Vinod Kambli: വിനോദ് ക്ലാംബിക്ക് സഹായ ഹസ്തവുമായി കപിൽ ദേവ്; മുന്നിൽ ഒരു നിബന്ധന മാത്രം
Kapil Dev Offers Help for Vinod Kambli: 1991-ലാണ് വിനോദ് കാംബ്ലി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറുന്നത്. 2000 വരെ ഇന്ത്യൻ ടീമിൽ കളിച്ചെങ്കിലും 2009-ൽ വിരമിക്കൽ പ്രഖ്യാപിച്ചു.
വിനോദ് ക്ലാംബി, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. കഴിവ് മാത്രം പോരാ ക്രിക്കറ്റിന്റെ ഉന്നതികളിലേക്ക് എത്താൻ എന്ന് തെളിയിച്ച ജീവിക്കുന്ന രക്തസാക്ഷി. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത് സച്ചിൻ അച്ചടക്കവും കഠിനാധ്വാനവും കൊണ്ട് ദെെവമായി വളർന്നപ്പോൾ അദ്ദേഹത്തിനൊപ്പം കളിച്ച് വളർന്ന വിനോദ് ക്ലാംബിയുടെ ക്രിക്കറ്റ് കരിയർ എവിടെയുമെത്താതെ പോയി. ഇരുവരെയും ക്രിക്കറ്റ് പരിശീലിപ്പിച്ച രമാകാന്ത് അച്രേക്കറുടെ ശിവജി പാർക്കിലെ സ്മാരകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും കണ്ടുമുട്ടിയിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ, സാമ്പത്തിക പരമായും ആരോഗ്യപരമായും ബുദ്ധിമുട്ടുന്നുന്ന വിനോദ് കാംബ്ലിയെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് 1987-ലെ ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താന്മാർ. അമിത മദ്യപാനമാണ് കാംബ്ലിയെ ക്രിക്കറ്റിലെ സഹപ്രവർത്തകരിൽ നിന്ന് അകറ്റിയത്. മദ്യപാനം നിർത്തുന്നതിനായി കാംബ്ലി ഡി അഡിക്ഷൻ സെന്ററിൽ പോകാൻ തയ്യാറായാൽ അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാണെന്നാണ് മുൻ ഇന്ത്യൻ താരം സീമർ ബൽവീന്ദർ സിംഗ് സന്ധു പറഞ്ഞു. കപിൽ ദേവുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സഹായിക്കാൻ തയ്യാറാണ്. സാമ്പത്തികമായി അവനെ അദ്ദേഹം സഹായിക്കുമെന്ന് ഉറപ്പാണ്.
മദ്യപാനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടാൻ വിനോദ് കാംബ്ലി തയ്യാറായാൽ, ചികിത്സാ ചെലവ് പൂർണമായും വഹിക്കാൻ ഞങ്ങൾ തയ്യാറാണ്. – സന്ധു പറഞ്ഞു.
ALSO READ: പ്രതിഭ കൊണ്ട് മാത്രം കാര്യമില്ല, ക്രിക്കറ്റിലെ പാഠപുസ്തകം; നൊമ്പരമാകുന്ന വിനോദ് കാംബ്ലി
എന്നാൽ വിനോദ് കാംബ്ലി മദ്യപാനത്തിനെതിരെ ചികിത്സ തേടുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹത്തെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും കാംബ്ലിയുമായി അടുപ്പമുള്ള മുൻ ഫസ്റ്റ് ക്ലാസ് അമ്പയർ മാർക്കസ് കൂട്ടോ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു മാർക്കസ് കൂട്ടോയുടെ വെളിപ്പെടുത്തൽ. “കാംബ്ലി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടുന്നതിൽ അർത്ഥമില്ല. 14 തവണയാണ് അദ്ദേഹം ഇതിന് മുമ്പ് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയത്. ഞാൻ മൂന്ന് തവണ അദ്ദേഹത്തെ ഡി അഡിക്ഷൻ സെന്ററിൽ ആക്കിയിട്ടുണ്ടെന്നും കൂട്ടോ കൂട്ടിച്ചേർത്തു.
രമാകാന്ത് അച്രേക്കറുടെ സ്മാരകം അനാച്ഛാദനം ചെയ്യുന്നതിനിടെ കാംബ്ലി സച്ചിന്റെ കെെ മുറുകെ പിടിക്കുന്നതും, മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തം ഇരിപ്പിടത്തിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ കാംബ്ലി കെെവിട്ടിരുന്നില്ല. പിന്നീട് സംഘാടകരെത്തിയാണ് സച്ചിനെ ഇരിപ്പിടത്തിൽ എത്തിച്ചത്. 1991-ലാണ് വിനോദ് കാംബ്ലി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറുന്നത്. 2000 വരെ ഇന്ത്യൻ ടീമിൽ കളിച്ചെങ്കിലും 2009-ൽ വിരമിക്കൽ പ്രഖ്യാപിച്ചു. 1989ലാണ് സച്ചിൻ ഇന്ത്യൻ ടീമിൽ അരങ്ങേറിയതെങ്കിൽ 2013 വരെ ദേശീയ ടീമിന്റെ നട്ടെല്ലായി മാറി. എന്നാൽ അച്ചടക്കമില്ലായ്മയും മോശം ഫോമുമാണ് കാംബ്ലിയെ സെലക്ടർമാർ തഴയാൻ കാരണം.
2009-ലാണ് വിനോദ് കാംബ്ലി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും എല്ലാമറിഞ്ഞിട്ടും സച്ചിൻ തന്നെ സഹായിക്കാൻ തയ്യാറാകുന്നില്ലെന്നും സച്ച് കാ സാമ്ന എന്ന ടെലിവിഷൻ ഷോയിൽ സംസാരിച്ചതോടെയാണ് കാംബ്ലി വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.