Copa America 2024 : കോപ്പ ക്വാർട്ടർ ലൈനപ്പായി; അർജൻ്റീനയ്ക്ക് ഇക്വഡോറും ബ്രസീലിന് ഉറുഗ്വെയും എതിരാളികൾ
Copa America 2024 Quarter Final Lineup : കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയെ ഇക്വഡോറും റണ്ണേഴ്സ് അപ്പ് ബ്രസീലിനെ ഉറുഗ്വെയും നേരിടും. ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായി അർജൻ്റീന ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീലിൻ്റെ വരവ്.
ഇത്തവണത്തെ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ലൈനപ്പായി. അർജൻ്റീന, ഇക്വഡോർ, ബ്രസീൽ, ഉറുഗ്വെ, വെനിസ്വേല, കാനഡ, കൊളംബിയ, പനാമ എന്നീ ടീമുകളാണ് കോപ്പ ക്വാർട്ടറിലേക്ക് ഇടം നേടിയത്. ഈ മാസം അഞ്ച് മുതൽ ഏഴ് വരെ ക്വാർട്ടറും 10, 11 തീയതികളിൽ സെമിഫൈനലും 15ന് ഫൈനലും നടക്കും.
നിലവിലെ ജേതാക്കളായ അർജൻ്റീനയ്ക്ക് ഇക്വഡോറും റണ്ണേഴ്സ് അപ്പായ ബ്രസീലിന് ഉറുഗ്വെയുമാണ് ക്വാർട്ടർ എതിരാളികൾ. വെനിസ്വേല കാനഡയെ നേരിടുമ്പോൾ കൊളംബിയക്ക് പനാമയാണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ആധികാരികമായാണ് നിലവിലെ ജേതാക്കളായ അർജൻ്റീന അവസാന എട്ടിലെത്തുന്നത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്നു കാനഡ. ഗ്രൂപ്പ് ഡിയിൽ കേവലം ഒരു മത്സരം മാത്രം വിജയിച്ച് രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയാണ് ബ്രസീൽ എത്തുന്നത്. ഗ്രൂപ്പിൽ കൊളംബിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായ ബ്രസീൽ കേവലം ഒരു പോയിൻ്റ് വ്യത്യാസത്തിലാണ് ക്വാർട്ടർ ടിക്കറ്റെടുത്തത്.
Also Read : Euro Cup 2024 : സ്പാനിഷ് കരുത്തിൽ വീണ് ജോർജിയ; ഒന്നിനെതിരെ നാല് ഗോൾ ജയത്തോടെ സ്പെയിൻ ക്വാർട്ടറിൽ
ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് വെനിസ്വേല ഒന്നാം സ്ഥാനക്കാരായപ്പോൾ ഓരോ ജയവും തോൽവിയും സമനിലയുമായി ഇക്വഡോർ രണ്ടാമതെത്തി. ഗ്രൂപ്പിൽ മെക്സിക്കോയ്ക്കും ഇതേ പോയിൻ്റായിരുന്നു എങ്കിലും ഗോൾ വ്യത്യാസത്തിലാണ് ഇക്വഡോറിൻ്റെ രണ്ടാം സ്ഥാനം. ഗ്രൂപ്പ് സിയിൽ മൂന്ന് കളിയും ജയിച്ച് ഉറുഗ്വെ അനായാസം ക്വാർട്ടറിലെത്തിയപ്പോൾ രണ്ട് കളി ജയിച്ച് പനാമ രണ്ടാമതെത്തി. നാല് ഗോൾ നേടിയ അർജൻ്റീനയുടെ ലൗട്ടാരോ മാർട്ടിനസാണ് കോപ്പയിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ.
ഇന്നലെ കൊളംബിയയും ബ്രസീലിലും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. 12ആം മിനിട്ടിൽ റഫീഞ്ഞയുടെ ആദ്യം ലീഡെടുക്കാൻ ബ്രസീലിനായി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മുനോസിലൂടെ കൊളംബിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഗോളുകൾ പിറന്നില്ല. വളരെ മോശം പ്രകടനമാണ് ഇന്നലെ ബ്രസീൽ കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ അവർക്ക് ക്വാർട്ടർ പോരാട്ടം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാവും. ഇന്നലെ കൊളംബിയക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ക്വാർട്ടർ കളിക്കില്ല. ഇതും ബ്രസീലിന് തിരിച്ചടിയാവും.
ക്വാർട്ടർ ഫൈനൽ മത്സരക്രമം ഇങ്ങനെ :
അർജന്റീന vs ഇക്വഡോർ – ജൂലൈ 5, രാവിലെ 6.30 (ഇന്ത്യൻ സമയം)
വെനിസ്വേല vs കാനഡ – ജൂലൈ 6, രാവിലെ 6.30 (ഇന്ത്യൻ സമയം)
കൊളംബിയ vs പനാമ – ജൂലൈ 7, പുലർച്ചെ 3.30 (ഇന്ത്യൻ സമയം)
ബ്രസീൽ vs ഉറുഗ്വേ – ജൂലൈ 7, രാവിലെ 6.30 (ഇന്ത്യൻ സമയം)