Copa America 2024 : അവസാന നിമിഷം സമനില പൂട്ട് പൊളിച്ചു; കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർ ജയം
Copa America 2024 Argentina vs Chile Highlights : 88-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ലൗത്താരോ മാർട്ടിനെസാണ് അർജൻ്റീനയ്ക്കായി വിജയഗോൾ കണ്ടെത്തിയത്. ടൂർണമെൻ്റിലെ മാർട്ടിനെസിൻ്റെ രണ്ടാമത്തെ ഗോളാണിത്.
കോപ്പ അമേരിക്കയിൽ (Copa America 2024) ചിലിയുടെ സമനില പൂട്ട് പൊളിച്ച് അർജൻ്റീനയ്ക്ക് (Argentina vs Chile) തുടർച്ചയായ രണ്ടാം ജയം. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് നിലവിലെ ചാമ്പ്യന്മാർ വിജയഗോൾ നേടുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിക്കെതിരെ ലോകകപ്പ് ജേതാക്കളുടെ വിജയം. മത്സരത്തിൻ്റെ 88-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ സ്ട്രൈക്കർ താരം ലൗത്താരോ മാർട്ടിനെസാണ് (Lautaro Martinez) നിലവില കോപ്പ ചാമ്പ്യന്മാർക്കായി ഗോൾ കണ്ടെത്തുന്നത്. ജയത്തോടെ ആറ് പോയിൻ്റുമായി അർജൻ്റീന ഗ്രൂപ്പ എയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ഗോൾ പിറക്കാതെ ആദ്യപകുതി
തുടക്കം മുതൽ തന്നെ അർജൻ്റീന തങ്ങളുടെ ആധിപത്യം ചിലിക്ക് മേൽ സ്ഥാപിക്കുകയായിരുന്നു. എന്നാൽ ലയണൽ മെസിയും സംഘവും നടത്തിയ ആക്രമണങ്ങൾ ചിലിയൻ പ്രതിരോധത്തിൽ തട്ടി അകന്ന് നിന്നു. ലഭിക്കുന്ന അവസരങ്ങളിൽ ചിലി പ്രത്യാക്രമണം നടത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ അതിന് സാധിച്ചിരുന്നില്ല. അർജൻ്റീനയുടെ ആധ്യപത്യത്തിൽ നിരവധി ഗോൾ അവസരങ്ങൾ പിറന്നെങ്കിലും ഒരു ലീഡ് പിറക്കാതെ ആദ്യപകുതി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും ചിലിയൻ ഗോൾമുഖത്തേക്ക് അർജിൻ്റീനിയൻ താരങ്ങൾ ആക്രമണങ്ങൾ തുടർന്നു. മെസിയുടെയും സംഘത്തിൻ്റെയും ആക്രമണത്തിന് മൂർച്ച് കൂട്ടാൻ അഞ്ചെലോ ഡിമരിയും ലൗത്താരോ മാർട്ടിനെസും പകരക്കാരായി കോച്ച് ലയണൽ സ്കലോണി കളത്തിൽ ഇറക്കി. തുടർന്ന് 88-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെയാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഗോൾ വല കുലുക്കാൻ സാധിച്ചത്.
ഗോൾ പിറന്നത് ഇങ്ങനെ
87-ാം മിനിറ്റിൽ മെസി താൻ എടുത്ത കോർണർ കിക്ക് ചിലിയൻ ഗോൾ പോസ്റ്റിലേക്ക് പായിച്ചു. തട്ടിയകറ്റിയ ക്ലാഡിയോ ബ്രാവോ അർജൻ്റീനയ്ക്ക് വീണ്ടും കോർണർ അനുവദിച്ച് നൽകി. 88-ാം മിനിറ്റിൽ മെസിയുടെ രണ്ടാമത്തെ കോർണർ അർജൻ്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റ്യൻ റോമേറോ ഓവർ ഹെഡ് കിക്കിലൂടെ പന്ത് ചിലിയൻ ഗോൾ പോസ്റ്റിലേക്ക് പായിച്ചു. ചിലിയുടെ കസ്റ്റോഡിയൻ ബ്രാവോ തൻ്റെ എട്ടാമത്തെ സേവ് അപ്പോൾ നടത്തിയെങ്കിലും പന്ത് നേരയെത്തിയത് അർജൻ്റീനയൻ സ്ട്രൈക്കർ ലൗത്താരോ മാർട്ടിനെസിൻ്റെ കാലിലേക്ക്. പകരക്കാരനായി എത്തിയ താരം കൃത്യമായി ചിലിയിൽ ഗോൾ വലയ്ക്കുള്ളിലേക്ക് പന്ത് പായിച്ചു. ഗോൾ വാറിൽ പുനഃപരിശോധിച്ചെങ്കിലും അത് പിൻവലിച്ചില്ല. തുടർന്ന് അഞ്ച് മിനിറ്റ് അധിക സമയം നൽകിയെങ്കിലും ചിലിക്ക് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
El gol que le dieron como válido a Argentina no tiene explicación alguna.
Murió el fútbol pic.twitter.com/ka1meVVOda
— Despliegue Fútbol (@DespliegueFutCL) June 26, 2024
ജയത്തോടെ ആറ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ അർജൻ്റീന ഒന്നാം സ്ഥാനം നിലനിർത്തി. ഗ്രൂപ്പ് എയിൽ ഇന്ന് ജൂൺ 26-ാം തീയതി നടന്ന മറ്റൊരു മത്സരത്തിൽ കാനഡ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. 74-ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡാണ് കാനഡയ്ക്കായി ഗോൾ നേടിയത്. 59-ാം മിനിറ്റിൽ പ്രതിരോധ താരം മിഗുവേൽ അരാഹുവോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതാണ് പെറുവിന് തിരിച്ചടിയായത്. കോപ്പ അമേരിക്കയിൽ നാളെ പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ ഇക്വഡോർ ജമൈക്കയെയും വെന്സ്വേല മെക്സിക്കോയെയും നേരിടും