Shama Mohamed: രോഹിത് ശർമ്മ തടിയൻ; ഭാഗ്യം കൊണ്ട് ക്യാപ്റ്റനായി, വിവാദ ട്വീറ്റ് മുക്കി കോൺഗ്രസ്സ് വക്താവ്
Shama Mohamed Tweet Controversy: മറ്റൊന്നുമില്ലാത്തതിനാൽ കോൺഗ്രസ്സ് ഇപ്പോൾ ക്രിക്കറ്റിന് പിന്നാലെയാണ് പോകുന്നത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട രാഹുൽ ഗാന്ധി ക്രിക്കറ്റ് കളിക്കാൻ പോകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടോ

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ തടിയൻ എന്ന് വിളിച്ച ട്വീറ്റ് മുക്കി കോൺഗ്രസ്സ് നേതാവ് ക്ഷമ മുഹമ്മദ്. ക്ഷമക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. രോഹിത് തടിയനാണെന്നും ശരീരഭാരം കുറയ്ക്കണമെന്നുമായിരുന്നു പോസ്റ്റ്. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമല്ലാത്ത ക്യാപ്റ്റൻ എന്ന വിശേഷണവും ക്ഷമ തൻ്റെ ട്വീറ്റിൽ ഉന്നയിച്ചിട്ടുണ്ട്. “മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തരമായി എന്താണ് അദ്ദേഹത്തിലുള്ളത്? അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്, അതുപോലെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്,” ക്ഷമ ട്വീറ്റ് ചെയ്തു.
ട്വീറ്റ് വിവാദമായതോടെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ഇതിന് പിന്നാലെ ക്ഷമക്കെതിരെ രംഗത്ത് എത്തി. മറ്റൊന്നുമില്ലാത്തതിനാൽ കോൺഗ്രസ്സ് ഇപ്പോൾ ക്രിക്കറ്റിന് പിന്നാലെയാണ് പോകുന്നത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട രാഹുൽ ഗാന്ധി ക്രിക്കറ്റ് കളിക്കാൻ പോകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് “ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. കോൺഗ്രസ് നേതാവിൻ്റെ പരാമർശം അവരുടെ പാർട്ടിയുടെ അടിയന്തിര മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്ന എല്ലാ ദേശസ്നേഹികളെയും അപമാനിക്കുന്നതാണെന്നും ബിജെപി ആരോപിച്ചു.
എന്നാൽ താൻ പറഞ്ഞത് പൊതുവായ പരാമർശം മാത്രമാണെന്നും ജനാധിത്യത്തിൽ തങ്ങൾക്ക് സംസാരിക്കാൻ അവകാശമില്ലേ എന്നും ക്ഷമ പറഞ്ഞു. കോൺഗ്രസ്സിൽ നിന്നുള്ള സമർദ്ദത്തിന് പിന്നാലെ ഷമ പോസ്റ്റ് പിൻവലിച്ചെന്നാണ് റിപ്പോർട്ട്. ക്ഷമയുടെ എക്സ് (ട്വിറ്റർ ) അക്കൌണ്ടിൽ ഇപ്പോൾ വിവാദ പോസ്റ്റില്ല.