Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറും; ഇന്ത്യയുമായി ഒരിക്കലും കളിക്കില്ല: കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി പിസിബി
Champios Trophy 2025 PCB Is Goint To Withdraw From The Tournament : അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിക്കുന്നില്ല. പാകിസ്താനിലേക്കില്ലെന്ന് ബിസിസിഐ നിലപാടറിയിക്കുകയും ഹൈബ്രിഡ് മോഡൽ അനുവദിക്കില്ലെന്ന് പിസിബി ഉറപ്പിച്ച് പറയുകയും ചെയ്തു. ഒപ്പം, തങ്ങൾ ടൂർണമെൻ്റിൽ നിന്ന് പിന്മാറുമെന്നും പിസിബി അറിയിച്ചു.
2025 ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ആതിഥേയരായ പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ അറിയിച്ചതോടെയാണ് രാജ്യത്തെ പ്രധാന മാധ്യമമായ ഡോൺ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹൈബ്രിഡ് മോഡലിനോട് പിസിബി മുഖം തിരിക്കുന്നതിനാൽ, ഐസിസിയ്ക്ക് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ പാകിസ്താനിൽ നിന്ന് ആതിഥേയാവകാശം മാറ്റിയേക്കും. ഇങ്ങനെ സംഭവിച്ചാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കാനാണ് പിസിബിയുടെ തീരുമാനം.
ഇന്ത്യൻ ടീം പാകിസ്താനിലേക്ക് സഞ്ചരിക്കില്ല എന്ന് ബിസിസിഐ അറിയിച്ചതായി പിസിബി വ്യക്തമാക്കിയിരുന്നു. ബിസിസിഐ നിലപാടിനെതിരെ നിയമനടപടിയ്ക്കുള്ള സാധ്യതയടക്കം പിസിബി പരിശോധിക്കുന്നുണ്ട്. ഹൈബ്രിഡ് മോഡൽ അനുവദിക്കില്ലെന്നതാണ് പിസിബിയുടെ നിലപാട്. മുൻപ്, ഏഷ്യാ കപ്പ് അടക്കം പാകിസ്താൻ ആതിഥേയത്വം വഹിച്ചിരുന്ന ടൂർണമെൻ്റുകൾ ഇന്ത്യയുടെ നിലപാടനുസരിച്ച് ഹൈബ്രിഡ് ആക്കിയിരുന്നു. എന്നാൽ, ഇത്തവണ അത് നടപ്പില്ലെന്നാണ് പിസിബി നിലപാട്. അതുകൊണ്ട് തന്നെ ഒന്നുകിൽ പാകിസ്താനിൽ കളിക്കുക, അല്ലെങ്കിൽ ടൂർണമെൻ്റിൽ കളിക്കാതിരിക്കുക എന്നീ രണ്ട് നിലപാടുകളേ ബിസിസിഐക്ക് ഇവിടെ എടുക്കാനാവൂ. പാകിസ്താനിൽ കളിക്കില്ലെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശത്തോടെ ബിസിസിഐ ഉറച്ച നിലപാട് എടുത്തുകഴിഞ്ഞു. അങ്ങനെയെങ്കിൽ ടൂർണമെൻ്റ് കളിക്കാതിരിക്കുക എന്നതാണ് അടുത്ത ഓപ്ഷൻ.
എന്നാൽ, ഇതിന് ഐസിസി തയ്യാറാവുമോ എന്നതാണ് കണ്ടറിയേണ്ടത്. ഐസിസിക്ക് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്ന ക്രിക്കറ്റ് ബോർഡാണ് ഇന്ത്യ. ഐസിസി നിയുക്ത ചെയർമാൻ ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിനെ ടൂർണമെൻ്റിൽ പങ്കെടുപ്പിക്കാതിരിക്കാൻ ഐസിസി തയ്യാറാവില്ല. അങ്ങനെ വരുമ്പോൾ പാകിസ്താനിൽ നിന്ന് ആതിഥേയാവകാശം എടുത്തുകളയാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കാനാണ് പിസിബി തീരുമാനിച്ചിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനൊപ്പം ഇനിയുള്ള ഒരു എസിസി, ഐസിസി ടൂർണമെൻ്റുകളിലും ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്താൻ തയ്യാറാവില്ല എന്നും പിസിബി നിലപാടെടുക്കുന്നു. ഇത് ഐസിസിയ്ക്കും എസിസിയ്ക്കും കനത്ത തിരിച്ചടിയാവും. ഇന്ത്യ – പാകിസ്താൻ മത്സരമാണ് ഈ അസോസിയേഷനുകൾക്ക് ഏറ്റവുമധികം ലാഭം നൽകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ – പാകിസ്താൻ മത്സരം മറ്റേത് മത്സരത്തെക്കാൾ മാർക്കറ്റ് ചെയ്യാറുമുണ്ട്. എന്നാൽ, പാകിസ്താൻ ഇങ്ങനെ തീരുമാനമെടുത്താൽ അത് മറ്റ് പ്രതിസന്ധികളുണ്ടാക്കും. ഈ പ്രതിസന്ധിയെ എങ്ങനെയാണ് ഐസിസിയും ബിസിസിഐയും മറികടക്കുക എന്നാണ് ഇനി അറിയേണ്ടത്.