ഭാവി സച്ചിൻ എന്ന് വിളിപ്പേര്, ലോകകപ്പ് നേടിയ ടീം നായകൻ; ഒടുവിൽ എവിടെയുമെത്താതെ പൃഥ്വി ഷാ | Check Prithvi Shaw disappointing Journey from being called next Sachin to Ranji Team Omission Malayalam news - Malayalam Tv9

Prithvi Shaw : ഭാവി സച്ചിൻ എന്ന് വിളിപ്പേര്, ലോകകപ്പ് നേടിയ ടീം നായകൻ; ഒടുവിൽ എവിടെയുമെത്താതെ പൃഥ്വി ഷാ

Prithvi Shaw disappointing Journey : ഒരുകാലത്ത് അടുത്ത സച്ചിൻ എന്നറിയപ്പെട്ട പൃഥ്വി ഷാ ഇപ്പോൾ അവിശ്വസനീയമായ തകർച്ചയിലാണ്. മുംബൈ രഞ്ജി ടീമിൽ നിന്ന് വരെ പുറത്താക്കപ്പെട്ട പൃഥ്വി ഷായുടെ നിരാശപ്പെടുത്തുന്ന ക്രിക്കറ്റ് കരിയർ.

Prithvi Shaw : ഭാവി സച്ചിൻ എന്ന് വിളിപ്പേര്, ലോകകപ്പ് നേടിയ ടീം നായകൻ; ഒടുവിൽ എവിടെയുമെത്താതെ പൃഥ്വി ഷാ

പൃഥ്വി ഷാ (Image Credits - Gallo Images/Getty Images)

Updated On: 

23 Oct 2024 18:10 PM

മുംബൈ രഞ്ജി ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റ് പിന്തുടരുന്നവരെ ഈ തീരുമാനം അത്ര അതിശയിപ്പിക്കില്ല. വർഷങ്ങളായി കളിക്കളത്തിനകത്തും പുറത്തും പൃഥ്വി ഷാ ഈയൊരു തിരസ്കരണത്തിലേക്കുള്ള യാത്രയിലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഭാവി സച്ചിൻ എന്ന വിളിപ്പേര് ലഭിച്ചയാളാണ് പൃഥ്വി. ഫൈനലിൽ ഓസ്ട്രേലിയയെ വീഴ്ത്തി 2018ൽ അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിക്കൊടുക്കുമ്പോൾ പൃഥ്വി ഷാ എന്ന ക്യാപ്റ്റന് കീഴിൽ കളിച്ചവരാണ് ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും റിയാൻ പരാഗുമൊക്കെ. ഇതിൽ ഗിൽ മൂന്ന് ഫോർമാറ്റിലും ദേശീയ ടീമിലെ പ്രധാന താരമായിക്കഴിഞ്ഞു. മറ്റ് രണ്ട് പേർ വൈറ്റ് ബോളിൽ കളിക്കുന്നു. എന്നാൽ, പൃഥ്വി ഷായ്ക്ക് രഞ്ജി ടീമിൽ പോലും ഇടം ലഭിക്കുന്നില്ല.

Also Read : Sanju Samson: ‘അന്ന് ​ഗൗതം ​ഗംഭീറിന്റെ മുഖത്ത് പോലും നോക്കാൻ മടിച്ചു’; തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ

പൃഥ്വി ഷാ ഭാവി സച്ചിൻ എന്ന് വിളിക്കപ്പെട്ടതിൽ ഒരു അതിശയകരമായ യാദൃശ്ചികതയുണ്ടായിരുന്നു. 2013 നവംബറിലാണ് സച്ചിൻ തെണ്ടുൽക്കർ വിരമിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ സച്ചിൻ വിരമിച്ച് നാല് ദിവസങ്ങൾക്ക് ശേഷം പൃഥ്വി ഷാ എന്ന 14 വയസുകാരൻ ഇന്ത്യൻ ക്രിക്കറ്റിൽ സ്വയം വിളംബരം ചെയ്തു. ഹാരിസ് ഷീൽഡ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റിസ്വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി പൃഥ്വി നേടിയത് 330 പന്തുകളില്‍ നിന്ന് 546 റണ്‍സായിരുന്നു. അന്ന് ഹാരിസ് ഷീൽഡിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. പൃഥ്വി ഷാ തൻ്റെ പ്രതിഭ വെളിപ്പെടുത്തിക്കഴിഞ്ഞു. പിന്നീട് ഏജ് ക്രിക്കറ്റിൽ തുടരെ പൃഥ്വി ഷാ കൂറ്റൻ സ്കോറുകൾ സ്വന്തമാക്കി. അതും വേഗത്തിലായിരുന്നു പൃഥ്വിയുടെ കളി. ഹാരിസ് ഷീൽഡിൽ തൻ്റെ ടീമിനെ രണ്ട് തവണ തുടരെ ചാമ്പ്യന്മാരാക്കിയ പൃഥ്വി ആഭ്യന്തര ക്രിക്കറ്റിൽ ഒരു അവിശ്വസനീയതയായി മാറുകയായിരുന്നു. മുംബൈ മിഡിൽ ഇൻകം ഗ്രൂപ്പ് ക്രിക്കറ്റ് ക്ലബിൽ കളിച്ചുകൊണ്ടിരിക്കെ പൃഥ്വിക്കൊപ്പം സച്ചിൻ തെണ്ടുൽക്കറിൻ്റെ മകൻ അർജുൻ തെണ്ടുൽക്കറും ഉൾപ്പെട്ടിരുന്നു എന്നത് ചരിത്രത്തിൻ്റെ മറ്റൊരു തമാശ.

ഇതിനിടെ ഇംഗ്ലണ്ടിലെ സ്കൂൾ ടൂർണമെൻ്റിൽ ക്ഷണം കിട്ടിയ പൃഥ്വി രണ്ട് മാസങ്ങൾക്ക് ശേഷം അവിടെനിന്ന് മടങ്ങുന്നത് 1446 റൺസും 68 വിക്കറ്റുമായാണ്. പിന്നീടും പൃഥ്വി ഇംഗ്ലണ്ടിൽ പല ടൂർണമെൻ്റുകളും കളിച്ചു. 14, 15 വയസുകളിൽ ഇംഗ്ലണ്ടിലെ പേസ് ബൗളിംഗ് കണ്ടീഷനുകളുമായി പരിചയിച്ച പൃഥ്വി ഇന്ത്യ അണ്ടർ 19 സെറ്റപ്പിലേക്കുള്ള ഓട്ടോമാറ്റിക് തിരഞ്ഞെടുപ്പായിരുന്നു. 17ആം വയസിൽ പൃഥ്വി മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറി. തൊട്ടടുത്ത സീസണിൽ രഞ്ജി ട്രോഫിയിൽ തുടരെ രണ്ട് സെഞ്ചുറികൾ. ആദ്യത്തെ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നാല് സെഞ്ചുറികൾ. തൊട്ടടുത്ത വർഷം ലെസസ്റ്റർഷെയറിനെതിരെ ലിസ്റ്റ് എയിലെ ആദ്യ സെഞ്ചുറി. അക്കൊല്ലം നടന്ന അണ്ടർ 19 ലോകകപ്പിൽ ടീമയക്കുമ്പോൾ ബിസിസിഐയ്ക്ക് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. ലോകകപ്പിൽ ശുഭ്മൻ ഗിൽ ഇന്ത്യയുടെ നട്ടെല്ലായപ്പോൾ ഇന്ത്യൻ ടോപ്പ് സ്കോറർമാരിൽ പൃഥ്വി രണ്ടാമതായിരുന്നു.

2018ൽ തന്നെയാണ് പൃഥ്വി ഐപിഎലിൽ അരങ്ങേറിയത്. സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ഡെയർഡെവിൾസിനായി അരങ്ങേറുമ്പോൾ പൃഥ്വിയുടെ പ്രായം 18 വയസ്. ഐപിഎലിൽ ഓപ്പൺ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു പൃഥ്വി. അതേ സീസണിൽ ഐപിഎലിൽ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പൃഥ്വി സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് പൃഥ്വി. അക്കൊല്ലം തന്നെ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിൽ അരങ്ങേറിയ പൃഥ്വി ഷാ മത്സരത്തിൽ സെഞ്ചുറിയടിച്ചു. അരങ്ങേറ്റത്തിൽ തന്നെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പൃഥ്വി സ്വന്തമാക്കി. പരമ്പരയിലെ താരമായിരുന്നു പൃഥ്വി ഷാ.

Also Read : Ind vs Nz : ‘സോഷ്യൽ മീഡിയ പറയുന്നതിൽ കാര്യമില്ല’; രാഹുലിനെ പിന്തുണയ്ക്കുമെന്ന് ഗംഭീർ; സർഫറാസ് തന്നെ പുറത്തിരുന്നേക്കും?

തൊട്ടതെല്ലാം പൊന്നാവുന്ന ഈ സ്വപ്നയാത്ര 2019ൽ അവസാനിച്ചു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പൃഥ്വി ഷായെ ബിസിസിഐ നിശ്ചിത കാലത്തേക്ക് സസ്പൻഡ് ചെയ്തു. സസ്പൻഷന് ശേഷം തിരികെ ടീമിൽ ഇടം നേടിയേങ്കിലും മോശം ഫോമിലെ തുടർന്ന് പൃഥ്വിയെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി. ഇതോടെ പൃഥ്വിയുടെ തകർച്ച ആരംഭിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ വല്ലപ്പോഴുമുണ്ടാവുന്ന ചില ഒറ്റപ്പെട്ട നല്ല പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ പൃഥ്വി ഷായുടെ ഫോം തകർന്നു. ഐപിഎലിലടക്കം പൃഥ്വി മോശം പ്രകടനങ്ങൾ തുടർക്കഥയാക്കി. ഇതോടെ ഫൈനൽ ഇലവനിൽ നിന്ന് ഡ്രോപ്പ് ചെയ്തു. വീണ്ടും പല വിവാദങ്ങളുമുണ്ടായി. ബാറ്റിംഗ് ടെക്നിക്കിലെ പ്രശ്നത്തെപ്പറ്റി പലരും പലതവണ പൃഥ്വിയെ ഉപദേശിച്ചെങ്കിലും അത് പരിഹരിക്കപ്പെട്ടില്ല. അതിന് ശ്രമിക്കാത്തതാണോ ശ്രമിച്ചിട്ടും നടക്കാത്തതാണോ എന്നറിയില്ല.

പ്രതിസന്ധികൾ പൃഥ്വി ഷായുടെ ഒപ്പമുണ്ടായിരുന്നു. കൗണ്ടി ക്രിക്കറ്റിൽ ചില നല്ല പ്രകടനങ്ങളുണ്ടായെങ്കിലും അതൊന്നും രഞ്ജിയിലുണ്ടായില്ല. ഇതിനിടെ ഫിറ്റ്നസ് പ്രശ്നങ്ങളും അച്ചടക്ക ലംഘനങ്ങളുമൊക്കെ പൃഥ്വിക്കൊപ്പം വിവാദങ്ങളായി വളർന്നു. മുംബൈ ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായും പൃഥ്വിക്ക് പ്രശ്നങ്ങളുണ്ടായി. ഇതിനൊടുവിലാണ് രഞ്ജി ടീമിൽ നിന്നുള്ള പുറത്താക്കൽ. ഒരുപാട് പ്രതീക്ഷകൾ നൽകി എവിടെയും എത്താതെ പോയ ഉദാഹരണങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ മുൻപും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു ഭാവിയിലേക്ക് പൃഥ്വി ഷാ എത്താതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

Related Stories
ഐപിഎൽ 2025: രാജസ്ഥാൻ റോയൽസ് നിലനിർത്തുക ഈ താരങ്ങളെ
1456 രൂപ മുതൽ ടിക്കറ്റ്; എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ ആരംഭിച്ചു
ഡൽഹിയിൽ നിന്ന് പുറത്തേക്ക്? ഋഷഭ് പന്തിനെ നോട്ടമിട്ട് ടീമുകൾ
പച്ചക്കറികൾ ചീഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ