ഹാര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും വഞ്ചിച്ചു; അര്‍ധസഹോദരന്‍ അറസ്റ്റില്‍
കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് വൈഭവ് ബിസിനസിന്റെ ലാഭം അനധികൃതമായി ഒരു പ്രത്യേക സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. 4.3 കോടി രൂപയാണ് വൈഭവ് ഇരുവരെയും പറ്റിച്ച് കൈക്കലാക്കിയത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും വഞ്ചിച്ച കേസില്‍ അര്‍ധസഹോദരന്‍ അറസ്റ്റില്‍. ബിസിനസില്‍ 4.3 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മുംബൈ പൊലീസാണ് ഇരുവരുടെയും അര്‍ധസഹോദരനായ വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കല്‍, ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
2021ല്‍ വൈഭവ് ഹാര്‍ദികിന്റെയും ക്രുണാലിന്റെയും പങ്കാളിത്തത്തോടെ പോളിമര്‍ കമ്പനി ആരംഭിച്ചു. 40 ശതമാനം പാണ്ഡ്യ സഹോദരന്മാരും 20 ശതമാനം വൈഭവും കമ്പനിയില്‍ നിക്ഷേപിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതേ അനുപാതത്തില്‍ തന്നെയായിരുന്നു ലാഭവിഹിതവും നിശ്ചയിച്ചിരുന്നത്.
എന്നാല്‍, കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് വൈഭവ് ബിസിനസിന്റെ ലാഭം അനധികൃതമായി ഒരു പ്രത്യേക സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. 4.3 കോടി രൂപയാണ് വൈഭവ് ഇരുവരെയും പറ്റിച്ച് കൈക്കലാക്കിയത്. സംഭവത്തെ തുടര്‍ന്ന് പാണ്ഡ്യ സഹോദരങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.