D Gukesh : കരുനീക്കാന്‍ മാത്രമല്ല, കണക്കിന് കൊടുക്കാനും അറിയാമെന്ന് തെളിയിച്ച് ഗുകേഷ്; കാള്‍സന്റെ വിമര്‍ശനത്തിന് ലോകചാമ്പ്യന്റെ കലക്കന്‍ മറുപടി
World Champion D Gukesh reacts : 'ചെസിന്റെ അവസാന'മെന്നായിരുന്നു ക്രാംനിക്കിന്റെ വിമര്‍ശനം. ഒരു ഓപ്പണ്‍ ടൂര്‍ണമെന്റിലെ രണ്ടോ, മൂന്നോ റൗണ്ട് പോലെയാണ് തോന്നിയതെന്നായിരുന്നു മാഗ്നസ് കാള്‍സണിന്റെ പരിഹാസം
ഡിങ് ലിറണിനെതിരെ നടന്ന ഫൈനല്‍ മത്സരത്തെക്കുറിച്ച് മാഗ്നസ് കാള്‍സണ്‍ നടത്തിയ വിമര്‍ശനത്തിന് തകര്‍പ്പന്‍ മറുപടിയുമായി ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്. ഈ വിജയത്തോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി 18കാരന്‍ ഗുകേഷ് മാറിയിരുന്നു.
അവസാന ഗെയിമില്‍ ഡിങ് ലിറന് പറ്റിയ അബദ്ധമടക്കം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ‘ക്വാളിറ്റി’ സംബന്ധിച്ചായി പിന്നീടുള്ള ചര്‍ച്ചകള്‍. മുന്‍ ചാമ്പ്യന്‍മാരായ മാഗ്നസ് കാള്‍സണും, വ്‌ളാദിമിര്‍ ക്രാംനിക്കുമായിരുന്നു വിമര്‍ശനമുന്നയിച്ചവരില്‍ പ്രധാനികള്‍. ‘ചെസിന്റെ അവസാന’മെന്നായിരുന്നു ക്രാംനിക്കിന്റെ വിമര്‍ശനം. ഒരു ഓപ്പണ്‍ ടൂര്‍ണമെന്റിലെ രണ്ടോ, മൂന്നോ റൗണ്ട് പോലെയാണ് തോന്നിയതെന്നായിരുന്നു മാഗ്നസ് കാള്‍സണിന്റെ പരിഹാസം.
ഈ അഭിപ്രായങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഗുകേഷിനോടും ചോദിച്ചു. മാഗ്നസ് കാള്‍സണിന്റെ അഭിപ്രായം വേദനിപ്പിച്ചോ എന്നായിരുന്നു ചോദ്യം. ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ചെസ് കൊണ്ട് മാത്രമല്ലെന്നും, ആര്‍ക്കാണ് മികച്ച ‘ക്യാരക്ടറും’ ഇച്ഛാശക്തിയും ഉള്ളത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നുമായിരുന്നു ഗുകേഷ് നല്‍കിയ മറുപടി. ചില മത്സരങ്ങളില്‍ നിലവാരം ഉയര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
“ചില ഗെയിമുകളിൽ ക്വാളിറ്റി ഉയർന്നതായിരിക്കില്ലെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തീരുമാനിക്കുന്നത് ചെസ്സ് കൊണ്ട് മാത്രമല്ല. ആര്‍ക്കാണ് മികച്ച ക്യാരക്ടറും, ഇച്ഛാശക്തിയും ഉള്ളത് എന്നതിനെയും ആശ്രയിച്ചിരിക്കും. ആ ഗുണങ്ങൾ ഞാൻ നന്നായി കാണിച്ചുവെന്ന് ഞാൻ കരുതുന്നു”-ഗുകേഷ് പറഞ്ഞു.
മികച്ച നിലവാരത്തില്‍ തനിക്ക് കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണായക നിമിഷങ്ങളില്‍ സ്‌ട്രൈക്ക് ചെയ്ത് വിജയം നേടാനായെന്നും അതില്‍ സന്തോഷമുണ്ടെന്നും ഗുകേഷ് വ്യക്തമാക്കി. അതേസമയം, ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഗുകേഷിനെയോ, മറ്റ് താരങ്ങള്‍ക്കെതിരെയോ മത്സരിക്കാനുള്ള സാധ്യതകളും കാള്‍സണ്‍ തള്ളിക്കളഞ്ഞിരുന്നു.
താരങ്ങളുടെ പിഴവുകള്‍ മത്സരത്തെ ആവേശകരമാക്കുന്നുവെന്നായിരുന്നു ലോക ചെസ് ഫെഡറേഷന്‍ (FIDE) പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍ക്കോവിച്ച് പറഞ്ഞത്. വിമര്‍ശനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നായിരുന്നു ഗുകേഷിന് വിശ്വനാഥന്‍ ആനന്ദ് നല്‍കിയ ഉപദേശം.
”വളരെ സന്തോഷമുണ്ട്. ചരിത്രം സൃഷ്ടിക്കപ്പെടുന്നത് കാണുകയായിരുന്നു. എല്ലാ മത്സരങ്ങളിലും വിമര്‍ശനം വരും. അത് അവഗണിക്കുക. അത്രമാത്രം”-എന്നായിരുന്നു ആനന്ദിന്റെ വാക്കുകള്‍.
Read Also : ഇത് കോടികൾ ഒഴുകുന്ന കളി; ലോക ചെസ് കിരീടം സ്വന്തമാക്കിയ ഗുകേഷിന് എത്ര തുക ലഭിക്കും?
ഞാനല്ല, മാഗ്നസാണ് മികച്ച താരമെന്ന് ഗുകേഷ്
നേട്ടങ്ങള്‍ ഓരോന്നായി തേടിയെത്തുമ്പോഴും ഭവ്യതയാണ് ഗുകേഷിനെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. ലോക ചാമ്പ്യനായി എന്നതുകൊണ്ട് താന്‍ മികച്ച താരമാണെന്ന് അര്‍ത്ഥമില്ലെന്നും, മാഗ്നസ് കാള്‍സണാണ് മികച്ചതെന്നുമായിരുന്നു ഗുകേഷ് നേരത്തെ പറഞ്ഞത്.
“സാധ്യമായ ഏറ്റവും കൂടുതൽ കാലം ടോപ്പ് ലെവലിൽ കളിക്കണമെന്നാണ് ലക്ഷ്യം. യാത്ര തുടങ്ങിയിട്ടേയുള്ളൂ. വളരെ നീണ്ട കരിയര്‍ വേണം. ടോപില്‍ തുടരണം. ലോക ചാമ്പ്യൻഷിപ്പിൽ മാഗ്നസിനെതിരെ കളിക്കാനായാല്‍ അത് അതിശയകരമായിരിക്കും. ചെസ്സിലെ ഏറ്റവും കഠിനമായ വെല്ലുവിളിയായിരിക്കും അത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെ എന്നെത്തന്നെ പരീക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”-ഗുകേഷിന്റെ വാക്കുകള്‍.