Cheteshwar Pujara: “ഞാനുണ്ടായിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ജയിച്ചേനെ”; ഇന്ത്യക്കായി കളിക്കാൻ എപ്പോഴും തയ്യാറെന്ന് ചേതേശ്വർ പൂജാര
Cheteshwar Pujara About BGT 2024: ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ടീമിൽ താനുണ്ടായിരുന്നെങ്കിൽ ഇന്ത്യ മൂന്നാം തവണയും പരമ്പര നേടിയേനെ എന്ന് ചേതേശ്വർ പൂജാര. ഇന്ത്യക്കായി കളിക്കാൻ എപ്പോഴും തയ്യാറാണെന്നും പൂജാര റെവ്സ്പോർട്സിനോട് പ്രതികരിച്ചു.

ചേതേശ്വർ പൂജാര
ടീമിന് തന്നെ വേണമെങ്കിൽ താൻ കളിക്കാൻ തയ്യാറാണ് എന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സമീപകാലത്തായി പൂജാരയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. പൂജാര ഇല്ലാതെ ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര അടിയറവച്ച ഇന്ത്യ ഓസ്ട്രേലിയയിൽ പോയി ബോർഡർ – ഗവാസ്കർ ട്രോഫിയും തോറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായിരുന്നു. ഇനി ഐപിഎലിന് ശേഷം ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.
റെവ്സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കായി കളിക്കാൻ തയ്യാറാണെന്ന് പൂജാര അറിയിച്ചത്. “തീർച്ചയായും. ഒരു ക്രിക്കറ്ററെന്ന നിലയിൽ എപ്പോഴും ഇന്ത്യക്കായി കളിക്കാനാണ് ആഗ്രഹിക്കുന്നത്. അതിലേക്കെത്താൻ ആവശ്യമായതെല്ലാം ഞാൻ ചെയ്യുകയാണ്. ടീമിന് എന്നെ ആവശ്യമെങ്കിൽ ഞാൻ തയ്യാറാണ്. ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ട്. കുറേ വർഷങ്ങളായി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നു. ആഭ്യന്തര മത്സരങ്ങളിൽ നന്നായി കളിക്കുന്നു. അവസരം നൽകിയാൽ ഉറപ്പായും ഞാനത് രണ്ട് കൈകൊണ്ടും സ്വീകരിക്കും. കഴിഞ്ഞ വർഷം നടന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഞാൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും വിജയിച്ചേനെ. അതിലെനിക്ക് പൂർണമായ ആത്മവിശ്വാസമുണ്ട്. ഞാനുണ്ടായിരുന്നെങ്കിൽ നമ്മൾ ഹാട്രിക്കടിച്ചേനെ, അത് ഞാൻ നിരാകരിക്കുന്നില്ല.”- പൂജാര പറഞ്ഞു.
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിലേക്ക് പൂജാരയെ പരിഗണിച്ചിരുന്നില്ല. പകരം യുവതാരങ്ങൾക്ക് അവസരം നൽകുകയായിരുന്നു. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെയും ഫൈനലിലെത്തിയ ഇന്ത്യക്ക് ഇക്കൊല്ലം കലാശപ്പോരിലേക്ക് മുന്നേറാനായില്ല. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ തവണ ന്യൂസീലൻഡിനോടും കഴിഞ്ഞ തവണ ഓസ്ട്രേലിയയോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യ യോഗ്യത നേടാത്തതിൽ ഏറ്റവും നഷ്ടം ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിനാണ്. ഇന്ത്യ ഫൈനൽ കളിക്കാക്കത്തതിനാൽ നാല് മില്ല്യൺ പൗണ്ട് (ഏകദേശം 45 കോടി രൂപ) ആണ് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഏകദേശ നഷ്ടം. ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിൽ ഉയർന്ന വിലയ്ക്ക് ടിക്കറ്റ് വിൽക്കാമായിരുന്നു. എന്നാൽ, ഇന്ത്യ പുറത്തായതിനാൽ അത് സാധ്യമല്ല. ജൂൺ 11 മുതൽ 15 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.