IPL Mega Auction 2025: ബൗളിംഗ് ആക്ഷനിൽ സംശയം; ഇന്ത്യൻ താരത്തെ വിലക്കിയേക്കും, റിപ്പോർട്ട്
Deepak Hooda Bowling Action: ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും ഹൂഡ കളത്തിലിറങ്ങി. ടി20-യിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 368 റൺസാണ് താരത്തിന്റെ സമ്പാദ്യം. 2023 ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെയായിരുന്നു ദീപക് ഹൂഡയുടെ അവസാന ടി20 മത്സരം.
ഐപിഎൽ മെഗാ താരലേലത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ താരങ്ങളുടെ ബൗളിംഗ് ആക്ഷൻ സംശയത്തിന്റെ നിഴലിൽ. ദീപക് ഹൂഡ, സൗരഭ് ദുബെ, കെ.സി കാരിയപ്പ എന്നിവരുടെ ആക്ഷനാണ് ബിസിസിഐയുടെ സംശയത്തിലുള്ളത്. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്ന ദീപക് ഹൂഡയെയാണ് സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയിൽ ബിസിസിഐ അവസാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൾറൗണ്ടറായ ദീപക് ഹൂഡയെ വിലക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബൗളിംഗ് ആക്ഷൻ വിവാദത്തിലാണ് ബിസിസിഐ നടപടിയെടുക്കുന്നത്.
നേരത്തെ ബൗളിംഗ് ആക്ഷന്റെ പേരിൽ മനീഷ് പാണ്ഡെ, ശ്രീജിത്ത് കൃഷ്ണൻ എന്നിവരെ ബിസിസിഐ വിലക്കിയിരുന്നു. താരങ്ങൾക്ക് മേലുള്ള ബിസിസിഐയുടെ നിരീക്ഷണം തുടരും. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ബൗളിംഗിൽ നിന്ന് താരങ്ങളെ വിലക്കും. ലഖ്‌നൗവിനായി കഴിഞ്ഞ സീസണിൽ ഹൂഡ ബൗളിംഗിനിറങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയിട്ടില്ല. 145 റൺസും കഴിഞ്ഞ സീസണിൽ ലഖ്നൗവിനായി നേടി. എന്നാൽ മെഗാ താരലേലത്തിന് ഹൂഡയെ ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും ഹൂഡ കളത്തിലിറങ്ങി. ടി20-യിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 368 റൺസാണ് താരത്തിന്റെ സമ്പാദ്യം. 2023 ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെയായിരുന്നു ദീപക് ഹൂഡയുടെ അവസാന ടി20 മത്സരം.
ഐപിഎൽ മെഗാ താരലേലം നാളെ ( നവംബർ 24 ഞായറാഴ്ച) സൗദി അറേബ്യയിലെ ജിദ്ദയിലാണ് നടക്കുക. നാളെ ആരംഭിക്കുന്ന ലേലം മറ്റന്നാളും (നവംബർ 25 തിങ്കളാഴ്ച) തുടരും. ഇന്ത്യൻ സമയം വെെകിട്ട് 3 മണിക്ക് അബാദി അൽ ജോഹർ അരീനയിൽ(ബെഞ്ച്‌മാർക്ക് അരീന) ലേലം ആരംഭിക്കും. സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ ലേലത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ജിയോ സിനിമയിലും ലേലം തത്സമയം കാണാം. 1577 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1166 പേർ ഇന്ത്യൻ താരങ്ങളും 411 പേർ വിദേശി താരങ്ങളുമാണ്. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സൗരഭ് നേത്രവൽക്കർ, മുംബെെ സ്വദേശി ഹാർദ്ദിക് തമോർ എന്നിവരെ വെെൽഡ് കാർഡ് എൻട്രിയായി ബിസിസിഐ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
42 കാരനായ ജെയിംസ് ആൻഡേഴ്സൺ താരലേലത്തിനുള്ള പട്ടികയിൽ ഇടംപിടിച്ചു. 25 താരങ്ങളടങ്ങിയതാണ് ഓരോ ടീമിന്റെയും സ്ക്വാഡ്. 204 താരങ്ങളാണ് ലേലത്തിലൂടെ വിവിധ ടീമുകളിലേക്ക് എത്തുക. 46 താരങ്ങളെയാണ് റീട്ടെൻഷനിലൂടെ ടീമുകൾ നിലനിർത്തിയത്. സൂപ്പർ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി എന്നിവർ മാർക്വീ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
രണ്ട് സെറ്റുകളായാണ് മാർക്വീ താരങ്ങൾ ലേലത്തിനെത്തുന്നത്. ജോസ് ബട്ട്‌ലർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കഗിസോ റബാഡ, അർഷ്ദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ആദ്യ സെറ്റിലും യുസ്‍വേന്ദ്ര ചഹൽ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് മില്ലർ, കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവർ രണ്ടാം സെറ്റിലുമാണ് ഉൾപ്പെടുന്നത്. 2 കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വില. 81 താരങ്ങൾക്കാണ് അടിസ്ഥാന വിലയായ 2 കോടി ലഭിക്കുന്നത്. മാർക്വീ താരമായ ഡേവിഡ് മില്ലറിനാണ് 1.50 കോടി രൂപ അടിസ്ഥാന വിലയുള്ളത്.