക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി അസോസിയേഷനെ അറിയിച്ചു.
ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവരും രഞ്ജി ട്രോഫി കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി ടീമിന്റെ പ്രാഥമിക പട്ടികയിലുണ്ടെങ്കിലും വിരാട് കോഹ്ലി രഞ്ജി ട്രോഫി കളിക്കുമോയെന്ന് വ്യക്തമല്ല. കോഹ്ലിയുമായി ബന്ധപ്പെട്ട് അനിശ്ചിതമേറുന്നതിനാല്‍ താരത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍.
ജനുവരി 23 ന് ആരംഭിക്കുന്ന സൗരാഷ്ട്രയ്‌ക്കെതിരായ ഡൽഹിയുടെ അടുത്ത രഞ്ജി ട്രോഫി മത്സരം കളിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അശോക് ശര്‍മ്മ കോഹ്ലിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുംബൈ ക്രിക്കറ്റ് കളിക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടി കളിക്കാന്‍ വിരാട് കോഹ്ലി തയ്യാറാകണമെന്ന് അശോക് ശര്‍മ്മ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
“വിരാട് കോഹ്‌ലിയുടെ പേരും സാധ്യതാ പട്ടികയിൽ ഉണ്ട്. ജനുവരി 23ന് രാജ്‌കോട്ടില്‍ സൗരാഷ്ട്രയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുമെന്ന് ഋഷഭ് പന്ത് സ്ഥിരീകരിച്ചു. മുംബൈ താരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമയം കിട്ടുമ്പോഴെല്ലാം ഡല്‍ഹിക്ക് വേണ്ടി വിരാട് കളിക്കണം. മുംബൈയിലേക്ക് നോക്കൂ. സമയം കിട്ടുമ്പോഴെല്ലാം ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി ട്രോഫിക്ക് എത്തുന്ന ഒരു സംസ്‌കാരം അവിടെ എല്ലായ്‌പ്പോഴുമുണ്ട്. വടക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ അങ്ങനെയില്ല. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കണമെന്ന് ബിസിസിഐ പറഞ്ഞിട്ടുണ്ട്. വിരാട് കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിക്കുമെന്ന് ഞാൻ കരുതുന്നു”-അശോക് ശര്‍മ്മ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഹ്‌ലി ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും, എന്നാല്‍ മറ്റ് ചില ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രസിഡന്റ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ രോഹൻ ജെയ്റ്റ്‌ലിയുടെ പ്രതികരണം.
താരങ്ങള്‍ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, അവര്‍ ഫിറ്റ്‌നസിലും മുകളിലായിരിക്കണം. ആഭ്യന്തര ക്രിക്കറ്റിലെ പ്രാതിനിധ്യം പ്രധാനമാണ്. നാഷണല്‍ ഡ്യൂട്ടിയിലാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാനാകില്ല. അല്ലാത്തപ്പോള്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെ അവരുടെ മുന്‍ഗണനാ പട്ടികയില്‍ നിലനിര്‍ത്തേണ്ടതെന്ന് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യപ്പെടുന്നവര്‍ രഞ്ജി ട്രോഫി കളിക്കണമെന്ന് കഴിഞ്ഞ് അവലോകന യോഗത്തിലാണ് ബിസിസിഐ നിര്‍ദ്ദേശിച്ചത്.